INSIGHTKERALA

ഉമ്മൻ ചാണ്ടി @ 50

ഉമ്മന്‍ ചാണ്ടിയുടെ 50 വര്‍ഷത്തെ
നിയമസഭാ ജീവിത രേഖ

പുതുപ്പള്ളിയില്‍ നിന്ന് പാലായിലേക്ക് 26 കി.മീ ആണു ദൂരം. പാലാ നിയോജകമണ്ഡലം സ്ഥാപിതമായ 1965 മുതല്‍ തുടര്‍ച്ചയായ 13 വിജയവും 52 വര്‍ഷത്തെ നിയമസഭാംഗത്വവും നേടി റിക്കാര്‍ഡിട്ടാണ് 2019ല്‍ മാണി സാര്‍ വിടവാങ്ങിയത്. (1965ല്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ രണ്ടു വര്‍ഷം രാഷ്ട്രപതി ഭരണം). പാലാക്കാരുടെ സ്വന്തം കുഞ്ഞുമാണി!

തൊട്ടയല്‍വാസിയായ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 വിജയവുമായി 50 വര്‍ഷത്തെ നിയമസഭാംഗത്വം പൂര്‍ത്തിയാക്കുന്നു. 11 തവണ തുടര്‍ച്ചയായ ജയം നല്കിയ മണ്ഡലത്തോടുള്ള ഹൃദയബന്ധത്തിന്റെ പ്രതിഫലനമാണ് തിരുവനന്തപുരത്ത് ജഗതിയിലെ സ്വന്തം വീടിന് ഇട്ടിരിക്കുന്ന ‘പുതുപ്പള്ളി ഹൗസ്’ എന്ന പേര്. പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്! കോണ്‍ഗ്രസിന് ഇത് അഭിമാനമൂഹൂര്‍ത്തം. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ പോലും ഇത്തരമൊരു നേട്ടം കൈവരിച്ച മറ്റൊരാളില്ല.

ഒന്നാം ജയം (1970)
1970 സെപ്റ്റംബര്‍ 17നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടിയുടെ കന്നിമത്സരം പുതുപ്പള്ളിയില്‍ അരങ്ങേറി. അന്നു പാര്‍ട്ടി ചിഹ്നം നല്കാന്‍ എത്തിയത് കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് പ്രഫ കെഎം ചാണ്ടി. അന്ന് അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു- ‘പുതുപ്പള്ളിയില്‍ ജയിക്കാമെന്നു കരുതണ്ടാ, രണ്ടാം സ്ഥാനത്തുവന്നാല്‍ ജയിച്ചെന്നു ഞങ്ങള്‍ കണക്കുകൂട്ടും.’ കോണ്‍ഗ്രസ് അന്നു വിഘടിച്ചു നില്ക്കുകയും സംഘടനാ കോണ്‍ഗ്രസ് പുതുപ്പള്ളിയില്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്ത കാലമായിരുന്നു അത്.

വാശിയേറിയ ത്രികോണ മത്സരം. മുമ്പ് രണ്ടു തവണ ജയിച്ചിട്ടുള്ള സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ ഇ.എം. ജോര്‍ജ് ആയിരുന്നു എതിരാളി. 7,288 വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി ജയിച്ചു. കെ.എം ചാണ്ടിയുടെ കണക്ക് തെറ്റി. പാര്‍ട്ടി 25,000 രൂപ തെരഞ്ഞെടുപ്പ് ഫണ്ട് നല്കിയിരുന്നു. സംഭാവനയായി 2,500 രൂപയും കിട്ടി. തെരഞ്ഞെടുപ്പിന് 25,000 രൂപയായിരുന്നു ചെലവ്. മിച്ചം വന്ന 2500 രൂപ തിരികെ ഏല്പിച്ചെങ്കിലും അന്നത്തെ കെപിസിസി പ്രസിഡന്റ് കെ.കെ വിശ്വനാഥന്‍ സ്വീകരിച്ചില്ല.

ഉമ്മന്‍ ചാണ്ടിക്ക് അന്നു പ്രായം 27. മുപ്പതു വയസില്‍ താഴെയുള്ള 5 യൂത്ത് കോണ്‍ഗ്രസുകാര്‍ അന്നു നിയമസഭയിലെത്തി. എകെ. ആന്റണി, എന്‍. രാമകൃഷ്ണന്‍, കൊട്ടറ ഗോപാലകൃഷ്ണന്‍, എസി ഷണ്‍മുഖദാസ് എന്നിവരാണവര്‍. 1970 ഒക്ടോബര്‍ 4ന് പുതിയ നിയമസഭ നിലവില്‍ വന്നു. കോണ്‍ഗ്രസ് പിന്തുണയോടെ സി. അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി. ഭരണത്തുടര്‍ച്ച ഉണ്ടായ ഏക സംഭവം ഇതാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഉമ്മന്‍ ചാണ്ടി തുടര്‍ന്ന് തൊഴിലാളി മേഖലയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു.

രണ്ടാം ജയം (1977)
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 1975 സെപ്റ്റംബറില്‍ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പ് 1977 മാര്‍ച്ച് 19നാണു നടന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമൂഴം. 15,910 വോട്ടിനായിരുന്നു ജയം. ജനതാ പാര്‍ട്ടയിലെ പി.സി ചെറിയാന്‍ എതിര്‍സ്ഥാനാര്‍ഥി. 111 സീറ്റ് എന്ന സര്‍വകാല റിക്കാര്‍ഡ് നേടിയ യുഡിഎഫ് കെ. കരുണാകരന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 25ന് അധികാരത്തിലേറി. അതില്‍ ഉമ്മന്‍ ചാണ്ടി 33-ാം വയസില്‍ തൊഴില്‍വകുപ്പ് മന്ത്രിയായി. രാജന്‍ കേസിലെ കോടതിവിധിയെ തുടര്‍ന്ന് കരുണാകരന്‍ മന്ത്രിസഭ ഒരു മാസം കഴിഞ്ഞപ്പോള്‍ ഏപ്രില്‍ 25ന് രാജിവച്ചു. എകെ ആന്റണി 36-ാം വയസില്‍ മുഖ്യമന്ത്രിയായി. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ തുടര്‍ന്നു.

തൊഴില്‍മന്ത്രിയുടെ നേട്ടങ്ങള്‍

കേരളത്തില്‍ അന്നുണ്ടായിരുന്ന 15 ലക്ഷം തൊഴില്‍രഹിതര്‍ക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കി. തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂള കോളനിയില്‍ പുതിയ കോണ്‍ക്രീറ്റ് വീടുകള്‍ നിര്‍മിച്ചു.
പിഎസ്സി നിയമനപ്രായപരിധി 35 വയസാക്കി
ചുമട്ടുതൊഴിലാളി നിയമം പാസാക്കി.

ഇതിനിടെ കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ പിളര്‍ന്നു. 1978 ഒക്ടോബര്‍ 27നു ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. തുടര്‍ന്ന് പി.കെ വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചെങ്കിലും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് മന്ത്രിമാര്‍ തുടര്‍ന്നില്ല. അവര്‍ക്കു പകരം എസ്. വരദരാജന്‍ നായര്‍, എം.കെ രാഘവന്‍, എ.എല്‍ ജേക്കബ്, ദാമോദരന്‍ കാളാശേരി എന്നിവര്‍ മന്ത്രിമാരായി. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ മന്ത്രിസഭ രാജിവച്ചു. സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചെങ്കിലും കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണ നല്കുകയായിരുന്നു. രണ്ടര വര്‍ഷം മാത്രം ആയുസുണ്ടായിരുന്ന അഞ്ചാം നിയമസഭ നാലു മന്ത്രിസഭകള്‍ക്ക് സാക്ഷിയായി.

മൂന്നാം ജയം (1980)
കോണ്‍ഗ്രിസിലെ അഖിലേന്ത്യാ പിളര്‍പ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഒരു വിഭാഗം ദേവരാജ് അരശ് അധ്യക്ഷനായ കോണ്‍ഗ്രസിന്റെ ഭാഗമായി. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -യു ഉള്‍പ്പെട്ട ഇടതുമുന്നണിയില്‍ നിന്ന് മത്സരിച്ച് ഉമ്മന്‍ ചാണ്ടി13,659 വോട്ടിനു ജയിച്ചു. എംആര്‍ജി പണിക്കരായിരന്നു എതിര്‍ സ്ഥാനാര്‍ത്ഥി. മുന്നണി മാറിയിട്ടും ഭൂരിപക്ഷത്തില്‍ വലിയ വ്യത്യാസം ഉണ്ടായില്ല. ഇടതുമുന്നണിയോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടിയ ഉമ്മന്‍ ചാണ്ടിക്കു പകരം പി.സി ചാക്കോ, നായനാര്‍ മന്ത്രിസഭയില്‍ സ്ഥാനം കണ്ടെത്തി. 16 മാസം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്- യു മന്ത്രിസഭയക്കുള്ള പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ്- എ രൂപീകരിക്കുകയും ഉമ്മന്‍ ചാണ്ടി എ വിഭാഗത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുകയും ചെയ്തു.

കോണ്‍ഗ്രസ്- എ ഉള്‍പ്പെടുന്ന 71 പേരുടെ പിന്തുണയുമായി കെ കരുണാകരന്റെ നേതൃത്വത്തില്‍ 1981 ഡിസം 28ന് പുതിയ മന്ത്രിസഭ അധികാരത്തിലേറി. ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രിയായി.

ആഭ്യന്തര മന്ത്രിയുടെ നേട്ടങ്ങള്‍

പോലീസ് യൂണിഫോമില്‍ സമൂല മാറ്റം. പാവാട പോലുള്ള കാക്കിനിക്കറിനു പകരം പാന്റ്‌സ. കുന്തം പോലെ നീണ്ട തൊപ്പിക്ക് പുതിയ ഡിസൈന്‍. ലോനപ്പന്‍ നമ്പാടന്‍ എംഎല്‍എ കൂറുമാറിയതിനെ തുടര്‍ന്ന് കെ കരുണാകരന്‍ മന്ത്രിസഭ 80 ദിവസം കഴിഞ്ഞപ്പോള്‍ രാജിവച്ചു.

നാലാം ജയം (1982)
1982ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി തോമസ് രാജനായിരുന്നു എതിരാളി. ഉമ്മന്‍ ചാണ്ടി 15,983 വോട്ടിനു ജയിച്ചു. യുഡിഎഫ് 77 സീറ്റു നേടി. കോണ്‍ഗ്രസ് എയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, കെപി നൂറുദീന്‍ എന്നിവരുടെ പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു. സിറിയക് ജോണിന്റെ പേരു നിര്‍ദേശിച്ച് ഉമ്മന്‍ ചാണ്ടി സ്വയം പിന്മാറി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടു. 1982 ഡിസം. 13ന് ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന മഹാസമ്മേളനത്തില്‍ രണ്ടു കോണ്‍ഗ്രസുകളും ലയിച്ചു. കെ. കരുണാകരന്‍ നിയമസഭാ കക്ഷിനേതാവും ഉമ്മന്‍ ചാണ്ടി ഉപനേതാവുമായി. അതോടൊപ്പം യുഡിഎഫ് കണ്‍വീനറുമായി. കരുണാകരന്‍ 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി. 85 അവസാനമായപ്പോഴേക്കും പ്രതിച്ഛായ ചര്‍ച്ചയെ തുടര്‍ന്ന് വയലാര്‍ രവി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിഞ്ഞു. വകുപ്പുമാറ്റ പ്രക്രിയയില്‍ അതൃപ്തി രേഖപ്പെടുത്തി ഉമ്മന്‍ ചാണ്ടി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറി.

അഞ്ചാംജയം (1987)
1987ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സിപിഎമ്മിലെ വിഎന്‍ വാസവനെതിരേ 9,164 വോട്ടിനു ജയിച്ചു. ഇടതുമുന്നണി ജയിച്ച് നായനാര്‍ മുഖ്യമന്ത്രിയായി.

ആറാം ജയം (1991)
സിപിഎമ്മിലെ വി.എന്‍ വാസവന്‍ രണ്ടാം തവണയും ഏറ്റുൂമുട്ടി. 13,811 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജയം. 1991 ജൂണ്‍ 24ന് കെ. കരുണാകരന്‍ നാലാം തവണ മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടി ധനമന്ത്രിയുമായി.

ധനമന്ത്രിയുടെ നേട്ടങ്ങള്‍

ഖജനാവിന്റെ നില അന്ന് ഒട്ടും ഭദ്രമായിരുന്നില്ല. ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് കാര്യങ്ങള്‍ മുന്നോട്ടുപോയത്. 101 കോടി രൂപ കമ്മിയായിരുന്നത് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ 21.91 കോടി രൂപ മിച്ചം എന്ന സ്ഥിതിയിലാക്കി. ഓവര്‍ഡ്രാഫ്റ്റിന്റെ ആവശ്യം ഇല്ലാതായി. മൂന്നു വര്‍ഷത്തിനുള്ളില്‍ 5 ഡിഎ കുടിശിക നല്കിയതിന് 511 കോടി രൂപ വേണ്ടിവന്നു. 1992 ജൂണ്‍ 3ന് കെ കരുണാകരന്‍ വാഹനാപകടത്തില്‍പ്പെട്ടു. എ.കെ ആന്റണിയെ തോല്‍പ്പിച്ച് വയലാര്‍ രവി കെപിസിസി പ്രസിഡന്റായി. എം.എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നല്കാത്തതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ ചാണ്ടി 94 ജൂണ്‍ 16ന് ധനകാര്യമന്ത്രി സ്ഥാനം രാജിവച്ചു. വനംമന്ത്രി കെ.പി വിശ്വനാഥന്റെ രാജി, കൂത്തുപറമ്പ് വെടിവയ്പ് തുടങ്ങിയ വിവാദങ്ങളെ തുടര്‍ന്ന് കെ. കരുണാകരന്‍ 95 മാര്‍ച്ച് 16നു രാജിവച്ചു.

എ.കെ ആന്റണി 94 ഡിസംബറില്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നു രാജിവച്ചിരുന്നു. 95 മാര്‍ച്ച് 22ന് ആന്റണി മുഖ്യമന്ത്രിയായി. കെപി വിശ്വനാഥനു പകരം വിഎം സുധീരന്‍ മന്ത്രിയായി. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ചേര്‍ന്നില്ല. കെ കരുണാകരന്‍ കേന്ദ്രമന്ത്രിയായി.

ഏഴാം ജയം (1996)
സിപിഎമ്മിലെ റെജി സഖറിയക്കെതിരേ 10,155 വോട്ടിനു ജയിച്ചു. എന്നാല്‍ യുഡിഎഫ് തോറ്റു. ആന്റണി പ്രതിപക്ഷ നേതാവായി. നായനാര്‍ മൂന്നാംതവണ മുഖ്യമന്ത്രിയായി.

എട്ടാം ജയം (2001)
2001 മെയ് മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയില്‍ ലഭിച്ചത് അപ്രതീക്ഷിത എതിരാളി- ചെറിയാന്‍ ഫിലിപ്പ്. ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചെറിയാന്‍ ഫിലിപ്പിനെതിരേ 12,575 വോട്ടിനായിരുന്നു ജയം. 99 എംഎല്‍എമാരുമായി എകെ ആന്റണി മൂന്നാംവട്ടം മുഖ്യമന്ത്രിയായി. ഉമ്മന്‍ ചാണ്ടിക്കു പകരം കെവി തോമസ് മന്ത്രിയായി. ഉമ്മന്‍ ചാണ്ടി വീണ്ടും യുഡിഎഫ് കണ്‍വീനറായി. കെപിസിസി അധ്യക്ഷനും എംപിയുമായിരുന്ന കെ മുരളീധരന്‍ തത്‌സ്്ഥാനങ്ങള്‍ രാജിവച്ച് വൈദ്യുതി മന്ത്രിയായി. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ഒഴികെ 19 സീറ്റിലും യുഡിഎഫ് തോറ്റു.

തുടര്‍ന്ന് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് എകെ ആന്റണി സ്വയം രാജിവച്ചു. രാജി പിന്‍വലിക്കാന്‍ മുഴുവന്‍ എംഎല്‍എമാരും സമ്മര്‍ദം ചെലുത്തിയിട്ടും ആന്റണി വഴങ്ങിയില്ല. ഉമ്മന്‍ ചാണ്ടി 2004 ഓഗ.31ന് കേരളത്തിന്റെ 19-ാം മുഖ്യമന്ത്രിയായി. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോള്‍ ഇബ്രാഹിം കുഞ്ഞ് മന്ത്രിയായി. 2004 ഡിസംബര്‍ 26ന് സുനാമി ആഞ്ഞടിച്ചു. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. 2005 മെയ് ഒന്നിന് കരുണാകരവിഭാഗം പിളര്‍ന്ന് ഡിഐസി എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കി. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ഡിഐസിയും തമ്മില്‍ ധാരണ ഉണ്ടാക്കി നേട്ടം കൈവരിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം ആ ബന്ധം വേണ്ടെന്നു വച്ചു. രമേശ് ചെന്നിത്തല പുതിയ കെപിസിസി അധ്യക്ഷനായി. ഇതിനിടെ ആരോഗ്യമന്ത്രി രാമചന്ദ്രന്‍ മാസ്റ്റര്‍ രാജിവച്ചു. ദാവോസില്‍ ലോകസാമ്പത്തിക ഫോറത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമ്മന്‍ ചാണ്ടി അവിടെ ഐസില്‍ തെന്നിവീണ് ഇടുപ്പ് ഒടിഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെതിരേ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം 25 മണിക്കൂര്‍ സഭ ചര്‍ച്ച ചെയ്തു. ലാവ്‌ലിന്‍ കേസ് നിരത്തി ഭരണമുന്നണി അവിശ്വാസത്തെ അനായാസം അതിജീവിച്ചു. ഡിഐസി യുഡിഎഫില്‍ തിരിച്ചെത്തി. അവസാന നിമിഷം നടത്തിയ ഏച്ചുകെട്ടല്‍ തെരഞ്ഞെടുപ്പില്‍ മുഴച്ചുതന്നെ നിന്നു.

വിവാദങ്ങള്‍ക്കിടയിലും വികസന പദ്ധതികളും നിരവധി ക്ഷേമപദ്ധതികളും അരങ്ങേറി. ‘അതിവേഗം ബഹുദൂരം’ എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കി സര്‍ക്കാര്‍ കുതിച്ചു. 20 മാസം കേരളം വികസനത്തിന്റെയും കരുതലിന്റെയും മുന്നേറ്റം കണ്ടു.

ഒന്നാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍

 • നൂറുദിന കര്‍മപരിപാടി നടപ്പാക്കി.
 • എക്‌സപ്രസ് ഹൈവെക്കെതിരേ പ്രതിപക്ഷം രംഗത്തുവന്നതിനാല്‍ ഉപേക്ഷിച്ചു.
 • 14 ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പതിനായിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു.
 • സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു തുടക്കം
 • വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആഗോള ടെണ്ടര്‍ ക്ഷണിച്ച് മൂന്നു കമ്പനികള്‍ സംയുക്തമായി സമര്‍പ്പിച്ച ടെണ്ടറിന് അംഗീകാരം നല്കി. എന്നാല്‍ സുരക്ഷാ ക്ലീയറന്‍സ് ലഭിച്ചില്ല.
 • കൊച്ചി മെട്രോ നടപ്പാക്കാന്‍ തീരുമാനിച്ചു.
 • കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് അനുമതി.
 • മലയോര പാതക്ക് തുടക്കമിട്ടു.
 • രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം നിയമസഭയില്‍ അവതരിപ്പിച്ച വിഷന്‍ 2015 നടപ്പാക്കാന്‍ തീരൂമാനിച്ചു.
 • ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ ബേസ്‌ക്യാമ്പ് ഒരുക്കാന്‍ 110 ഹെക്ടര്‍ വനഭൂമി കേന്ദ്രത്തിന്റെ അനുമതിയോടെ നല്കി. പമ്പയില്‍ നിന്നു സന്നിധാനത്തിലേക്കുള്ള പാതയില്‍ 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിത മേഖലയില്‍ നിന്നു വിട്ടുകിട്ടുകയും ചെയ്തു.
 • കേന്ദ്രത്തില്‍ നിന്ന് 20,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നു.
 • പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയുടെ ബജറ്റ് എക്‌സ്പ്രസ് ആരംഭിച്ചു.

ഒന്‍പതാം ജയം (2006)
സിപിഎമ്മിലെ സിന്ധു ജോയിയായിരിന്നു മുഖ്യഎതിരാളി. ഉമ്മന്‍ ചാണ്ടി 19,863 വോട്ടിനാണ് ജയിച്ചു. വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ച് നാടകീയത ഉണ്ടാക്കിയ തെരഞ്ഞെടുപ്പില്‍ 98 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തിലേറി. യുഡിഎഫിന് 42 സീറ്റ്. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായി. സര്‍ക്കാരിന്റെ അഴിമതിയും ക്രമവിരുദ്ധ നടപടികളും തുറന്നുകാട്ടിയതോടൊപ്പം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലും ജനങ്ങളുടെ അടുത്തും അതിവേഗമെത്തി.
ലോട്ടറി തട്ടിപ്പുകള്‍, സാന്റിയോഗ മാര്‍ട്ടിന്റെ ലോട്ടറി ഇടപാട്, മെര്‍ക്കിസ്റ്റണ്‍ ഭൂമി തട്ടിപ്പ്, കൊറിയന്‍ കരാര്‍ തുടങ്ങിയവ തുറന്നു കാട്ടി. സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ വന്‍കിട പദ്ധതികളൊന്നും മുന്നോട്ടുപോയില്ല. പുതിയ ഒരു പദ്ധതിയും ഉണ്ടായില്ല.

പത്താം ജയം (2011)
സിപിഎമ്മിലെ സുജ സൂസന്‍ ജോര്‍ജായിരുന്നു ഇത്തവണ എതിര്‍ സ്ഥാനാര്‍ത്ഥി. 33,255 എന്ന പടുകൂറ്റന്‍ ഭൂരിപക്ഷം നേടിയാണ് ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയത്. കേരളം ശ്വാസമടക്കി നിന്ന വോട്ടെണ്ണലിലൂടെയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്- 72: 68. തുടര്‍ന്ന് 2011 മെയ് 18ന് ഉമ്മന്‍ ചാണ്ടി രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

വികസനവും കരുതലുമെന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം. സംഭവബഹുലമായ കാലഘട്ടം കൂടിയായിരുന്നു അത്. ടി.എം ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് പിറവത്ത് മകന്‍ അനൂപ് ജേക്കബ്, പിതാവ് നേടിയ 157 വോട്ടിന്റെ ഭൂരിപക്ഷത്തിനു പകരം 12070 വോട്ടിനു ജയിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍. ശെല്‍വരാജ് (സിപിഎം) തത്സ്ഥാനം രാജിവച്ച് യുഡിഎഫിലെത്തുകയും തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്തു. ഇതോടെ യുഡിഎഫിന്റെ ഭൂരിപക്ഷം 73 സീറ്റായി.

ടൈറ്റാനിയം കേസ്, പാമോയില്‍ കേസ്, പാറ്റൂര്‍ ഭൂമി കേസ് തുടങ്ങിയവ ഇടയ്ക്കിടയ്ക്ക് സര്‍ക്കാരിന് തലവേദനകള്‍ സൃഷ്ടിച്ചു. 2012ല്‍ ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ സിപിഎം പ്രതികള്‍ പിടിക്കപ്പെട്ടു. അരിയില്‍ ഷുക്കൂര്‍ വധം സിബിഐ അന്വേഷണത്തിനു വിട്ടു.

ബാറുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് 2013ല്‍ ബാര്‍ കോഴക്കേസ് പിടിച്ചുകുലുക്കി. തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 2015 നവം 10ന് കെഎം മാണി ധനമന്ത്രി സ്ഥാനം രാജിവച്ചു. 2013 ജൂണില്‍ സോളാര്‍ കേസിനു തുടക്കമിട്ടു. സര്‍ക്കാരിന്റെ അവസാനകാലത്ത് ചില ഭൂമിയിടപാടുകളും വിവാദമുയര്‍ത്തി.

2014 ജനുവരി ഒന്നിന് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി. തുടര്‍ന്ന് വി.എം സുധീരന്‍ കെപിസിസി അധ്യക്ഷനായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 12 സീറ്റ് നേടി. ദേശീയതലത്തില്‍ യുപിഎ തകര്‍ന്നപ്പോഴാണ് കേരളത്തില്‍ മികച്ച പ്രകടനം ഉണ്ടായത്. മൂന്നു ജനസമ്പര്‍ക്ക പരിപാടികള്‍ വന്‍വിജയമാകുകയും ഇന്ത്യയില്‍ ആദ്യമായി ഒരൂ മുഖ്യമന്ത്രിക്ക് യുഎന്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. വികസന പ്രവര്‍ത്തനങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും ഇരമ്പല്‍ കേട്ടു.

രണ്ടാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നേട്ടങ്ങള്‍

 • കൊച്ചി മെട്രോ ആലുവ- മഹാരാജാസ് ഗ്രൗണ്ട് സ്‌റ്റേഷന്‍ വരെ ട്രയല്‍ റണ്‍ വരെ നടത്തി.
 • കണ്ണൂര്‍ വിമാനത്താവളം പരീക്ഷണ പറക്കല്‍ നടത്തി.
 • സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു.
 • വിഴിഞ്ഞം പദ്ധതിക്കു തുടക്കം. 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപനം.
 • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് പച്ചക്കൊടി.
 • ഒരു കിലോ റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതി.
 • മെഡിക്കല്‍ കോളജുകളുടെ എണ്ണം 5ല്‍ നിന്ന് മഞ്ചേരി, പാലക്കാട്, ഇടുക്കി, എന്നിവ ഉള്‍പ്പെടെ 8 ആയി. പാലക്കാട്ട് പട്ടിക വിഭാഗത്തിന് മാത്രമായുള്ള മെഡി. കോളജ് രാജ്യത്തിനു മാതൃകയായി. 16 എണ്ണം ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കല്‍ കോളജ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. കോന്നി, കാസര്‍കോഡ് നിര്‍മാണം തുടങ്ങി. പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളജ്, കൊച്ചി സഹകരണ മെഡിക്കല്‍ കോളജ്, പരിയാരം മെഡിക്കല്‍ കോളജ് എന്നിവയുടെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി. വയനാട്, ഹരിപ്പാട് മെഡിക്കല്‍ കോളജുകളുടെ നിര്‍മാണ ഉദ്ഘാടനം നടത്തി.
 • പട്ടികജാതി മാനേജ്‌മെന്റിന്റെ കീഴില്‍ 3 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ തുടങ്ങി.
 • കേരളത്തില്‍ ആദ്യമായി 19 സ്വയംഭരണ കോളജുകള്‍ ആരംഭിച്ചു.
 • കാരുണ്യ പദ്ധതിയില്‍ 1.42 ലക്ഷം പേര്‍ക്ക് 1,200 കോടിയുടെ ചികിത്സാസഹായം.
 • ക്ഷേമപെന്‍ഷന്‍ ഏറ്റവും കുറഞ്ഞത് 600 രൂപ; 80 വയസ് കഴിഞ്ഞവര്‍ക്ക് 1200 രൂപ. പെന്‍ഷന്‍കാരുടെ എണ്ണം 12.9 ലക്ഷം ആയിരുന്നത് 34 ലക്ഷമാക്കി.
 • ്മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 798 കോടി രൂപ വിതരണം ചെയ്തു.
 • പാവപ്പെട്ടവര്‍ക്ക് 4,14,552 വീടുകള്‍ നിര്‍മിച്ചു.
 • 640 കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍. രാജ്യത്ത് കേരളം മാത്രമാണ് ഈ പദ്ധതി നടപ്പാക്കിയത്.
 • സബ് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ 595 ഇനം മരുന്നുകള്‍ സൗജന്യമാക്കി.
 • 18 വയസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്കുന്ന ആരോഗ്യകിരണം പദ്ധതി.
 • ഗര്‍ഭാവസ്ഥ മുതല്‍ നവജാത ശിശുവിന്റെ ഒരു വയസുവരെയുള്ള ചികത്സ വരെ സൗജന്യമാക്കിയ അമ്മയും കുഞ്ഞും പദ്ധതി.
 • അവയവ മാറ്റിവയ്ക്കലിന് നടപ്പാക്കിയ മൃതസഞ്ജിവിനി പദ്ധതിയില്‍ 683 പേര്‍ക്ക് പ്രയോജനം.
 • 25 പഞ്ചാത്തുകളില്‍ക്കൂടി പ്രാഥമികാരോഗ്യകേന്ദ്രം തുറന്നതോടെ മുഴുവന്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായി. .
 • 730 ബാറുകളും ബിവറേജസ് കോര്‍പറേഷന്റെ 52 ഔട്ട് ലെറ്റുകളും പൂട്ടി. 10 വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമിട്ടു. 10% ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വര്‍ഷം തോറും നിര്‍ത്തലാക്കും.
 • 112 വര്‍ഷം പഴക്കമുളള അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സീറോ അല്‍ക്കഹോളിക് പാനീയമായ നീര ചെത്തുന്നതിന് അനുമതി. 173 ലൈസന്‍സുകള്‍ നല്കി.
 • സ്റ്റാര്‍ട്ടപ്പില്‍ 900 പദ്ധതികള്‍ക്കു തുടക്കം.
 • 1,58,660 പേര്‍ക്ക് പിഎസ് സി നിയമനം. 16,815 പിഎസ്‌സിയിതര നിയമനങ്ങള്‍. പുതിയ ലിസ്റ്റ് വരുന്നതുവരെ പിഎസ്സി ലിസ്റ്റിന്റെ കാലാവധി നീട്ടി.
 • അധ്യാപക പാക്കേജില്‍ 17,000 എയ്ഡഡ് അധ്യാപകര്‍ക്ക് സംരക്ഷണാനുകൂല്യം.
 • 206 പാലങ്ങള്‍ പൂര്‍ത്തിയാക്കി.
 • കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ബൈപാസ് റോഡുകളുടെ നിര്‍മാണം ആരംഭിച്ചു.
 • യുഡിഎഫ് 90 ശതമാനം പൂര്‍ത്തിയാക്കിയ ഗെയില്‍ പദ്ധതിയാണ് ഇടതുസര്‍ക്കാര്‍ ഏറ്റവും വലിയ നേട്ടമായി പ്രചരിപ്പിക്കുന്നത്. സിപിഎമ്മിന്റെയും അവരോടൊപ്പം ചേര്‍ന്ന ചില തീവ്ര സംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ മറികടന്ന് ഗെയില്‍ വാതക പൈപ്പ് ലൈനിന് ആവശ്യമായ സ്ഥലം ഉപയോഗിക്കാന്‍ 90 ശതമാനം പേരില്‍ നിന്നും യുഡിഎഫ് അനുമതി നേടിയിരുന്നു. 28 സ്റ്റേഷനുകള്‍ക്ക് സ്ഥലമെടുപ്പ് വേണ്ടിയിരുന്നതില്‍ 15 ഉം യുഡിഎഫ് പൂര്‍ത്തിയാക്കി.
 • ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി നടത്തിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി. പരിസ്ഥിതി ലോലപ്രദേശത്തിന്റെ വ്യാപ്തി 13,108 ച.കി.മീയില്‍ നിന്ന് 9,994 ച.കി.മീ ആയി കുറച്ചു.
 • എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ കയറ്റണമെന്നു വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന്റെ തുടര്‍ച്ചയാണ് പിണറായി സര്‍ക്കാരും നല്കിയത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍, സുപ്രീം കോടതി അനുമതിയോടെ വിഎസ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിച്ച് ശബരിമലയില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ അതേപടി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും അതിനുള്ള നിയമപരവും ഭരണഘടനാപരവുമായ പിന്‍ബലവും ചൂണ്ടിക്കാട്ടി പുതിയ സത്യവാങ്മൂലം നല്കി.
 • ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട് വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ സമ്പത്തും രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളില്‍ ഭദ്രമായി സൂക്ഷിക്കപ്പെടും എന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പഴുതടച്ച സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി.
 • ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാവികരെ ഇന്ത്യന്‍ നിയമത്തിനു വിധേയമാക്കി വിചാരണ ചെയ്യാന്‍ നടപടി.
 • മൂന്നു ജനസമ്പര്‍ക്കപരിപാടികളിലൂടെ 11,45,449 പരാതികള്‍ പരിഹരിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജനസമ്പര്‍ക്ക പരിപാടിയെ യുഎന്‍ ആദരിച്ചു.
 • തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങളൊന്നും തെളിയിക്കാനായില്ല. യുഡിഎഫ് മന്ത്രിസഭയെടുത്ത തീരുമാനങ്ങളെക്കുറിച്ച് മന്ത്രി എകെ ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.
 • സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് വിവാദമായ കത്തും കത്തിന്റെ അടിസ്ഥാനത്തിലുള്ള മുഴുവന്‍ കാര്യങ്ങളും ഹൈക്കോടതി എടുത്തുകളഞ്ഞതോടെ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായി.
 • വിഴിഞ്ഞം തുറമുഖ കരാറില്‍ അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിനെ ജസ്റ്റീസ് സിഎന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു.

11-ാം ജയം (2016)
എസ് എഫ് ഐ നേതാവ് ജയ്ക്ക് സി.തോമസായിരുന്നു എതിരാളി. ഉമ്മന്‍ ചാണ്ടി 27,092 വോട്ടിനു ജയിച്ചു. യുഡിഎഫ്- 47, എല്‍ഡിഎഫ്- 91, ബിജെപി-1, സ്വത-1 എന്നിങ്ങനെ ആയിരുന്നു സീറ്റു നില. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി എല്ലാ ഭരണഘടനാപദവികളില്‍ നിന്നും മാറിനിന്നു. പിന്നീട് എഐസിസി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എന്നീ പദവികളിലേക്ക് ഉയര്‍ത്തപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close