KERALA

ഈ ബസുകള്‍ക്ക് ഇനി നിരത്തിലിറങ്ങാനാവില്ല, നിയന്ത്രണവുമായി ഹൈക്കോടതി

കൊച്ചി: മോട്ടോര്‍ വാഹന നിയമത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്വകാര്യ -ട്രാന്‍സ്‌പോര്‍ട്ട് ബസുകളെ നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത വാഹനങ്ങള്‍ക്കു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ചട്ടപ്രകാരമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ച ബസുകളെയും മറ്റും നിരത്തില്‍ ഓടിക്കാന്‍ അനുവദിക്കരുതെന്നും ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍ വ്യക്തമാക്കി.

സ്വകാര്യ ബസുകളുടെ കാലപരിധി 15 ല്‍ നിന്ന് 20 വര്‍ഷമായി ഉയര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ആലുവ സ്വദേശി പി ഡി മാത്യു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

മോട്ടോര്‍ വാഹന നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള ലൈറ്റുകള്‍, സിഗ്‌നല്‍ ഉപകരണങ്ങള്‍, റിഫ്‌ളക്ടറുകള്‍ എന്നിവ ബസുകളില്‍ നിര്‍ബന്ധമായും ഘടിപ്പിച്ചിരിക്കണം. യാത്രക്കാരുടെ പൊതു സുരക്ഷയെ ബാധിക്കുന്നതും മറ്റ് വാഹന യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന വിധത്തിലും അധിക ഉപകരണങ്ങള്‍ സ്റ്റേജ് ക്യാരേജുകളില്‍ ഘടിപ്പിക്കാന്‍ പാടില്ല. അത്തരം വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുത്. അഥവാ നല്‍കിയിട്ടുണ്ടങ്കില്‍ അവ റദ്ദാക്കണമെന്നും കോടതി ഉത്തരവിട്ടു.

മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അധിക ക്രാഷ് ഗാര്‍ഡുകള്‍, ബുള്‍ബാര്‍, ചവിട്ടുപടികള്‍ എന്നിവ ഘടിപ്പിപ്പിച്ച വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കരുത്. നമ്പര്‍ പ്ലേറ്റ്, ഇല്യുമിനേഷന്‍ ലാമ്പ്, പുറകിലും വശങ്ങളിലുമുള്ള കണ്ണാടിച്ചില്ലുകള്‍ മറക്കുന്ന സ്റ്റിക്കറുകള്‍, വശങ്ങളിലെ സ്റ്റിക്കറുകള്‍, എഴുത്തുകള്‍ എന്നിവ പാടില്ല. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ വശങ്ങളില്‍ തുക്കിയിടരുതെന്നും അത്തരം വാഹനങ്ങള്‍ക്ക് താല്‍ക്കാലിക/ സ്ഥിര പെര്‍മിറ്റുകള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.

വാഹനങ്ങളുടെ സുരക്ഷാ ഗ്ലാസില്‍ സ്റ്റിക്കര്‍/ ഗ്രാഫിക്‌സ് പതിക്കാനോ കാഴ്ചയ്ക്കു തടസ്സമാകുന്ന മറ്റു സാധനങ്ങള്‍ തൂക്കിയിടാനോ പാടില്ല. ഇത്തരം വാഹനങ്ങള്‍ക്കു താല്‍ക്കാലിക പെര്‍മിറ്റ് പോലും നല്‍കരുത്. ട്രാന്‍സ്‌പോര്‍ട്ട് അധികാരികള്‍ നിഷ്‌കര്‍ഷിക്കുന്ന തരത്തിലുള്ളതാകണം വാഹനത്തിന്റെ പെയിന്റിംഗ്. ബസുകള്‍ നിരത്തിലിറക്കാന്‍ യോഗ്യമാണോ എന്നു പരിശോധിക്കാതെ ഉദ്യോഗസ്ഥര്‍ താല്‍ക്കാലിക/ സ്ഥിര പെര്‍മിറ്റുകള്‍ നല്‍കരുത്.

വാഹനങ്ങളുടെ പെര്‍മിറ്റ് കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവുകളും കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ചട്ടലംഘനം കണ്ടെത്തിയാല്‍ കാരണം രേഖപ്പെടുത്തി ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ വ്യവസ്ഥയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയെടുക്കണം. ഇത്തരക്കാരുടെ ലൈസന്‍സ് മൂന്നു മാസത്തേക്കു അസാധുവാക്കാന്‍ വ്യവസ്ഥയുണ്ട്. നിയമവും ചട്ടങ്ങളും അനുവദിക്കുന്ന പ്രകാരമല്ലാതെ വാഹനങ്ങളില്‍ രൂപഭേദം വരുത്തിയാല്‍ വാഹന ഉടമയ്‌ക്കെതിരെയും നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

വാഹനങ്ങള്‍ നിയമം പാലിക്കുന്നുണ്ടന്ന് ട്രാന്‍സ്‌പോര്‍ട് കമ്മിഷണറും കീഴുദ്യോഗസ്ഥരും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ത്തുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.


Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close