INDIANEWSTop News

എംഎൽഎമാരായി അധികാരം ഏൽക്കില്ലെന്ന് ബിജെപി നേതാക്കൾ; പശ്ചിമ ബം​ഗാളിൽ ബിജെപി സാമാജികരുടെ എണ്ണം 77ൽ നിന്നും 75ആയി ചുരുങ്ങും; അഞ്ച് മണ്ഡലങ്ങളിൽ നിന്നും പ്രതിനിധികളില്ലാതെ ബം​ഗാൾ നിയമസഭ

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ബിജെപി എംഎൽഎമാരുടെ എണ്ണം 77 ൽ നിന്നും 75 ആയി ചുരുങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് സിറ്റിം​ഗ് എംഎൽഎമാർ തങ്ങളുടെ ലോക്സഭാ​ഗംത്വം ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ശാന്തിപൂർ, ദിൻ‌ഹത എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജഗന്നാഥ് സർക്കാർ, നിസിത് പ്രമാണിക് എന്നിവർ തങ്ങളുടെ എം‌എൽ‌എ പദവി ഉപേക്ഷിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സ്പീക്കർ ബിമാൻ ബാനർജിക്ക് കത്തയക്കും എന്നാണ് റിപ്പോർട്ടുകൾ. രണഘട്ട്, കൂച്ച് ബിഹാർ എന്നീ രണ്ട് ലോക്സഭാ സീറ്റുകൾ നിലനിർത്താൻ പാർട്ടിയുടെ പാർലമെന്ററി ബോർഡ് അനുകൂലമാണെന്ന് ബംഗാൾ ബിജെപി നേതാക്കൾ ചൊവ്വാഴ്ച സൂചിപ്പിച്ചു.

പാർലമെന്റ് അംഗത്വം നിലനിർത്തണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. ഇത് ഓരോന്നിനും പകരം ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളെ സേവിക്കാൻ അവസരം ലഭിക്കുമെന്നാണ് ഇരുവരുടെയും വാദം. പാർലമെന്റിൽ ഞാൻ സ്ഥാനം നിലനിർത്തണമെന്നാണ് ആ​ഗ്രഹമെന്ന് ജഗന്നാഥ് സർക്കാർ വെളിപ്പെടുത്തി. താൻ ബിജെപിക്കാരനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

57 വോട്ടുകൾക്കായിരുന്നു നിസിത് പ്രമാണിക് വിജയിച്ചത്. അദ്ദേഹവും നിയമസഭാം​ഗത്വം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ബിജെപി എംപിമാരുടെ തീരുമാനം കൂടി പുറത്ത് വന്നതോടെ മൊത്തം അഞ്ച് ബംഗാൾ നിയമസഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കും. തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർത്ഥികൾ മരിച്ചതിനെത്തുടർന്ന് മുർഷിദാബാദിലെ സാംസർഗഞ്ച്, ജംഗിപൂർ സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഖാർദയിൽ നിന്നുള്ള നോർത്ത്മൂർ സ്ഥാനാർത്ഥി (നോർത്ത് 24 പർഗാനാസ്) കാജൽ സിൻഹ ഫലപ്രഖ്യാപനത്തിന് മുമ്പ് അന്തരിച്ചു. ഫലം പുറത്ത് വന്നപ്പോൾ അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു.

പശ്ചിമ ബം​ഗാളിൽ ഇക്കുറി അധികാരം പിടിക്കും എന്ന പ്രഖ്യാപനവുമായി നരേന്ദ്രമോദിയും അമിത്ഷായും നേരിട്ട് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇക്കുറി നടന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പശ്ചിമബം​ഗാളിൽ ലഭിച്ചത് വെറും മൂന്ന് സീറ്റുകൾ മാത്രമായിരുന്നു. എന്നാൽ ഇക്കുറി 292 അം​ഗ നിയമസഭയിൽ 75 സീറ്റുകൽ നേടി പ്രധാന പ്രതിപക്ഷമാകാൻ ബിജെപിക്ക് കഴിഞ്ഞു. മൂന്നര പതിറ്റാണ്ടോളം ബം​ഗാൾ ഭരിച്ചിരുന്ന സിപിഎമ്മിനെ നിലംപരിശാക്കാനും ബിജെപിക്ക് കഴിഞ്ഞു. 2016ൽ ബം​ഗാൾ നിയമസഭയിൽ 44 സീറ്റുകളുമായി പ്രധാന പ്രതിപക്ഷമായിരുന്ന കോൺ​ഗ്രസിന് ഇക്കുറി ഒരു സീറ്റ് പോലും നേടാനായില്ല. കോൺ​ഗ്രസും ഇടത് പാർട്ടികളും ചേർന്ന സഖ്യം അമ്പേ തകർന്നടിയുന്ന കാഴ്ച്ചയാണ് ബം​ഗാളിൽ കാണാനാത്. കോൺ​ഗ്രസ്- ഇടത് മുക്ത ബം​ഗാളിൽ ഭരണം എന്നത് ബാലികേറാമലയല്ല എന്ന തിരിച്ചറിവ് ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close