NEWSTop NewsWORLD

ഉറങ്ങാൻ അനുവദിക്കാതെ നിർത്തിയത് ദിവസങ്ങളോളം; മാറിലും ജനനേന്ദ്രിയത്തിലും പരിക്കേൽപ്പിച്ചിട്ടും പിടിച്ചു നിന്നു; കള്ളമൊഴി നൽകേണ്ടി വന്നത് മകളെ കൺമുന്നിലിട്ട് ബലാത്സം​ഗം ചെയ്യുമെന്ന് പറഞ്ഞപ്പോൾ; ചാരക്കേസിലെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തി ഫൗസിയ ഹസൻ

കൊളംബോ: ഇന്ത്യയിൽ വീണ്ടും ഐഎസ്ആർഒ ചാരക്കേസ് വാർത്തകളിൽ ഇടംപിടിക്കുമ്പോൾ താൻ അനുഭവിച്ച പീഢനങ്ങൾക്കും അപമാനത്തിനും നീതി നേടി ഒരു വൃദ്ധ ശ്രീലങ്കയിൽ കഴിയുന്നുണ്ട്. ഒരു 79കാരി. രണ്ടേ രണ്ട് വാക്കുകൾ ഉപയോ​ഗിച്ച് പറഞ്ഞാൽ കേരളീയരാകെ അറിയുന്ന പേര്- ഫൗസിയ ഹസൻ. ചാരക്കേസിന് എരിവും പുളിവും പകരാൻ കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളും പൊലീസും മാധ്യമങ്ങളും വലിച്ചുകീറിയ പേര്. ഐഎസ്ആർഒ കേസിലെ ​ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതി സിബിഐയെ ചുമതലപ്പെടുത്തിയതോടെ തനിക്കും നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഫൗസിയ ഹസൻ. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ചാരക്കേസിൽ ക്രൂരമായ പൊലീസ് പീഡനത്തിനാണ് ഈ വനിത ഇരയായത്. മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് നീലക്കഥകൾ മെനഞ്ഞ് ചാരക്കഥകളെ പൊലിപ്പിച്ചു. അപ്പോഴും പൊതുസമൂഹത്തിന് മുന്നിൽ അപമാനിയായത് ഫൗസിയ ഹസനും ഒപ്പം മറിയം റഷീദയുമായിരുന്നു. പൊലീസ് മർദ്ദനത്തെ തുടർന്ന് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുമായി മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്.

നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്ന് ഫൗസിയ ആവശ്യപ്പെടുന്നത് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഇന്ത്യയിലെ അഭിഭാഷകനെ ഏർപ്പാടാക്കിയിരുന്നു എന്നും അവർ പറയുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് നടപടികൾ വൈകുകയാണെന്നും അവർ വെളിപ്പെടുത്തി.

പൊലീസുദ്യോഗസ്ഥർ തന്നെ ക്രൂരമായി മർദ്ദിച്ചാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ നിർബന്ധിച്ചതെന്ന് ഫൗസിയ വെളിപ്പെടുത്തുന്നു. അന്ന് രമണ്‍ ശ്രീവാസ്തവ കാണാന്‍ വന്നിരുന്നു. അദ്ദേഹം പറയുന്നത് പോലെ പറയാന്‍ പറഞ്ഞു. നമ്പി നാരായണനും ശശി കുമാറുമായി ബന്ധമുണ്ടെന്ന് പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. താന്‍ ഡോളര്‍ നല്‍കിയപ്പോള്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ രഹസ്യങ്ങള്‍ കൈമാറിയെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അവര്‍ എന്നെ ക്രൂരമായി അടിച്ചു. ദിവസങ്ങളോളം അവര്‍ രാത്രി എന്നെ ഉറങ്ങാതെ നിര്‍ത്തി. എന്റെ മാറിലും ജനനേന്ദ്രിയത്തിലും പരുക്കേല്‍പ്പിച്ചു. ഷൂസിട്ട് എന്റെ കാലിലും മുഖത്തും ചവിട്ടി. വിരലുകള്‍ക്കിടിയില്‍ പേനകള്‍ വെച്ച് ഞെരിച്ചു.

മംഗലാപുരത്ത് പഠിക്കുകയായിരുന്ന മകളെ കസ്റ്റഡിയിലേക്ക് കൊണ്ടുവരുമെന്നും എന്റെ മുന്‍പില്‍ വെച്ച് അവളെ ലൈംഗികമായി പീഡിപ്പിക്കുമെന്നും പറഞ്ഞു. അങ്ങനെ എനിക്ക് വ്യാജമൊഴി നല്‍കേണ്ടി വന്നു. ക്യാമറയ്ക്ക് മുന്‍പില്‍ വെച്ചായിരുന്നു മൊഴിയെടുത്തതെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.

തന്റെ കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ആ സമയത്ത് തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വെച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി. നഷ്ടപരിഹാരം നല്‍കിയാല്‍ ഞാന്‍ സ്വീകരിക്കും. ചികിത്സകള്‍ക്കായി തനിക്ക് ഇപ്പോള്‍ ഒരുപാട് പണം ചെലവാകുന്നുണ്ടെന്നും ഫൗസിയ കൂട്ടിച്ചേര്‍ത്തു.

ഇരയായവരിൽ മറിയം റഷീദയും

ശൂന്യതയിൽ നിന്നും ഉയർന്ന് വന്ന കഥയിൽ നിറംപിടിപ്പിച്ചെഴുതി മുഖ്യധാരാ മാധ്യമങ്ങളും രം​ഗത്ത് വന്നതോടെയാണ് ഐഎസ്ആർഒ ചാരക്കേസ് ആളിക്കത്തുന്നത്. കേരളീയ സമൂഹത്തിന് രൂക്ഷമായി വിമർശിക്കാൻ വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയായിരുന്നു ചാരക്കേസിന് തിരക്കഥ ഒരുക്കിയത്. ഉന്നത ഉദ്യോ​ഗസ്ഥരും പണവും പദവിയും സുന്ദരികളായ യുവതികളും കിടപ്പറയുമെല്ലാം പാകത്തിന് ചേർത്ത തിരക്കഥ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അച്ച് നിരത്തി അച്ചടിച്ച് വിതരണം ചെയ്തപ്പോൾ ക്രൂശിക്കപ്പെട്ടത് നിരവധി നിരപരാധികളായിരുന്നു.

മറിയം റഷീദ നമ്പിയുടെ കിടക്കയിൽ ട്യൂണ മത്സ്യത്തെ പോലെ പുളഞ്ഞു.”കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എ ഗ്രൂപ്പിന്റെ ഉപജാപക ശാലകളിൽ ഉരുത്തിരിഞ്ഞ ചാരക്കേസ് മലയാളികളെ വിശ്വസിപ്പിച്ച, മനോരമയുടെ വരികൾ ആണിത്. ഒരു ജീനിയസ് ആയ ശാസ്ത്രജ്ഞന്റെ ജീവിതവും ഒരു രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളും തകർത്ത ആ വ്യാജ വാർത്താ പരമ്പര പിന്നീട് മറ്റു പത്രങ്ങളും അന്നത്തെ പ്രതിപക്ഷവും ഏറ്റു പിടിച്ചു. തങ്ങളുടെ മാനസ പുത്രനെ അധികാരത്തിൽ ഏറ്റാനായിരുന്നു മനോരമ അന്ന് നിറംപിടിപ്പി്ച കഥകൾ അച്ചടിച്ചിറക്കിയത്.

ചാരക്കേസ് ഇങ്ങനെ..

1992 ൽ ഇന്ത്യയും റഷ്യയുമായി ക്രയോജനിക് വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള 235 കോടി രൂപയുടെ ഒരു കരാറിൽ ഒപ്പിട്ടു. അന്ന് അമേരിക്കയും ഫ്രാൻസും അതിലും കൂടിയ തുകയ്ക്ക് ഇന്ത്യയുമായി ഇതേ കരാർ ഉറപ്പികാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അമേരിക്ക 950 കോടിക്കും, ഫ്രാൻസ് 650 കോടിക്കും. പക്ഷെ റഷ്യ കുറഞ്ഞതുകയ്ക്ക് ഇന്ത്യയുമായി കരാർ ഒപ്പിട്ടതുമൂലം അമേരിക്കയ്ക്കും ഫ്രാൻസിനും ആ കച്ചവടം നഷ്ടമായി.

അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ബുഷ്‌ സീനിയർ, റഷ്യൻ പ്രസിഡണ്ട്‌ യെൽസിന് എഴുതിയ ഭീഷണിക്കത്തിൽ, ഈ കരാർ റദാക്കണമെന്നും ഇല്ലെങ്കിൽ രാജ്യത്തെ കരിമ്പട്ടികയിൽ പെടുത്തും എന്നും ഭീഷണിപ്പെടുത്തി. ഈ ഭീഷണിയിൽ ഭയന്ന റഷ്യൻ ഭരണകൂടം ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ വിസമ്മതിച്ചു. ഈ അവസ്ഥയിലാണ് ഇന്ത്യ സ്വന്തമായി ക്രെയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ദൌത്യത്തിലെ ആദ്യപടിയും ഏറ്റവും സുപ്രധാനമായ കാര്യവുമായിരുന്നു അത്.

നമ്പി നാരായണൻ എന്ന ഐ എസ് ആർ ഒ യിലെ ഏറ്റവും സമർഥനായ ശാസ്ത്രജ്ഞനായിരുന്നു അതിന്റെ ചുമതല. 1992 ലാണ് ഈ പ്രോജക്റ്റ് തുടങ്ങുന്നത്. ഇന്ത്യയെ ബഹിരാകാശ ഗവേഷണ രംഗത്തെ എലൈറ്റ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ നിരയിലെയ്ക്കുയർത്താൻ പര്യാപ്തമായ ഈ പ്രൊജക്ടിനെ മറ്റു രാജ്യങ്ങൾ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്.

ഈ പോജക്ടിന്റെ ഡയറക്ടരായിരുന്ന ഡോ നമ്പി നാരായണനെ 1994 ൽ, അന്ന് വരെ വികസിപ്പിചെടുത്തിട്ടിലായിരുന്ന, ക്രയോജനിക് സാങ്കേതിക വിദ്യ മാലിക്കാരായ രണ്ടു ചാര വനിതകൾക്ക് വിറ്റു എന്ന കള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ആ പ്രോജക്റ്റ് അവസാനിച്ചു. ഇന്ത്യയുടെ ബഹിരാകാശമോഹങ്ങൾക്ക് താൽക്കാലിക വിരാമമായി. ആ കേസ് ഇല്ലായിരുന്നു എങ്കിൽ, രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ, നമുക്ക് ലഭിക്കുമായിരുന്ന ഒരു സാങ്കേതിക വിദ്യ, അതുമൂലം ഭാരതത്തിന്‌ അന്താരാഷ്‌ട്ര തലത്തിൽ ലഭിക്കുമായിരുന്ന സ്ഥാനം, അധികാരം, എല്ലാം അവസാനിച്ചു. അതായത്, ഈ കേസുമൂലം, ഇത് മെനഞ്ഞെടുത്തവർ എന്തൊക്കെ ആഗ്രഹിച്ചോ അതെല്ലാം നടന്നു.

കരുണാകരന് അധികാരം നഷ്ടപ്പെടുകയും പിന്നീട് രാജ്യത്തെ പരമോന്നത നീതിപീഠം നമ്പി നാരായണനെ കുറ്റവിമുക്തനാക്കുകയും ചെയ്തെങ്കിലും നമ്പി നാരായണൻ ഇന്നും നീതിക്കായി പോരാടുകയാണ്. തനിക്ക് വേണ്ടത് നഷ്ടപരിഹാരമല്ല, ​ഗൂഢാലോചനയിൽ പങ്കാളികളായവരെ വെളിച്ചത്ത് കൊണ്ട് വരികയാണ് എന്ന് ആ പ്രതിഭ പറയുന്നതും അതുകൊണ്ടാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close