INDIANEWS

‘ഉവൈസി ജിന്നയുടെ അവതാരം, നല്‍കുന്ന ഓരോ വോട്ടും ഇന്ത്യക്കെതിര്’ -ബി.ജെ.പി നേതാവിന്റെ പ്രസംഗം വിവാദമായി

ഹൈദരാബാദ്: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ വിവാദ പ്രസംഗവുമായി ബി.ജെ.പി നേതാവും എം.പിയുമായ തേജസ്വി സൂര്യ. എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയെ പാകിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയോട ഉപമിച്ചാണ് തേജസ്വി സൂര്യ വിവാദം സൃഷ്ടിച്ചത്.തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഉവൈസിക്കെതിരായി ബംഗളൂരു എം.പിയുടെ വിവാദ പരാമര്‍ശം. ജിന്നയുടെ അവതാരമായ ഉവൈസിക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.ഉവൈസിയും സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസിയും വര്‍ഗീയതയുടെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അവര്‍ ഹൈദരാബദില്‍ വികസനമല്ല മറിച്ച് രോഹിംഗ്യകളെയാണ് കൊണ്ടുവരുന്നതെന്നും സൂര്യ ആരോപിച്ചു.’നിങ്ങള്‍ ഉവൈസിക്ക് ഇവിടെ വോട്ട് ചെയ്താല്‍ അയാള്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലും ശക്തനായി മാറും. ആരാണ് ഉവൈസി ഉവൈസി ജിന്നയുടെ പുതിയ അവതാരമാണ്. നമുക്ക് അയാളെ തോല്‍പിക്കണം. ബി.ജെ.പിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും ഭാരതത്തിനും ഹിന്ദുത്വത്തിനും വേണ്ടിയുള്ളതാണ്. അത് നമ്മുടെ രാജ്യത്തെ ശക്തമാക്കും. ഉവൈസിക്കുള്ള വോട്ട്…എല്ലാ ഇന്ത്യക്കാരോടും പറയൂ… ഇന്ത്യക്കെതിരെയുള്ള വോട്ടാണ്….’ സൂര്യ പറഞ്ഞു.’അദ്ദേഹം (അസദുദ്ദീന്‍ ഉവൈസി) ജിന്ന സംസാരിച്ച കടുത്ത ഇസ്ലാമിക, വിഘടനവാദ, തീവ്രവാദ രാഷ്ട്രീയത്തിന്റെ ഭാഷയാണ് സംസാരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും ഉവൈസി സഹോദരന്മാരുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളണം. ഈ ഇസ്‌ലാമികവല്‍ക്കരണം നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, ഇതാണ് ഞങ്ങളുടെ തീരുമാനം’ -സൂര്യ കൂട്ടിച്ചേര്‍ത്തു.ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്. തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ടി.ആര്‍.എസിന്റെ സിറ്റിങ് സീറ്റായ ദുബ്ബക്കയില്‍ നേടിയ അട്ടിമറി വിജയത്തെത്തുടര്‍ന്ന് ബി.ജെ.പി പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close