Breaking NewsKERALANEWSTop News

ഈട്ടിമര കൊള്ളയിൽ സമ​ഗ്ര അന്വേഷണവുമായി വനംവകുപ്പ്; കൊള്ളക്കാർക്ക് സഹായകമായത് റവന്യൂ വകുപ്പിന്റെ ഉത്തരവും; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് മുട്ടിലിലെ ഈട്ടിമരം മുറിച്ചു കടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണവുമായി വനം വകുപ്പ്. വനം വിജിലൻസ് സിസിഎഫിനാണ് അന്വേഷണ ചുമതല. വിഅതേസമയം, സംഭവത്തിൽ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. റവന്യൂ വകുപ്പ് ഉത്തരവിന്റെ മറവിൽ ഏതൊക്കെ ജില്ലകളിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന് വിവരങ്ങളാണ് അന്വേഷണ സംഘം പ്രാഥമികമായി ശേഖരിക്കുന്നത്. ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്ഥർ തന്നെ പങ്കുവെക്കുന്നു. വനംമന്ത്രി വിളിച്ച യോഗത്തിൽ ഉദ്യോ​ഗസ്ഥർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറി നടന്നതെന്ന ആരോപണവുമായി ഇടനിലക്കാരന്‍ തങ്കച്ചന്‍ ചാക്കോ രംഗത്തുവന്നു. തെറ്റിദ്ധരിപ്പിക്കാന്‍ എത്തിയ സംഘത്തില്‍ റവന്യു വനം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം. മുട്ടില്‍ മാത്രമല്ല ജില്ലയിലെ വിവിധയിടങ്ങളിലും ഈട്ടിമരം മുറിച്ചുവെന്ന് തങ്കച്ചന്‍ പറയുന്നു. തങ്കച്ചന്‍റെ ആരോപണത്തെകുറിച്ചും വനംവകുപ്പ് അന്വേഷണം തുടങ്ങി. മരംകൊള്ളയിൽ വനം വകുപ്പിനും പങ്കെന്ന് മരം മുറിച്ച കരാറുകാരൻ ഹംസ വെളിപ്പെടുത്തിയിരുന്നു. മരം മുറിക്കുമ്പോൾ വിവിധ തോട്ടങ്ങളിൽ വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. മരം മുറിക്കാൻ തന്നെ കരാർ ഏൽപ്പിച്ചത് തെറ്റായ രേഖകൾ കാണിച്ചാണെന്നും ഹംസ പറഞ്ഞു.

മരം കൊള്ളക്കാർക്ക് വേണ്ടി മുറിച്ച് നൽകിയത് ഹംസയാണ്. കേസിൽ പ്രതിയാണ് കരാറുകാരനായ ഹംസ. പ്രതികളിൽ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും നിരവധി തവണ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഹംസ പറയുന്നു. സർക്കാർ ഉത്തരവിന്റെ മറവിൽ മൂന്ന് വർഷത്തേയ്ക്ക് മരം കടത്താനായിരുന്നു പദ്ധതിയിട്ടത്. ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമികളിൽ നിന്നും കഴിഞ്ഞ ഡിസംബർ- ജനുവരി മാസങ്ങളിലാണ് നൂറിലധികം വർഷം പഴക്കമുള്ള മരങ്ങൾ മുറിച്ച് കടത്തുന്നത്. എന്നാൽ റവന്യു പട്ടയ ഭൂമിയിൽ നിന്ന് 15 കോടി രൂപയുടെ ഈട്ടിമരങ്ങളാണ് മുറിച്ച് കടത്തിയത്. സർക്കാർ മുതൽ നശിപ്പിച്ചതിന് മരത്തടിയുടെ മൂന്നിരട്ടി തുക പിഴ അടക്കം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തുക.

മരം സൂക്ഷിക്കാനുള്ള ലൈസന്‍സിന്‍റെ മറവില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന അതിർത്തിയില്‍ തമിഴ്നാട്ടില്‍നിന്നും അനധികൃതമായി ഈട്ടിമരം കൊണ്ടു വന്നിട്ടുണ്ടോയെന്ന് സംശയം ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതേക്കുറിച്ചും ഉടന്‍ അന്വേഷണം തുടങ്ങും. മുട്ടില്‍ ഈട്ടിമരം കോള്ളയിലെ പ്രധാന പ്രതിയായ റോജി അഗസ്ററിന് മുന്‍ ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാരുമായി ബന്ധമുണ്ടെന്നാണ് സുഹൃത്ത് ബെന്നി പറയുന്നത്. പട്ടയഭൂമിയിലെ സംരക്ഷിത മരവുമായി ബന്ധപ്പെട്ട് സര്‍ക്കാർ പുറപ്പെടുവിച്ച ഉത്തരവുകള്‍ കൊള്ളയെ സഹായിക്കാനെന്ന് പ്രതിപക്ഷ ആരോപണം കൂടുതല്‍ ബലപെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close