SPORTSTrending

ഉണരുന്നു, കളിക്കളങ്ങള്‍

വസന്ത് കുമാര്‍

അസാധാരണമായൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ കായികലോകവും ഉണരുകയായി, അതിനു നാന്ദി കുറിക്കുന്നതാകട്ടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐപിഎല്ലും. യുഎഇയാണ് വേദിയെങ്കിലും ഐപിഎല്ലിനു മേലുള്ള ഇന്ത്യയുടെ അവകാശത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലല്ലോ. സെപ്റ്റംബറില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി താരങ്ങള്‍ ടീമുകള്‍ക്കൊപ്പം ചേര്‍ന്നു തുടങ്ങി. ഓഗസ്റ്റിന്റെ രണ്ടാം പകുതിയില്‍ നടത്തുന്ന കണ്ടീഷനിങ് ക്യാംപുകള്‍ക്കു ശേഷമാണ് ടീമുകള്‍ യുഎഇയിലേക്കു പോകുക. എല്ലാവരുടെയും കോവിഡ് ടെസ്റ്റുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ ഫീല്‍ഡിങ് കോച്ച് ദിശാന്ത് യാജ്ഞിക് ആണ് കൂട്ടത്തില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍. കിങ്സ് ഇലവന്‍ പഞ്ചാബിന്റെ കര്‍ണാടക താരം കരുണ്‍ നായര്‍ നേരത്തെ രോഗബാധിതനായിരുന്നെങ്കിലും ഇപ്പോള്‍ നെഗറ്റീവായിക്കഴിഞ്ഞു. കടുത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവിലാണ് പരിശീലനവും മത്സരങ്ങളുമെല്ലാം നടക്കുന്നത്. അതിനാല്‍ അധികമായി നെറ്റ് ബൗളര്‍മാരെയും ടീമുകളില്‍ ഉള്‍പ്പെടുത്താന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ അമ്പതോളം യുവ ബൗളര്‍മാര്‍ക്കാണ് ഇത്തവണ വിവിധ ടീമുകളിലായി അവസരം അധികമായി കിട്ടുന്നത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പര്‍കിങ്സും ഇത്തരത്തില്‍ പത്ത് ബൗളര്‍മാരെയാണ് അധികമായി ഒപ്പം കൂട്ടുന്നത്.
ഇതിനിടെ, ഐപിഎല്ലില്‍ അവസരം കിട്ടാത്തതില്‍ മനം നൊന്ത് ഒരു ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്ത വാര്‍ത്തയും വന്നു. മുംബൈക്കാരന്‍ കരണ്‍ തിവാരിയാണ് ജീവനൊടുക്കിയത്. ഡെയ്ല്‍ സ്റ്റെയ്ന്റേതിനു സമാനമായ ബൗളിങ് ആക്ഷനുമായി മുംബൈ ക്രിക്കറ്റ് സര്‍ക്യൂട്ടുകളില്‍ ശ്രദ്ധേയനായിരുന്ന തിവാരിക്ക് നെറ്റ്സിലും മറ്റും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഐപിഎല്‍ ടീമുകളിലൊന്നും സെലക്ഷന്‍ ലഭിച്ചിരുന്നില്ല. കേരള ക്രിക്കറ്റിന് സന്തോഷിക്കാനുള്ള ഒരു വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നു. മുന്‍ ക്യാപ്റ്റന്‍ കെ.എന്‍. അനന്തപദ്മനാഭന്‍ അന്താരാഷ്ട്ര അമ്പയര്‍ പാനലിലേക്കു തെരഞ്ഞെടുക്കപ്പെട്ടതാണിത്. അനന്തന്‍ അടക്കം നാല് ഇന്ത്യക്കാരാണ് ഐസിസി പാനലിലുള്ളത്. മധ്യപ്രദേശ് മലയാളിയായ നിതിന്‍ മേനോന്‍ എലൈറ്റ് പാനലിലുമുണ്ട്. ഈ രണ്ടു പാനലുകളിലുള്ളവര്‍ക്കാണ് അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ യോഗ്യതയുള്ളത്. പതിനഞ്ച് വര്‍ഷത്തോളം കേരള ടീമില്‍ കളിച്ച അനന്തപദ്മനാഭന്‍ രാജ്യത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരിലൊരാളായിരുന്നു. അനില്‍ കുംബ്ലെയുടെ സുവര്‍ണ കാലത്ത് ക്രിക്കറ്റ് കളിച്ചിരുന്നതുകൊണ്ടു മാത്രം ദേശീയ ടീമില്‍ ഇടം കിട്ടാതെ പോയ ഹതഭാഗ്യന്‍.
ആദ്യമായി ചാംപ്യന്‍സ് ലീഗ് കളിക്കാനെത്തിയ ആര്‍ബി ലെപ്സീഗ് സെമി ഫൈനലില്‍ കടന്നതാണ് യൂറോപ്യന്‍ ഫുട്ബോളില്‍ നിന്നുള്ള വിശേഷം. ആറു വര്‍ഷത്തിനിടെ മൂന്നാം വട്ടം ഫൈനല്‍ കളിക്കാന്‍ മോഹിച്ച സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിനെയാണ് അവര്‍ കീഴടക്കിയത്. ലീഗില്‍ ആദ്യമായി ഒരു സ്പാനിഷ് ടീമിനെ നേരിടുന്നതിന്റെ പകപ്പോ സൂപ്പര്‍ സ്ട്രൈക്കര്‍ തിമോ വെര്‍ണറുടെ കൂടുമാറ്റം സമ്മാനിച്ച ഞെട്ടലോ ബാധിക്കാതെയായിരുന്നു ജര്‍മന്‍ ക്ലബ്ബിന്റെ പ്രകടനം. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ചാംപ്യന്‍സ് ലീഗ് യോഗ്യത നേടുന്ന മൂന്നാമത്തെ മാത്രം ക്ലബ്ബാണ് ലീപ്സിഗ്. ബയേണ്‍ മ്യൂണിച്ചും ബോറൂസിയ ഡോര്‍ട്ട്മുണ്ടുമാണ് മറ്റു രണ്ടു ടീമുകള്‍. ലീപിസ്ഗിന്റെ കോച്ച് ജൂലിയന്‍ നാഗില്‍സ്മാനും ഇതിനിടെ ഒരു അപൂര്‍വ നേട്ടത്തിന് അവകാശിയായി. ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ ടീമിനെ എത്തിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് അദ്ദേഹം. 33 വയസാണ് പ്രായം, അതായത് ടീമിലെ പല കളിക്കാര്‍ക്കും അദ്ദേഹത്തെക്കാള്‍ പ്രായമുണ്ടെന്നര്‍ഥം. സെമി ഫൈനലില്‍ ഫ്രഞ്ച് ടീം പിഎസ്ജിയാണ് ലീപ്സിഗിന്റെ എതിരാളികള്‍.
അവിശ്വസനീയമായൊരു തിരിച്ചുവരവിലൂടെയാണ് പിഎസ്ജിയുടെ സെമി ഫൈനല്‍ പ്രവേശനം. അറ്റ്ലാന്റയ്ക്കെതിരായ മത്സരത്തില്‍ തൊണ്ണൂറാം മിനിറ്റ് വരെ പിന്നിട്ടു നിന്ന ശേഷം മൂന്നു മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് അവര്‍ സെമിയിലേക്ക് മാര്‍ച്ച ചെയ്തത്. നെയ്മറും കിലിയന്‍ എംബാപ്പെയും നിറഞ്ഞു കളിച്ച മത്സരത്തില്‍ മാര്‍ക്കീഞ്ഞോസും ചോപ്പോ മോട്ടിങ്ങുമാണ് നിര്‍ണായക ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. തനിക്കു കിട്ടിയ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നെയ്മര്‍ പിന്നീട് മോട്ടിങ്ങിനു സമ്മാനിക്കുകയും ചെയ്തു. യൂറോപ്പ ലീഗിലും സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ണമായിട്ടുണ്ട്. സ്പാനിഷ് ക്ലബ് സെവിയ്യയും ഇഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലാണ് ആദ്യ സെമി. രണ്ടാം സെമിയില്‍ യുക്രെയ്ന്‍ ക്ലബ് ഷക്തര്‍ ഡൊണസ്‌ക് ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെയും നേരിടും.
ഇതിനിടെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം പകരുന്ന ഒരു അഭ്യൂഹവും യൂറോപ്യന്‍ ഫുട്ബോളില്‍ പ്രചരിക്കുന്നുണ്ട്. സമകാലിക ഫുട്ബോളിലെ മഹാരഥന്‍മാരായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഒന്നിക്കാനുള്ള സാധ്യതയെക്കുറിച്ചാണത്. നിലവില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ താരമായ റൊണാള്‍ഡോയെ വില്‍ക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു എന്നാണ് സൂചന. വാങ്ങാന്‍ ബാഴ്സലോണ താത്പര്യം പ്രകടിപ്പിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് കാരണം ക്ലബ് നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാണത്രെ ഇങ്ങനെയൊരു വില്‍പ്പനയ്ക്ക് യുവന്റസ് തയാറെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ 35 ഗോള്‍ അടിച്ചുകൂട്ടിയ ക്രിസ്റ്റിയാനോ ഗോള്‍വേട്ടയില്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനെ ചാംപ്യന്‍മാരാക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ചു. ഇതിനിടെ, ഫ്രഞ്ച് ടീം പിഎസ്ജിയും അദ്ദേഹത്തിനു വേണ്ടി വല വിരിക്കുന്നതായി വാര്‍ത്തകളുണ്ട്.

ലോക്ക്ഡൗണ്‍ കാലത്തിനു ശേഷം ക്ലബ് ഫുട്ബോള്‍ സജീവമാകുകുയം അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുകയും ചെയ്തിട്ടും അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ക്കു തുടക്കമായിരുന്നില്ല. യുവേഫ നേഷന്‍സ് ലീഗാണ് ഇത്തരത്തില്‍ ഇനി നടക്കാനിരിക്കുന്ന വലിയ ടൂര്‍ണമെന്റ്. ഒക്ടോബറില്‍ ഇതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളുണ്ടാകും. റഷ്യയില്‍ നടന്ന ലോകകപ്പിനു ശേഷം ആദ്യമായി സ്പെയ്നും പോര്‍ച്ചുഗലും ഏറ്റുമുട്ടുന്നത് ഇങ്ങനെയൊരു സന്നാഹ മത്സരത്തിലായിരിക്കും. ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിനു മുന്നില്‍ സ്പെയ്ന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. അതിനു ശേഷം ഇരു ടീമുകളും നേര്‍ക്കു വരുന്നത് ഇതാദ്യം.

ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയും കളങ്ങള്‍ മാത്രമേ സജീവമായിത്തുടങ്ങിയിട്ടുള്ളൂ. കോവിഡ് അനന്തര ലോകം സാധാരണനിലയിലേക്ക് തിരിച്ചെത്തുന്നതോടെ മറ്റു കളിക്കളങ്ങളിലും ആരവമുയര്‍ന്നു തുടങ്ങും. അതിനുള്ള കാത്തിരിപ്പില്‍ അടുത്ത ആഴ്ച വീണ്ടും….

Tags
Show More

Related Articles

Back to top button
Close