
ഉത്തര കൊറിയ: ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഭരണാധികാരി കിം ജോങ് ഉന്‍. വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ(WPK) സ്ഥാപിതമായതിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിലാണ് കിം ഈ അവകാശവാദവുമായി രംഗത്തെത്തിയത്. ജനുവരി മുതല്‍ ഉത്തര കൊറിയയില്‍ കോവിഡ് കേസുകള്‍ ഇല്ലെന്നാണ് കിം പറയുന്നത്.രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്യോങ്യാങ് ജനുവരിയില്‍ അതിര്‍ത്തികള്‍ അടച്ചിരുന്നു. അന്നു മുതല്‍ കോവിഡ് കേസുകള്‍ ഇല്ലെന്ന് നിരന്തരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇതിനെ അവഗണിക്കുകയാണ് ചെയ്തത്. മാരകമായ വൈറസിന്റെ പ്രഹരമേല്‍ക്കാതെ ആരോഗ്യത്തോടെയിരിക്കുന്നതിന് എല്ലാ ജനങ്ങളോടും നന്ദി പറയുന്നതായി കിം പറഞ്ഞു. മഹാമാരിയെ പ്രതിരോധിച്ചത് നമ്മുടെ പാര്‍ട്ടിയുടെ വിജയമായി കാണുന്നു. ജനങ്ങളെ ആരോഗ്യവാന്മാരായി കാണുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. നന്ദിയല്ലാതെ മറ്റൊരു വാക്കും എനിക്ക് പറയാനില്ല.
ഉത്തരകൊറിയയിലെ ജനങ്ങള്‍ വലിയൊരു വിജയം കരസ്ഥമാക്കിയെന്നും കിം പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.നമ്മുടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ജീവന് മറ്റെന്തിനെക്കാളും വിലപ്പെട്ടതാണ്. അവരുടെ നല്ല ആരോഗ്യം അര്‍ത്ഥമാക്കുന്നത് നമ്മുടെ പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും ഈ ഭൂമിയിലെ എല്ലാറ്റിന്റെയും നിലനില്‍പ്പാണ്, ”അദ്ദേഹം പറഞ്ഞു.ശനിയാഴ്ച നടന്ന പരേഡില്‍ ആയിരത്തോളം സൈനികര്‍ മാസ്ക് ധരിക്കാതെയാണ് പങ്കെടുത്തത്. കിം ഇല് സങ് സ്ക്വയറില്‍ നടന്ന പരേഡ് കിം ജോങ് ഉന്‍ നിരീക്ഷിച്ചു. ഔദ്യോഗിക ചാനലായ കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷന്‍ പരിപാടി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.പരേഡില്‍ ഉത്തര കൊറിയ പുതുതായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രദര്‍ശിപ്പിച്ചു. പുതിയ മിസൈല്‍ യുഎസ് പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ സാധിക്കുന്നതാണെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു.