
ഭോപാല്‍: മധ്യപ്രദേശില്‍ സ്ഫോടകവസ്തു ഉപയോഗിച്ച് എ.ടി.എം തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ എന്‍ജിനീയറിങ് ബിരുദധാരി ഉള്‍പ്പെടെ ആറംഗസംഘം അറസ്റ്റില്‍. ഏഴു എ.ടി.എമ്മുകളില്‍നിന്നായി 46 ലക്ഷം രൂപയാണ് സംഘം കവര്‍ന്നത്. എ.ടി.എമ്മുകളില്‍ എത്രത്തോളം പണം നിറച്ചിട്ടുണ്ടെന്ന് പരിശോധിച്ച ശേഷം ജലാറ്റിന്‍ സ്റ്റിക്കും മോട്ടോര്‍സൈക്കിള്‍ ബാറ്ററിയും ഉപയോഗിച്ച് എ.ടി.എമ്മിലെ കാഷ് ട്രേക്ക് സമീപം സ്ഫോടനമുണ്ടാക്കിയാണ് കവര്‍ച്ച. ടെലിവിഷനിലെ കുറ്റകൃത്യപരിപാടികള് കണ്ടശേഷമായിരുന്നു പദ്ധതി ആസൂത്രണം.
ദാമോ, ജബല്‍പുര്‍, പന്ന, കട്നി ജില്ലകളിലെ ഏഴ് എ.ടി.എമ്മുകളിലാണ് കവര്‍ച്ച നടത്തിയത്. ജൂലൈ 19ന് നടത്തിയ കവര്‍ച്ചയില്‍ പന്നയിലെ എ.ടി.എമ്മില്‍നിന്ന് 22ലക്ഷം രൂപ കവര്‍ന്നിരുന്നു. ദേവേന്ദ്ര പട്ടേല്‍, സന്തോഷ് പട്ടേല്‍, നീതീഷ് പട്ടേല്‍, ജയ്റാം പട്ടേല്‍, രാകേഷ് പട്ടേല്‍, സൂരത്ത് ലോധി എന്നിവരാണ് പിടിയിലായത്.
കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍ 28 കാരനായ ദേവേന്ദ്ര പട്ടേല്‍ എന്‍ജിനീയറിങ് ബിരുദധാരിയും സിവില്‍ സര്‍വിസ് പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരിക്കുന്നയാളുമാണ്. ടെലിവിഷനിലെ കവര്‍ച്ച, കുറ്റകൃത്യ പരിപാടികള്‍ നിരന്തരം വീക്ഷിച്ച് കവര്‍ച്ചക്ക് തയാറെടുക്കുകയായിരുന്നു. സംഘത്തിന്റെ പക്കല്‍നിന്നും പണവും കവര്‍ച്ചക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കണ്ടെടുത്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് അനില്‍ ശര്‍മ പറഞ്ഞു.
25.57ലക്ഷം രൂപ, 3.50 ലക്ഷം രൂപയുടെ വ്യാജനോട്ട്, രാജ്യത്ത് നിര്‍മിച്ച
രണ്ടു തോക്കുകള്‍, എട്ടു വെടിയുണ്ടകള്‍, ഡിറ്റനേറ്ററുകള്‍, കളര്‍ പ്രിന്റര്‍,
മൂന്ന് മോട്ടോര്‍ സൈക്കിളുകള്‍, ജലാറ്റിന്‍ സ്റ്റിക്ക്, മൊബൈല്‍ ഫോണുകള്‍,
ലാപ്ടോപ്പ് എന്നിവ സംഘത്തില്‍നിന്ന് കണ്ടുകെട്ടി.