KERALANEWSTop News

എം ബി രാജേഷ് 15ാം കേരളാ നിയമസഭയുടെ സ്പീക്കര്‍ ; സഭയുടെ ശബ്ദമാകാന്‍ എംബി രാജേഷിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: 15ാം കേരളാ നിയമസഭയുടെ സ്പീക്കര്‍ ആയി എം ബി രാജേഷ്. രാജേഷിന് 96 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ പി സി വിഷ്ണുനാഥായിരുന്നു എതിരാളി. പിസി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. 136 അംഗങ്ങളാണ് വോട്ട് ചെയ്തത്. എല്‍ഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫ് വോട്ടുകള്‍ യുഡിഎഫിനും കിട്ടി. ഒറ്റവോട്ട് പോലും അസാധുവായില്ല. കന്നിയങ്കത്തില്‍ നിയമസഭയിലെത്തി സ്പീക്കറാകുന്ന ആദ്യആളാണ് എംബി രാജേഷ്. അറിവും അനുഭവം സമന്വയിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് എംബി രാജേഷെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സഭയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. സഭയുടെ ശബ്ദമാകാന്‍ എംബി രാജേഷിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം സഭ ഇന്ന് പിരിയും. 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. കഴിഞ്ഞ ദിവസം 136 എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭ സമ്മേളനത്തിന് തുടക്കമായിരുന്നു. കോവിഡ് നിരീക്ഷണത്തിലായതിനാല്‍ കെ.ബാബു, എം.വിന്‍സന്റ് എന്നിവര്‍ക്കും, ആരോഗ്യ പ്രശ്‌നങ്ങളാല്‍ വി. അബ്ദുറഹ്‌മാനും സത്യപ്രതിജ്ഞയ്ക്ക് എത്താനായില്ല.

പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിച്ചത്. 28നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിന് ബജറ്റവതരണം നടക്കും. ജൂണ്‍ 14 വരെയാണ് സഭാ സമ്മേളനം. തൃത്താലയില്‍നിന്നുള്ള എം.എല്‍.എയാണ് രാജേഷ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനുശേഷം പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി 28ന് വീണ്ടും ചേരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close