
തിരുവനന്തപുരം: അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ മഹിളാ മോര്‍ച്ചാ ഭാരവാഹി സ്മിത മേനോന് പങ്കെടുത്ത വിഷയത്തില്‍ എം ടി രമേശിന്റെ വക്കാലത്തുമായി ആരും വരേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോട്ടയത്ത് ഇന്ന് നടന്ന മേഖലായോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെ ഭാരവാഹിയാക്കണമെന്ന് ഞങ്ങളാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നും നാളെമായിട്ടാണ് ജില്ലയില്‍ യോഗങ്ങള്‍ നടക്കുന്നത്. മഹിളാ മോര്‍ച്ച ഭാരവാഹിയാണ് സ്മിതാ മേനോന് എന്ന് തനിക്ക് അറിയില്ലെന്ന് എം ടി രമേശ് നേരത്തേ പ്രതികരിച്ചിരുന്നു.അതേസമയം മേഖലായോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ സ്മിതാ മേനോനെ പങ്കെടുപ്പിച്ച വിഷയത്തില്‍ മുരളീധരനെതിരെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചതോടെയാണ് ജില്ലയില്‍ നടന്ന യോഗത്തിലും വിമര്‍ശനമുണ്ടായത്. മുരളീധരനെ മാറ്റി നിര്‍ത്തണമെന്നും മുരളീധരനും സ്മിതാ മേനോനും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.എം ടി രമേശനുമായുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞ് മാറുകയാണ് മുരളീധരന് ചെയ്തത്. മറുചോദ്യം ചോദിച്ചും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും പറഞ്ഞാണ് മുരളീധരന് ഒഴിഞ്ഞ് മാറുന്നത്. കൃഷ്ണദാസ് പക്ഷത്തുനിന്നുള്ള എ എന്‍ രാധാകൃഷ്ണന് ഉള്‍പ്പെടെ യോഗത്തില്‍നിന്ന് വിട്ടുനിന്നു.