INSIGHTTop News

എട്ടുമണിക്കൂർ ജോലി എന്ന മുദ്രാവാക്യവുമായി ചിക്കാ​ഗോ തെരുവുകളിൽ അണിനിരന്നത് ജനലക്ഷങ്ങൾ; മർക്കട മുഷ്ടികൊണ്ട് സമരത്തെ നേരിട്ട് അധികാരികളും; ലോകമെങ്ങും ആവേശത്തോടെ ആചരിക്കുന്ന സാർവദേശീയ തൊഴിലാളി ദിനത്തിന്റെ കഥ

തിരുവനന്തപുരം: ഇന്ന് മെയ് ഒന്ന്. സാർവദേശീയ തൊഴിലാളി ദിനം. 1886 മെയ് ഒന്നിന്ന് ചിക്കാഗോയില്‍ പ്രക്ഷോഭം നടത്തുന്നതിന് തീരുമാനിച്ചു. ചിക്കാ​ഗോയിൽ 1886 മെയ് 1 ന് ആരംഭിച്ച ചരിത്ര പ്രസിദ്ധമായ പണിമുടക്ക് സമരത്തിന്റെയും അതേ തുടർന്നുണ്ടായ രക്തസാക്ഷിത്വങ്ങളുടെയും ഓർമ്മയിലാണ് മെയ് ദിനം ആചരിക്കുന്നത്. എട്ട് മണിക്കൂർ തൊഴിൽ, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദത്തിനും പഠനത്തിനും എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രക്ഷോഭം. വടക്കേ അമേരിക്കയിലെ വിവിധ തൊഴിലാളി സംഘടനകൾ ചേർന്ന സെൻട്രൽ ലേബർ യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം.

പ്രക്ഷോഭത്തിന്റെ ഭാ​ഗമായി മൂന്നര ലക്ഷം തൊഴിലാളികൾ ചിക്കാഗോ നഗരത്തില്‍ എത്തിച്ചുവെന്നാണ് കണക്ക്. എട്ടു മണിക്കൂര്‍ തൊഴില്‍ എന്ന മുദ്രാവാക്യവുമായി നടന്ന സമരം ലോകവ്യാപകമായി തൊഴിലാളി പ്രസ്ഥാനങ്ങളെ അവേശഭരിതരാക്കി. പലതൊഴിലാളി യൂണിയനുകളും ഈ പണിമുടക്കില്‍ പ്രചോദിതരായി ലോകത്തിന്റെ നാനാമേഖലകളില്‍ സമരങ്ങള്‍ ആരംഭിച്ചു.

1886ല്‍ നടന്ന പൊതു പണിമുടക്ക് തൊഴിലാളി വര്‍ഗത്തിന് എതിരായ മുതലാളി ചൂഷകവര്‍ഗത്തിന്റെ നിഷ്ഠൂരമായ പ്രതികാര നടപടികള്‍ക്ക് വഴിവച്ചു. സമരത്തിനോട് അനുബന്ധിച്ച് മെയ് മൂന്നിന് നടന്ന വെടിവയ്പില്‍ 6 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ ഒത്തുചേര്‍ന്ന തൊഴിലാളികളെ പൊലീസ് അറസ്റ്റു ചെയ്തു. ക്രൂരമര്‍ദനം അഴിച്ചുവിട്ടു. നിരവധി തൊഴിലാളികളുടെ പേരില്‍ പൊലീസ് കള്ളക്കേസ് കെട്ടിച്ചമച്ച് തുറങ്കലില്‍ അടച്ചു. ഇവരില്‍ ജോര്‍ജ്ജ് എംഗല്‍, അഡോള്‍ഫ് ഫിഷര്‍, ആല്‍ബര്‍ട്ട് പാര്‍സണ്‍സ്, അഗസ്റ്റ് സ്‌പൈസ് എന്നിവരെ തൂക്കിലേറ്റി.

സാമുവല്‍ ഫീല്‍ഡെന്‍, ഓസ്‌ക്കാര്‍ നീബി, മൈക്കല്‍ ഷ്വാബ്, ലൂയി ലിന്‍ഗ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ലൂയി ലിന്‍ഗ് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു എന്ന് പിന്നീട് പൊലീസ് പ്രചരിപ്പിച്ചു. ലോകത്തെമ്പാടും തൊഴിലാളികള്‍ സംഘടിക്കാനും കരുത്തുറ്റ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നതിനും കഴിഞ്ഞു എന്നത് ചരിത്രത്തിന്റെ ആവേശകരമായ അനുഭവങ്ങള്‍. യൂറോപ്പിലും, അമേരിക്കയിലും ഉള്ള തൊഴിലാളി വര്‍ഗം ചുവന്ന കൊടിക്കീഴില്‍ ഒരൊറ്റ ശക്തിയായി എട്ട് മണിക്കൂര്‍ ജോലി സമയം എന്ന അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിപടയാളികളായി. ഐതിഹാസികമായ ഈ സംഭവത്തിന്റെ ഓര്‍മയ്ക്കായാണ് മെയ് ഒന്ന് മെയ്ദിനം അഥവാ ലോക തൊഴിലാളിദിനമായി ആചരിക്കുന്നത്. 1893ല്‍ ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയെ അനുസ്മരിച്ചുകൊണ്ടുള്ള സ്മാരകം നിര്‍മിക്കപ്പെട്ടു.

പശ്ചാത്തലം

പതിനെട്ടാം നൂറ്റാണ്ടിൽ ആരംഭിച്ച വ്യവസായ വിപ്ലവത്തിന്റെ ഫലമായി ഉയര്‍ന്നുവന്ന മുതലാളി കുത്തക വര്‍ഗ്ഗം തൊഴിലാളികളെ ചൂഷണോപാധിയായാണ് ഉപയോഗിച്ചത്. പുരുഷ തൊഴിലാളികള്‍ മാത്രമല്ല സ്ത്രീകളും കുട്ടികളുംപോലും 1216 മണിക്കൂര്‍ പണിയെടുക്കണം. കൂലിയാണെങ്കില്‍ തുച്ചവും.

ഈ സാമൂഹ്യ പരിസരത്താണ് എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ പഠനവും വിനോദവും എന്ന മുദ്രാവാക്യം ഉയര്‍ന്നുവരുന്നത്. ഇതോടൊപ്പംതന്നെ തുല്യജോലിക്ക് തുല്യവേതനം, ബാലവേല അവസാനിപ്പിക്കുക, തൊഴില്‍ സുരക്ഷിതത്വം എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ന്നുവന്നു. ഇതോടെയാണ് അമേരിക്കയിലെ സെൻട്രൽ ലേബർ യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്.

ഇന്ത്യയിലും ആവേശമായി മെയ്ദിനം

1889 ജൂലൈ 14ന് പാരീസില്‍ ചേര്‍ന്ന രണ്ടാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലാണ് മെയ്ദിനം സാർവദേശീയ തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1890 മുതലാണ് മെയ് ദിനം ആചരിച്ച് തുടങ്ങിയത്. 1923 മുതല്‍ക്കേ മെയ്ദിനം ഇന്ത്യയില്‍ ആചരിക്കുന്നുണ്ടായിരുന്നുവെങ്കിലും 1927ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എഐടിയുസി സമ്മേളനമാണ് എല്ലാ പ്രവിശ്യകളിലെ കമ്മിറ്റികളോടും മെയ്ദിനം ആചരിക്കാന്‍ ഔദ്യോഗികമായി ആവശ്യപ്പെടുന്നത്.

1923 മെയ് 1 ന് മദ്രാസിലെ മറീന ബീച്ചില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ഇന്ത്യയിലാദ്യമായി മെയ്ദിനം ആചരിക്കുന്നത്. ആ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മലയാപുരം ശിങ്കാരവേലു ചെട്ടിയാര്‍ മെയ്ദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഒരു പ്രമേയത്തിലൂടെ ഉന്നയിക്കുകയും ചെയ്തു. 1950ല്‍ താനെ ജയിലിനുള്ളില്‍ നടന്ന മെയ്ദിനാചരണം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. അന്ന് ജയിലിനുള്ളില്‍ രക്തപതാക ഉയര്‍ത്തി തടവുകാര്‍ നടത്തിയ മെയ്ദിനാചരണം ലാത്തി ചാര്‍ജിലാണ് കലാശിച്ചത്. 14 തടവുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തൃശൂരിലാണ് കേരളത്തില്‍ ആദ്യമായി മെയ് ദിനാചരണം നടന്നതെന്നാണ് ചരിത്രം. ‘ലേബേഴ്‌സ് ബ്രദര്‍ഹുഡ്’ എന്ന തൊഴിലാളി പ്രസ്ഥാനം കെ കെ വാര്യര്‍, എം എ കാക്കു, കെ പി പോള്‍, കടവില്‍ വറീത്, കൊമ്പന്റെ പോള്‍, ഒ കെ ജോര്‍ജ്, കാട്ടൂക്കാരന്‍ തോമസ് എന്നീ ഏഴുപേരുടെ നേതൃത്വത്തിലാണ് ആദ്യ മെയ്ദിന റാലി സംഘടിപ്പിച്ചത്. 1936 ലെ മെയ്ദിനത്തിലായിരുന്നു ഇത്. ലോക തൊഴിലാളി ഫെഡറേഷനും, എഐടിയുസി, സിഐടിയു, യുടിയുസി ഉള്‍പ്പെടെ തൊഴിലാളി സംഘടനകള്‍ മെയ്ദിനം വർഷങ്ങളായി സമുചിതമായി ആചരിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close