റോം: ‘ഉള്ളതെല്ലാം കെട്ടിപ്പെറുക്കിയെടുത്ത് തിരികെ വീട്ടുകാരുടെ അടുത്തെത്താന്‍ ഓടിയിറങ്ങുമ്പോള്‍ എന്ത് സര്‍ട്ടിഫിക്കറ്റ് കിട്ടാനാണ്? അതും തീര്‍ത്തും ഒറ്റപ്പെട്ട് ക്വാറന്റൈനിലായ ഈ ഇറ്റലിയില്‍’? റോമില്‍ വിമാനത്താവളത്തില്‍ ഫ്‌ലൈറ്റില്‍ കയറാന്‍ പോലുമാവാതെ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥിനി ഹിമ ചോദിക്കുന്നു. ഹിമയെപ്പോലെ നൂറ് കണക്കിന് ഇന്ത്യക്കാരാണ് റോമിലെയും മിലാനിലെയും വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ഗര്‍ഭിണിയും കുഞ്ഞുമടക്കമുള്ള മലയാളികളുണ്ട്.
മിലാന്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ചെക്കിന്‍ കൗണ്ടറിന് മുന്നില്‍ നൂറ് കണക്കിന് ഇന്ത്യക്കാര്‍ സ്വന്തം ബാഗേജുകളുമായി കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനത്തില്‍ കയറണമെന്നല്ല, ചെക്കിന്‍ ചെയ്യണമെങ്കില്‍ത്തന്നെ കൊവിഡ് 19 ഇല്ലെന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ സര്‍ക്കാര്‍ ഇങ്ങനെയൊരു സര്‍ക്കുലര്‍ പുറത്തിറക്കിയ വിവരം പലരും അറിഞ്ഞിരുന്നില്ല. പലരും ടിക്കറ്റ് ബുക്ക് ചെയ്ത് ലഗ്ഗേജുകളുമായി വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് ഈ വിവരം അറിഞ്ഞത്. ആര്‍ക്കും ഇനി പുറത്തിറങ്ങാന്‍ പറ്റുന്ന സാഹചര്യമില്ല. ഒറ്റപ്പെട്ടു കിടക്കുന്ന റോം അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികളില്‍ നിന്ന് അത്തരമൊരു സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയെന്നത് പ്രായോഗികവുമല്ല. പുറത്തുനിന്ന് ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഒരു വഴിയുമില്ലാത്ത ഇവര്‍ക്ക് ഇന്ത്യന്‍ എംബസി ഇടപെട്ട് ഒരു പരിശോധനാ സംവിധാനം ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടര്‍മാരടങ്ങിയ ഒരു സംഘം പരിശോധന നടത്തി കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി ഇവരെ തിരികെയെത്തിക്കാന്‍ ശ്രമിക്കുന്നതിന് പകരം, ഇവരെ എയര്‍പോര്‍ട്ടുകളില്‍ത്തന്നെ ഇരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. അത് എന്തുകൊണ്ടാണെന്നാണ് ഇവര്‍ ചോദിക്കുന്നത്.
എയര്‍പോര്‍ട്ടുകളില്‍ വെള്ളവും ഭക്ഷണവും പോലും കിട്ടാതെയാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരുമായി ഇവര്‍ തര്‍ക്കിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൈലറ്റുമാര്‍ക്ക് ഒന്നും ചെയ്യാനാകില്ലല്ലോ, എന്നും നിസ്സഹായരാണെന്നും പറഞ്ഞ് അവരും മടങ്ങിപ്പോകുന്ന ദൃശ്യങ്ങളും പുറത്തു വരുന്നു. ‘നിങ്ങള്‍ പറയൂ സര്‍, 10 മിനിറ്റ് മുമ്പ് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാല്‍ ഞങ്ങളെവിടെ നിന്ന് കൊണ്ടുവരാനാണ്? ഞങ്ങളെന്ത് തെറ്റ് ചെയ്തു? സ്വന്തം രാജ്യത്തെ പൗരന്‍മാരെ നിങ്ങളെന്തിന് കൈയൊഴിയുന്നു?’, എന്ന് കുടുങ്ങിക്കിടക്കുന്നവര്‍ ചോദിക്കുമ്പോള്‍ മറുപടി പറയാനാകാതെ നിസ്സഹായരായി പോവുകയാണ് എയര്‍ ഇന്ത്യ പൈലറ്റുമാര്‍. എയര്‍ ഇന്ത്യയുടെ കൗണ്ടറിലടക്കം മറുപടി നല്‍കാന്‍ ആരുമില്ല താനും. വിദ്യാര്‍ത്ഥികളും വൃദ്ധരുമടക്കം നിരവധിപ്പേര്‍ ഇവിടെ കാത്തിരിക്കുകയാണ്. ദില്ലി, ചെന്നൈ, ബെംഗളുരു, കൊച്ചി എന്നിങ്ങനെ ഒരു ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള ഫ്‌ലൈറ്റുകളിലും നിലവില്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത ഇന്ത്യന്‍ പൗരന്‍മാരെ ചെക്കിന്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആരും കൊറോണയും കൊണ്ടിങ്ങോട്ട് വരണ്ട എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കമന്റുകള്‍ കാണുന്നത് വേദനിപ്പിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. ‘സ്വന്തം വീട്ടുകാരാണെങ്കില്‍ ഇങ്ങനെ പറയുമോ?’, അവര്‍ ചോദിക്കുന്നു.
”മിലന്‍ എയര്‍പോര്‍ട്ടില്‍ മാത്രം എഴുപത് പേരുണ്ട്. ഒരു കുടുംബം ദുബായ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിനെന്താ ഞങ്ങളെ വേണ്ടേ? ഞങ്ങള്‍ സാധാരണമനുഷ്യരാണ്. എയര്‍പോര്‍ട്ടിലെ ഒരു ഐസൊലേഷന്‍ വാര്‍ഡ് പോലെ ഞങ്ങള്‍ ഒരു വശത്ത് മാറിയിരിക്കുകയാണ്. നല്ല തണുപ്പുള്ള കാലാവസ്ഥയാണ്. കുട്ടികളടക്കം തണുത്ത് വിറച്ചാണിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പരമാവധി ശ്രമിക്കുന്നുണ്ട്. അവര്‍ ഞങ്ങളെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഈ നടപടി എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ഒരാള്‍ക്കും ഇവിടെ പനിയോ ചുമയോ ഇല്ല. അങ്ങനെ ഉണ്ടോ എന്ന് എല്ലാവരും പരസ്പരം പരിശോധിക്കുന്നുമുണ്ട്. ഇന്ത്യന്‍ എംബസി എന്തുകൊണ്ട് ഒരു മെഡിക്കല്‍ ഫെസിലിറ്റി തരുന്നില്ല? പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ സംഘത്തെ തരുന്നില്ല? ഞങ്ങള്‍ പോകാന്‍ റെഡിയായി വന്നവരാണ്”, മലയാളി വിദ്യാര്‍ത്ഥി ഹിമ ചോദിക്കുന്നു.
‘ഉള്ളതെല്ലാം കെട്ടിപ്പെറുക്കിയെടുത്ത് തിരികെ വീട്ടുകാരുടെ അടുത്തെത്താന്‍ ഓടിയിറങ്ങുമ്പോള്‍ എന്ത് സര്‍ട്ടിഫിക്കറ്റ് കിട്ടാനാണ്?

Leave a comment
Leave a comment