Breaking NewsKERALANEWSTop News

ഉന്നതനാരെന്നറിഞ്ഞാല്‍ ജനം ബോധം കെടും ! റിവേഴ്‌സ് ഹവാലയ്ക്ക് ഈ ഉന്നതന്‍ സഹായിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും രമേശ് ചെന്നിത്തല

കൊച്ചി: സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും റിവേഴ്സ് ഹവാലയില്‍ പങ്കുണ്ട്. ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ ബന്ധമുള്ള ഉന്നതനാരെന്ന് മുഖ്യമന്ത്രി പറയണം. നയതന്ത്ര ചാനല്‍ വഴി റിവേഴ്‌സ് ഹവാലയ്ക്ക് ഈ ഉന്നതന്‍ സഹായിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മന്ത്രിമാര്‍ക്ക് ഇതില്‍ പങ്കുണ്ട് എന്ന വാര്‍ത്ത പുറത്തു വരുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പറയണം. സ്വര്‍ണക്കള്ളക്കടത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നാണ് വ്യക്തമാകുന്നത്. പാര്‍ട്ടിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വപ്നയും സരിത്തും കോടതിയ്ക്ക് നല്‍കിയ രഹസ്യ മൊഴിയില്‍ സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയത്.


നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പു രംഗത്ത് ഇറങ്ങാതെ പോയത്. ഇത്ര പ്രധാന തെരഞ്ഞെടുപ്പുണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാന്‍ വരാതിരുന്നത് മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ടു ചെയ്യില്ല എന്ന തിരിച്ചറിവുമൂലമാണ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നില്ല. ആയിരം രൂപയ്ക്ക് കിറ്റു കൊടുക്കുന്നു എന്ന് പറഞ്ഞിട്ട് 500 രൂപയുടെ കിറ്റു പോലുമില്ല. കിറ്റിനുള്ള സഞ്ചി വാങ്ങിയതില്‍ തന്നെ കമ്മിഷന്‍ അടിച്ചിരിക്കുന്നു. അതില്‍ പോലും കമ്മിഷനടിക്കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

എല്ലാ സര്‍ക്കാരുകളും പെന്‍ഷന്‍ കൊടുക്കാറുള്ളതാണ്. പെന്‍ഷന്‍ പദ്ധതി കൊണ്ടു വന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അതുകൊണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളോട് പറയാനില്ലാത്തതിനാലാണ് മുഖ്യമന്ത്രി പ്രചാരണ രംഗത്ത് ഇറങ്ങാത്തത്. വിജയരാഘവന്റെ സ്വരം ആര്‍എസ്എസിന്റെ സ്വരമാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം ലീഗിനായിരിക്കും ആധിപത്യം എന്നാണ് അദ്ദേഹം പറയുന്നത്. വര്‍ഗീയത ഇളക്കിവിടാനാണ് ഈ സംസാരം എന്ന് ജനങ്ങള്‍ തിരിച്ചറിയും. മുന്നണി നയിക്കുന്നത് കോണ്‍ഗ്രസാണ്.

സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ ഇന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി എവിടെ നില്‍ക്കുന്നു എന്നതിന്റെ പ്രതീകമാണ്. പണത്തിനും അധികാരത്തിനും വേണ്ടി ഏത് നിലയില്‍ വേണമെങ്കിലും പോകും എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close