‘ഉംപുണ്‍’ വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണാകും, ചുഴലിക്കാറ്റുകളില്‍ ഏറ്റവും ശക്തിയേറിയത്

ബെംഗളുരു: ഉംപുണ്‍ എന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പര്‍ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പ്രതീക്ഷിച്ചതിലും വേഗത്തില്‍, അതിശക്തമായി ഇന്ത്യന്‍ തീരത്തേക്ക് ഉംപുണ്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ മണിക്കൂറില്‍ 260 കിലോമീറ്ററാണ് കടലില്‍ ഉംപുണിന്റെ വേഗത. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ഒരു ശക്തിയേറിയ ചുഴലിക്കാറ്റിന്റെ ഭീഷണി കൂടി രാജ്യം നേരിടുന്നത്. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും.
അതേസമയം, കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരാന്‍ തന്നെയാണ് സാധ്യത. ഇന്നലെ രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. ഒഡിഷയില്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങള്‍ക്കും മുഖ്യമന്ത്രി നവീന്‍ പട്നായിക് നേതൃത്വം നല്‍കുന്നത്. ”ഈ വര്‍ഷം കൊറോണവൈറസിന്റെ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാല്‍ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാര്‍പ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തില്‍ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മിക്കവയും സ്കൂള്‍, കോളേജ് കെട്ടിടങ്ങളാണ്”, എന്ന് ഒഡിഷയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സ്പെഷ്യല്‍ ഓഫീസര്‍ പ്രദീപ് ജെന അറിയിച്ചു.