
കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി രാവിലെ 10 ന് ഹാജരാകാന്‍ ശിവശങ്കറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി 10 നാണ് ശിവശങ്കറിനെ വിട്ടയച്ചത്.2017ല്‍ യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതിലായിരുന്നു ചോദ്യം ചെയ്യല്‍. തന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഈന്തപ്പഴം വിതരണ ചടങ്ങിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചതെന്നും ശിവശങ്കര്‍ കസ്റ്റംസിനോട് സമ്മതിച്ചു. കോണ്‍സുലേറ്റിലേക്കെത്തിയ 17,000 കിലോഗ്രാം ഈന്തപ്പഴത്തില്‍ 7000 കിലോ കാണാതായതിനെക്കുറിച്ചും സ്വപ്നയുടെ വന്‍തോതിലുള്ള സ്വത്ത് സമ്പാദനത്തെക്കുറിച്ചും തനിക്കറിയില്ലെന്നും ശിവശങ്കര്‍ മറുപടി നല്കി.
ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് യു എഇ കോണ്‍സുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങള്‍ക്ക് വിതരണം ചെയ്തതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈന്തപ്പഴ വിതരണത്തിന്റെ മറവില്‍ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വര്‍ണക്കളളക്കടത്ത് നടത്തിയോയെന്നും കസ്റ്റംസ് പരിശോധിച്ചു വരുന്നു. ഈന്തപ്പഴ വിതരണത്തിലുണ്ടായ പ്രോട്ടോകോള്‍ ലംഘനവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട് .
ശിവശങ്കറിനെതിരേ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഏതാനും ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്തതവരാനുള്ളതെന്നുമാണ് കസ്റ്റംസ് നല്കുന്ന സൂചന. ശിവശങ്കറിന്റെ അറിവോടെ സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച 30 ലക്ഷത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചില്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് സ്വപ്നയ്ക്കായി ബാങ്ക് ലോക്കര്‍ തുടങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.