INDIANEWS

ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകൾ തൂത്തുവാരി ബിജെപി, സംപൂജ്യരായി കോൺഗ്രസ്സ്; നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി തട്ടകം ശക്തിപ്പെടുത്തുന്നു

ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വൻ നേട്ടം കൊയ്ത് ബിജെപി. 75 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 65 ഇടങ്ങളിൽ ബിജെപിക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചു. സമാജ് വാദി പാർട്ടി ആറും, മറ്റുള്ളവർ നാലും അധ്യക്ഷ സ്ഥാനം നേടി. കോൺഗ്രസ്സിന് ഒരിടത്ത് പോലും സ്ഥാനം ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നെന്ന കാരണത്താൽ ബിഎസ്‌പി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

75-ല്‍ 22 ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 21 ബിജെപി ചെയര്‍മാന്‍മാരും ഒരു എസ്പി ചെയര്‍മാനുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍മാരെ കണ്ടെത്തുന്നതിനായി ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്. നാല് ഘട്ടങ്ങളിലായി നടന്ന ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസമാണ് സമാപിച്ചത്. ഇതില്‍ ബിജെപിയും എസ്പിയും ഒപ്പത്തിനൊപ്പമായിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരെ വോട്ടിലൂടെ തിരഞ്ഞെടുക്കുന്നത്. പ്രത്യേക പാര്‍ട്ടി അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പെങ്കിലും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പിന്തുണ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. അതെ സമയം ബിജെപി ഭരണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തുവെന്നാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിക്കുന്നത്.

അതിനിടെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങ് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച്ച നടത്തി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇരുപാര്‍ട്ടികളും സഖ്യത്തിലായേക്കുമെന്നാണ് സൂചനകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close