Covid UpdatesSPORTS

ഈസ്റ്റര്‍ ദിനത്തില്‍ കോളെടുത്ത് ഫുട്‌ബോള്‍ താരം മിഥുന്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ കോള്‍ സെന്ററില്‍ ഈസ്റ്റര്‍ ദിവസത്തില്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ വളണ്ടിയറായെത്തി ഫുട്‌ബോള്‍ താരം മിഥുന്‍. ആവശ്യ വസ്തുക്കള്‍ക്കായി കോള്‍ സെന്ററിലേക്ക് വിളിച്ചവരില്‍ നിന്ന് ഓര്‍ഡറുകള്‍ കുറിച്ചെടുത്ത കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം കാപ്റ്റന്‍, 24 മണിക്കൂറിനകം സാധനങ്ങള്‍ വീട്ടിലെത്തിക്കാമെന്ന ഉറപ്പും നല്‍കി. 
കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് കേരളത്തിന്റെ ഗോള്‍മുഖം കാക്കുന്ന താരം പറഞ്ഞു. ലോക്ക്ഡൗണ്‍ വിജയപ്രദമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാപഞ്ചായത്തില്‍ ഇത്തരമൊരു കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് കോള്‍ സെന്ററില്‍ സന്നദ്ധ പ്രവര്‍ത്തകനായി എത്തണമെന്ന് തീരുമാനിച്ചത്. കോവിഡ് 19 ഭീഷണി കാരണം സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ മാറ്റിയതിനാലാണ് നാട്ടില്‍ തിരിച്ചെത്താനും ഇതിന്റെ ഭാഗമാവാനും സാധിച്ചത്. ഇവിടെയും തദ്ദേശ സ്ഥാപനതലങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇത്തരം കോള്‍ സെന്ററുകളെ ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നേരം ഇവിടെ ചെലവഴിച്ച് വൈകുന്നേരത്തോടെയാണ് താരം കോള്‍ സെന്റര്‍ വിട്ടത്. 2018ല്‍ കേരളത്തെ സന്തോഷ് ട്രോഫി ജേതാവാക്കിയതില്‍ മുഖ്യപങ്കുവഹിച്ച ഈ മുഴപ്പിലങ്ങാട് സ്വദേശി നിലവില്‍ എസ്ബിഐ താരവുമാണ്. ഫുട്‌ബോള്‍ താരം വിനീത്, ഷിനു ചൊവ്വ എന്നിവരും കോള്‍ സെന്ററില്‍ സന്നദ്ധ സേവകരായി എത്തിയിരുന്നു.

Tags
Show More

Related Articles

Back to top button
Close