KERALANEWSTop News

ഉറയ്ക്കാത്ത ചുവടുകള്‍, 39 വര്‍ഷത്തിന് ശേഷം വീണ്ടും

കോട്ടയം: 39 വര്‍ഷത്തിന് ശേഷം ഇടതുപക്ഷവുമായുള്ള ബന്ധത്തിന് വീണ്ടും അടിത്തറപാകിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് (എം). 1964ല്‍ രൂപമെടുത്ത കേരള കോണ്‍ഗ്രസ് ,സി.അച്യുതമേനോന്റെ നേതൃത്വത്തില്‍ രൂപമെടുത്ത സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയായി 1969 നവംബര്‍ ഒന്നിന് കെ.എം.ജോര്‍ജ് അംഗമായതോടെയാണ് പാര്‍ട്ടിയുടെ മുന്നണി ബന്ധത്തിനു തുടക്കമായത്. അച്യുതമേനോന്‍ സര്‍ക്കാരില്‍ സിപിഐ, മുസ്‌ലിംലീഗ്, എസ്എസ്പി എന്നിവര്‍ക്കൊപ്പം അധികാരം പങ്കിട്ട കേരള കോണ്‍ഗ്രസ് അന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. മത്സരിക്കുന്ന സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ഭാഗമായി 1970 ല്‍ കേരള കോണ്‍ഗ്രസ് മുന്നണി വിട്ട് 1971 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ഐക്യമുന്നണിയുമായി ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം അവസാനിപ്പിച്ചു.

1975 ജൂണ്‍ 25 ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയുടെ ഭാഗമായി, അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഡിസംബര്‍ 26 ന് കെ.എം.മാണിയും ആര്‍.ബാലകൃഷ്ണപിള്ളയും മന്ത്രിമാരായി. 1979 ജൂലൈ 15 ന് കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങളായി പിളര്‍ന്നു. ഈ പിളര്‍പ്പ് കെ.എം.മാണിയെ സിപിഎമ്മിലേയ്ക്ക് അടുപ്പിക്കുകയും 1979 നവംബര്‍ 14 ന് ഇടതുപക്ഷവുമായി ചേര്‍ന്ന്
1980 ലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാണി ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 11 വര്‍ഷത്തെ ഇടവേളക്കു ശേഷം അധികാരത്തിലെത്തിയ നായനാര്‍ മന്ത്രിസഭയില്‍ അങ്ങനെ കെ.എം.മാണി ധനകാര്യമന്ത്രിയായി.
എന്നാല്‍ ഈ കൂടിച്ചേരലിനും അധിക നാള്‍ ആയൂസ്സ് ഉണ്ടായിരുന്നില്ല. 1981 ഒക്ടോബര്‍ 20 ന് കെ.എം.മാണി ഇടതുമുന്നണിക്കു നല്‍കിയ പിന്തുണ പിന്‍വലിച്ചതോടെ നായനാര്‍ സര്‍ക്കാര്‍ നിലംപതിച്ചു. രണ്ടു വര്‍ഷത്തെ ഇടതു ബന്ധം ഉപേക്ഷിച്ചു മാണി വീണ്ടും ജനാധിപത്യ മുന്നണിയുടെ ഭാഗമായി. മാണിക്കൊപ്പം ജോസഫ് വിഭാഗവും യുഡിഎഫിലെ ഘടകകക്ഷിയായി.

1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ സീറ്റു തര്‍ക്കത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് വിട്ടെങ്കിലും, മൂവാറ്റുപുഴയില്‍ സ്വതന്ത്രനായി മത്സരിച്ച പി.ജെ.ജോസഫിന് വിജയം നേടാന്‍ കഴിഞ്ഞില്ല. പിന്നിട് ഇടതുമുന്നണിയ്ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയത് ജോസഫ് വിഭാഗമായിരുന്നു.1991 ഏപ്രില്‍ 13ന് എല്‍ഡിഎഫിന്റെ ഭാഗമായ ജോസഫ് വിഭാഗം 19 വര്‍ഷകാലം ആ മണ്ണില്‍ ചുവടുറച്ചു നിന്നു. 2010 ഏപ്രില്‍ 30ന് ഈ ചുവടുറപ്പില്‍ ഇളക്കം സംഭവിക്കുകയും മേയ് 27ന് മാണി വിഭാഗം കേരള കോണ്‍ഗ്രസില്‍ പാര്‍ട്ടി ലയിക്കുകയും ചെയ്തു. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിനൊപ്പമാണു മത്സരിച്ചെങ്കിലും 2016 ഓഗസ്റ്റ് ഏഴിന് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാണിഗ്രൂപ്പ് ഇടതുമുന്നണിയുമായി കൈകോര്‍ത്തു. 2018 ജൂണ്‍ 8ന് വീണ്ടും യുഡിഎഫില്‍ തിരിച്ചെത്തി.

2019 ഏപ്രില്‍ 9 ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ജോസ് വിഭാഗത്തെ വീണ്ടും ഇടതുപക്ഷത്തുന്റെ വാതിലില്‍ എത്തിച്ചത്.കെ.എം.മാണിയുടെ മരണത്തെത്തുടര്‍ന്ന് അനൗദ്യോഗിക പിളര്‍ന്ന പാര്‍ട്ടിയില്‍,2019 ലെ പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം സ്ഥാനാര്‍ഥിക്ക് സംഭവിച്ച തോല്‍വി അപ്രതീക്ഷിതമായിരുന്നു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയായിരുന്നു പിന്നീട് കേരള കോണ്‍ഗ്രസിന് ഉള്ളില്‍ തര്‍ക്കങ്ങള്‍ ആളീകത്തിയത്.കരാര്‍ ലംഘിച്ച ജോസ് വിഭാഗത്തെ 2020 ജൂണ്‍ 29ന് യുഡിഎഫില്‍ നിന്നു പുറത്താക്കപ്പെട്ടതിന് ശേഷം അവരുടെ അടിയുറയ്ക്കാത്ത ചുവടുമാറ്റം അവസാനം ഒക്ടോബര്‍ 14ന് വീണ്ടും ഇടതുമുന്നണിയില്‍ എത്തിയിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close