KERALA

എട്ടുകോടി മുതല്‍മുടക്കിയ ചെല്ലാനം പദ്ധതി പാഴായിക്കൊണ്ടിരിക്കുന്നു

കൊച്ചി : എട്ടുകോടി മുതല്‍മുടക്കില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ചെല്ലാനം പദ്ധതി പാഴായിക്കൊണ്ടിരിക്കുന്നു. ചെല്ലാനത്തുള്ള മുന്നൂറിലധികം കുടുംബങ്ങളുടെ ആശങ്കക്കുള്ള പരിഹാരമായാണ് ഈ പദ്ധതി വന്നത്. തീരദേശ മണ്ണൊലിപ്പ് തടയാനായി കടല്‍ത്തീരത്ത് ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. അതിന്റെ ഭാഗമായി ജനുവരിയില്‍ എട്ടു ട്യൂബുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇവയില്‍ രണ്ടെണ്ണം വെള്ളിയാഴ്ചത്തെ ഉയര്‍ന്ന വേലിയേറ്റത്തില്‍ നശിച്ചതിനാല്‍ ഇവയുടെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാര്‍. കൃത്യമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെയാണ് ഈ പദ്ധതിയ്ക്കായി കോടികള്‍ മുതല്‍മുടക്കിയിരിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇതിനുമുമ്പ് വേളാങ്കണ്ണിയില്‍ സ്ഥാപിച്ച ജിയോട്യൂബുകള്‍ നശിക്കുകയും അതില്‍ നിറച്ച മണ്ണ് ഒലിച്ചുപോവുകയും ചെയ്തിരുന്നു. ചെല്ലാനത്തും സമാനമായ അവസ്ഥയാണ്. ജിയോട്യൂബുകള്‍ നശിച്ചതിനെത്തുടര്‍ന്ന് കടല്‍ത്തീരത്തിന് സമീപം ജലസേചന വകുപ്പ് സാന്‍ഡ്ബാഗുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വീടുകളിലേക്ക് വെള്ളം ഒഴുകുന്നുണ്ട്.
വെള്ളം വീടുകളിലേക്ക് കയറുമോയെന്ന ഭയത്താല്‍ രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല എന്ന് സ്ഥലവാസികള്‍ പറഞ്ഞു. ജിയോബാഗുകള്‍ പൂര്‍ണമായും ഉടനെ തകരുമെന്നും കടല്‍ കരയെ വിഴുങ്ങുമെന്നും ് അവര്‍ കൂട്ടിച്ചേര്‍ത്തു. തകര്‍ന്ന ബാഗുകളുടെ അറ്റകുറ്റപ്പണികള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നാണ് ഭരണകൂടം അറിയിച്ചത്. തീരദേശ സംരക്ഷണത്തിനായി പത്തു ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് രണ്ടു ലക്ഷം രൂപവീതം അനുവദിക്കുമെന്ന് ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പക്ഷെ ചെല്ലാനത്ത് അതെങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

Tags
Show More

Related Articles

Back to top button
Close