KERALA

ഉറ്റവരെ കാണാന്‍ നാട്ടിലേക്കു തിരിച്ചവര്‍, മാടി വിളിച്ച് മരണം

ഒന്നുറങ്ങി എണീക്കുമ്പോഴേക്കും വീട്ടിലെത്താം, ഉറ്റവരെ കാണാം… ഈ പ്രതീക്ഷയില്‍ ഒന്നു മയങ്ങാന്‍ കണ്ണടച്ചവരും ഉണ്ടായിരുന്നിരിക്കണം ആ ബസില്‍. പുലര്‍ച്ചെ, മരണം അപകടത്തിന്റെ രൂപത്തില്‍ വഴിമധ്യേ കാത്തിരിക്കുന്നുണ്ടെന്ന് അറിയാതെ അവര്‍ യാത്ര ആരംഭിച്ചു. ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് തിരിച്ച കെ.എസ്.ആര്‍.ടി.സി. ബസ് തമിഴ്നാട് അവിനാശിയില്‍വെച്ചാണ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. ഡ്രൈവറും ഡ്രൈവര്‍ കം കണ്ടക്ടറും ഉള്‍പ്പെടെ ഇരുപതു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരില്‍ പത്തു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 23 പേര്‍ ആശുപത്രിയിലാണ്. കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍വെച്ച് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ടൈല്‍സുമായി കേരളത്തില്‍നിന്നു പോയ കണ്ടെയ്നര്‍ ലോറിയാണ് ബസില്‍ ഇടിച്ചത്. കേരള രജിസ്ട്രേഷനിലുള്ളതാണ് ഈ ലോറി. കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനു പിന്നാലെ ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ആകെ 48 പേരാണ് ബസിലുണ്ടായിരുന്നത്.
ബുധനാഴ്ച വൈകിട്ടോടെയാണ് ബസ് ബെംഗളൂരുവില്‍നിന്ന് തിരിച്ചത്. ബസ്സിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നുവെന്നാണ് സൂചന. ശിവരാത്രി അവധി കണക്കാക്കിയും തൊഴില്‍ ആവശ്യത്തിനായുമൊക്കെ യാത്ര തിരിച്ചവരായിരിക്കണം ഇവരെന്നാണ് സൂചന. കണ്ടെയ്നറിന്റെ ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ബസ്സിന്റെ വലതുഭാഗത്ത് ഡ്രൈവറും പിന്‍നിരയിലെ സീറ്റിലിരുന്നവരുമാണ് മരിച്ചത്. ഈ ഭാഗത്തേക്ക് കണ്ടെയ്നര്‍ ഇടിച്ചു കയറുകയായിരുന്നു. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. 25പേര്‍ എറണാകുളത്തേക്കും 19 പേര്‍ തൃശ്ശൂരിലേക്കും പാലക്കാട്ടേക്ക് നാലുപേരുമാണ് സീറ്റ് റിസര്‍വ് ചെയ്തിരുന്നത്.
അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍. യാത്രക്കാരില്‍ പലരുടെയും ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമായി പോയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ സമീപത്തേക്കു പോലും തെറിച്ചു. ബസിലും കണ്ടെയ്നര്‍ ലോറിയിലുമായി ചിതറിക്കിടന്ന ശരീരഭാഗങ്ങള്‍ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മാറ്റുകയായിരുന്നു. അപകടത്തില്‍ തകര്‍ന്ന ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Tags
Show More

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close