KERALANEWSTop News

‘ഉന്നതന്‍’ വിവാദത്തില്‍ കുടുങ്ങിയ സ്പീക്കറുടെ മറുപടി തൃപ്തികരമോ ? സ്പീക്കറുടെ ശരീര ഭാഷയിലും വാക്കുകളിലും ആത്മവിശ്വാസമില്ലെന്ന വിമര്‍ശനം ഉയരുന്നു, സുരേന്ദ്രനെതിരെ നിയമ നടപടിയെന്ന് ഉറപ്പിച്ചു പറയാത്തതിലും ദുരൂഹതയോ ?

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ ഒരു ഉന്നതന്റെ പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. മാധ്യമങ്ങളില്‍ ഉന്നതന്‍ നിറഞ്ഞു നിന്നപ്പോള്‍ പലരെപ്പറ്റിയും പല അഭ്യൂഹങ്ങളും പരന്നു. ഒരു പടി കൂടി കടന്ന് ഉന്നതനാരെന്ന ചോദ്യത്തിന് ഉത്തരവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയതോടെയാണ് എല്ലാം മാറിമറിഞ്ഞത്. അത്രയും ദിവസം പലരും ഒളിഞ്ഞും തെളിഞ്ഞും സൂചനകള്‍ വച്ചും പറഞ്ഞ പേര് സുരേന്ദ്രന്‍ പരസ്യമാക്കി. ഉന്നതന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെന്ന് ! പിറ്റേന്ന് തന്നെ സ്പീക്കര്‍ വിശദീകരണവുമായി വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പക്ഷേ സ്പീക്കറുടെ ഓഫീസ് ഒരു പത്രക്കുറിപ്പില്‍ എല്ലാം ഒതുക്കി.

പത്രക്കുറിപ്പില്‍ തൃപ്തിയില്ലാതെ പ്രതിപക്ഷം ആരോപണം കടുപ്പിച്ചു. കെ സുരേന്ദ്രന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വര്‍ണക്കടത്തിനപ്പുറം ചില ആരോപണങ്ങള്‍ കൂടി ശ്രീരാമകൃഷ്ണന്റെ മേല്‍ അദ്ദേഹം ചാര്‍ത്തിക്കൊടുത്തു. ഇതോടെ സ്പീക്കര്‍ ഉച്ചയോടെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഉയര്‍ന്ന ആരോപണങ്ങള്‍ക്കൊക്കെ അദ്ദേഹം മറുപടി നല്‍കി. പക്ഷേ ഈ മറുപടി മതിയോ എന്ന ചോദ്യമാണ് സ്പീക്കറുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഉയരുന്ന ചോദ്യം. സ്പീക്കറുടെ വാര്‍ത്താസമ്മേളനത്തിലെ ശരീര ഭാഷ പോലും സോഷ്യല്‍ മീഡിയായില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു.

സ്വാഭാവികമായും ഒു ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അതു അടിസ്ഥാന രഹിതമെന്ന് അദ്ദേഹത്തിന് തോന്നുന്നെങ്കില്‍ കേരളത്തിലെ പതിവു രീതിയനുസരിച്ച് ഒരു വക്കീല്‍ നോട്ടീസ് അയക്കുന്ന നാട്ടുനടപ്പുണ്ട്. ചിലരാകട്ടെ നോട്ടീസ് അയച്ചില്ലെങ്കില്‍ പോലും വാര്‍ത്താസമ്മേളനം വിളിച്ച് അയക്കുമെന്നു പറയാറുണ്ട്. പക്ഷേ സ്പീക്കര്‍ക്ക് ഇക്കാര്യം ഇനിയും തീരുമാനിക്കാനായില്ല. അതുകൊണ്ടു തന്നെ അദ്ദേഹം നിയമനടപടിയെപ്പറ്റി ആലോചിക്കുകയാണ് ഇപ്പോഴും ! വിഷയത്തില്‍ തൃപ്തികരമായ മറുപടിയല്ല അദ്ദേഹം നല്‍കിയതെന്ന വിമര്‍ശനം ഉയര്‍ന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം എന്നു സമ്മതിക്കേണ്ടി വരും.

സ്പീക്കര്‍ പദവിയില്‍ എത്തുന്നതിനുമുമ്പ് എംഎല്‍എയും യുവജന നേതാവുമൊക്കെയായിരുന്ന പി ശ്രീരാമകൃഷ്ണനെ കേരളം കണ്ടിട്ടുള്ളതാണ്. എന്തു ചുറുചുറുക്കോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തിനെയും നെഞ്ചു വിരിച്ചുനിന്ന് ശക്തമായി നേരിടുകയും ഉടനടി മറുപടി പറയുകയും ചെയ്ത ചോര തിളയ്ക്കുന്ന പോരാളിയായിരുന്ന പി ശ്രീ രാമകൃഷണനെന്ന സഖാവ് തന്നെയാണോ ഇപ്പോഴെന്ന് സംശയം സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. ഭരണഘടന പദവിയില്‍ എത്തിയ ശേഷം കയ്യടക്കത്തോടെ മറുപടി പറയുന്ന സ്പീക്കര്‍ അല്‍പം ആശങ്കയിലല്ലേ എന്ന് തോന്നിക്കുന്ന മട്ടിലാണ് പെരുമാറിയതെന്ന് പറയാതെ വയ്യ. ഈ വര്‍ഷത്തെ രാജ്യത്തെ മികച്ച സ്പീക്കര്‍ക്കുള്ള അവാര്‍ഡ് നേടിയ വ്യക്തി, പ്രതികരണ ശേഷിയുടെ എല്ലാ സാധ്യതയും പയറ്റുന്ന നിയമസഭയെ അടക്കി നിര്‍ത്തുന്നയാള്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നയാള്‍ മാധ്യമങ്ങളെ നേരിടേണ്ടത് ഒരു പൂവ് പറിച്ചെടുക്കുന്ന ലാഘവത്തോടെയാകുമെന്ന് പ്രതീക്ഷിച്ചവരെ അദ്ദേഹം നിരാശപ്പെടുത്തി. അല്‍പ്പം പരിഭ്രമം ആ വാക്കുകളില്‍ നിഴലിച്ചിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ അതിന് കരാണമാണെന്ന് വേണെമെങ്കില്‍ പറഞ്ഞൊഴിയാം. പക്ഷേ അതു വിശ്വസിക്കാന്‍ പലരും തയ്യാറാകുന്നില്ല എന്നതാണ് സത്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close