KERALANEWSTrending

എങ്ങനെ എങ്കിലും പോലീസ് അങ്കിൾ സൈക്കിൾ കണ്ടു പിടിച്ചു തരണമെന്ന് ഏഴാംക്ലാസുകാരി; മണിക്കൂറുകൾക്കുള്ളിൽ കീർത്തനയുടെ കളവുപോയ സൈക്കിൾ കണ്ടെത്തി എറണാകുളം സെൻട്രൽ പോലീസ്; കയ്യടിച്ച് സോഷ്യൽ മീഡിയയും

കൊച്ചി: ഏഴാം ക്ലാസുകാരിയുടെ കളവുപോയ സൈക്കിൾ കണ്ടെത്തി കൊടുത്ത എറണാകുളം സെൻട്രൽ പോലീസാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കീർത്തന എന്ന പെൺകുട്ടി സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറിനെ ഫോണിൽ വിളിച്ച് പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് ടീം കളവുപോയ സൈക്കിൾ കണ്ടെത്തി തിരികെ നൽകിയത്.

ഇന്നലെയാണ്എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറിന് മൊബൈലിൽ ഒരു കോൾ വരുന്നത്. തന്റെ പേര് കീർത്തന എന്നാണെന്നും എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നതാണെന്നും സാറിന്റെ സഹായം വേണമെന്നുമായിരുന്നു കോളിൽ നിഷ്കളങ്കയായ ആ കുട്ടി പറഞ്ഞത്. വാത്സല്യത്തോടെ കുട്ടിയുടെ ആവശ്യം എന്താണെന്ന് ചോദിച്ചപ്പോൾ തങ്ങൾ കുടുബമായി മഹാരാജാസ് കോളെജിന് പുറകിൽ വാടകയ്ക്ക് താമസിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി തിരികെ വന്നപ്പോൾ വീട്ടിൽ വച്ചിരുന്ന തന്റെ സൈക്കിൾ കാണാനില്ല എന്നും അറിയിച്ചു. ആ സൈക്കിൾ തന്റെ സ്വപ്നം ആയിരുന്നു എന്നും രണ്ട് വർഷം കൊണ്ട് പണം സ്വരൂപിച്ചു ഉണ്ടാക്കിയതാണെന്നും എങ്ങനെ എങ്കിലും പോലീസ് അങ്കിൾ സൈക്കിൾ കണ്ടു പിടിച്ചു തരണമെന്നും പറഞ്ഞു.

കുട്ടിയുടെ വിഷമം ക്ഷമയോടെ കേട്ടിരുന്ന ഇൻസ്പെക്ടർ നിസാറിന്റെ സ്നേഹപൂർവ്വമുള്ള ഉറപ്പിൽ ആ കുട്ടി ഫോൺ കട്ട് ചെയ്തു.
കോവിഡ് ഡ്യൂട്ടിത്തിരക്കിനിടയിലും ആ കുട്ടിയുടെ ആവശ്യം അവഗണിക്കാതെ അന്വേഷണത്തിനായി നിർദേശം നൽകുകയും ഏതാനും മണിക്കൂറിനുള്ളിൽ തന്നെ സെൻട്രൽ ടീം സൈക്കിൾ കണ്ടെത്തി. ഈ സന്തോഷവാർത്ത ഫോണിലൂടെ അറിയിച്ചപ്പോൾ സന്തോഷത്തോടെ വാക്കുകൾ കൊണ്ട് നന്ദിയറിയിച്ചതോടൊപ്പം ആ കൊച്ചു മിടുക്കി ഇന്‍സ്പെക്റ്ററുടെ വാട്സാപ്പിൽ ഒരു കത്ത് കൂടി അയച്ചു. നന്ദിയറിയിച്ചുള്ള വരികളും പോലീസിന്റെ ചിത്രവുമെല്ലാം അടങ്ങിയതായിരുന്നു ആ കത്ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close