TrendingWORLD

ഈറ്റ് ഔട്ട് ടു ഹെല്‍പ്: രണ്ടാഴ്ചയ്ക്കിടെ 3.5 കോടി ഡിന്നറടിച്ച് ബ്രിട്ടീഷുകാര്‍

ലണ്ടന്‍: കോവിഡ് മഹാമാരിയും അതേത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും യുകെ സാമ്പത്തിക മേഖലയ്ക്കുണ്ടാക്കിയ ആഘാതവും മാന്ദ്യതയും ചെറുതല്ല. അതില്ലാതാക്കാന്‍ പലതരം സാമ്പത്തിക ഉത്തേജക പാക്കേജുകളാണ് ധനമന്ത്രി റിഷി സുനക്കും സര്‍ക്കാരും പ്രഖ്യാപിച്ചത്. എന്നാല്‍ അവയില്‍ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരമായത് ഭക്ഷണം ആയിരുന്നെന്ന് തെളിയിക്കുന്നു പുറത്തുവന്ന കണക്കുകള്‍. തകര്‍ന്നുപോയ ഹോട്ടല്‍ – ഹോസ്പിറ്റാലിറ്റി മേഖലയെ ഉണര്‍ത്തുകയും ആളുകളെ വീടൂകളില്‍ നിന്നും മടികളഞ്ഞ് പുറത്തിറക്കുകയും ലക്ഷ്യമിട്ടാണ് ഈറ്റ് ഔട്ട് ടു ഹെല്പ് ഔട്ട് എന്ന പ്രോഗ്രാം ധനമന്ത്രാലയം അവതരിപ്പിച്ചത്. ഇതനുസരിച്ച് ഓഗസ്റ്റ് മാസത്തില്‍ പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്ക് 50% ഡിസ്‌കൗണ്ട് നല്‍കുന്നതാണ് സ്‌കീം. റെസ്റ്റോറന്റുകാര്‍ക്ക് ഈ 50% സര്‍ക്കാര്‍ നല്‍കുകയും ചെയ്യും.
ഗംഭീര പ്രതികരണമാണ് യുകെ ജനതയില്‍ നിന്നും ഈ സ്‌കീമിന് ലഭിച്ചതെന്ന് ആദ്യ രണ്ടാഴ്ചത്തേയും കണക്കുകള്‍ തെളിയിക്കുന്നു.
ഏകദേശം 35 മില്യണ്‍ തവണ (മൂന്നരക്കോടി തവണ) ആളുകള്‍ക്ക് ഭക്ഷണം വിളമ്പിയതായി റെസ്റ്റോറന്റുകള്‍ നല്‍കിയ കണക്കുകളിലുണ്ടെന്ന് ട്രഷറി അറിയിച്ചു. റെസ്റ്റോറന്റുകളിലും പബ്ബുകളിലും കഫേകളിലും തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ബില്ലിന്റെ 50% അല്ലെങ്കില്‍ പരമാവധി 10 പൗണ്ടാണ് ഓഫറായി ലഭിക്കുക. അതുപോലെ ഓഗസ്റ്റ് മാസത്തിലെ എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ഓഫര്‍ ദിനങ്ങളായുള്ളത്. രണ്ടാഴ്ചയ്ക്കുള്ളില്‍ 35 മില്യണ്‍ പ്രാവശ്യം എന്നത് യുകെയിലെ പകുതിയോളം ആളുകള്‍ ഡിന്നര്‍ കഴിച്ചുവെന്ന് തെളിയിക്കുന്നതായി സ്‌കീം അവതരിപ്പിച്ച ഇന്ത്യന്‍ വംശജന്‍ കൂടിയായ ധനമന്ത്രി റിഷി സുനക് പറഞ്ഞു. യുകെയില്‍ ആകമാനമുള്ള ഏകദേശം 85,000 ത്തോളം റെസ്റ്റോറന്റുകള്‍ ഈറ്റ് ഔട്ട് ടു ഹെല്‍പ് ഔട്ട് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. ഇതുമൂലം ഓഗസ്റ്റ് മാസത്തില്‍ റെസ്റ്റോറന്റില്‍ എത്തുന്നവരില്‍ 27% വര്‍ദ്ധനവുണ്ടായെന്നും ഹോട്ടലുടമകള്‍ പറയുന്നു.

Tags
Show More

Related Articles

Back to top button
Close