
ചന്ദ്രപ്പൂര്‍ :കോവിഡ് 19 മഹാമാരി ലോകമെങ്ങും പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യശുശ്രുഷ സാമൂഹിക അകലവും നിയന്ത്രണങ്ങളും പാലിച്ച് നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് വേറിട്ടൊരു വ്യക്തിത്വം സൃഷ്ടിക്കുകയാണ് മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍ ജില്ലയില്‍ നിന്നുള്ള 87 കാരനായ ഡോക്ടര്‍ രാമചന്ദ്ര ദന്തേഖാര്‍.ഇക്കാലത്ത് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വീടിന് പുറത്തിറങ്ങാതെ സ്വന്തം ആരോഗ്യം സംരക്ഷിക്കണമെന്ന് പറയുമ്പോള്‍,ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാത്ത വിദൂര ഗ്രാമങ്ങളില്‍ ഓരോ വീടുകളിലുമെത്തി ചികിത്സ നല്‍കുകയാണ് ഇദ്ദേഹം.
കോറോണ കാലത്തെ മാത്രം സേവനമല്ല ദന്തേഖാറിന്റേത്.ചെരിപ്പുകളൊന്നും ഉപയോഗിക്കാതെ ഈ ഹോമിയോപ്പതി ഡോക്ടര്‍ കഴിഞ്ഞ 60 വര്‍ഷമായി കുറഞ്ഞത് പത്ത് കിലോമീറ്ററെങ്കിലും സൈക്കിളില്‍ സഞ്ചരിച്ചാണ് ഗ്രാമീണര്‍ക്ക് അവരുടെ വീടുകളിലെത്തി വൈദ്യസഹായം നല്‍കുന്നത്.ചന്ദ്രപ്പൂര്‍ ജില്ലയിലെ മുള്, പൊംബുര്ന, ബല്ലാര്‍ഷ താലൂക്കുകളിലാണ് ഡോക്ടറുടെ സേവനങ്ങള്‍.
ഈ എണ്‍പത്തിയേഴാം വയസ്സിലും കണ്ണടയുടെ സഹായമില്ലാതെ വായിക്കാനും ദീര്‍ഘദൂരം സൈക്കിള്‍ ചവിട്ടാനും ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്. സൈക്കിളില്‍ ബാഗുകളും മരുന്നുകളുമായി രാവിലെ ആറരയോടെ അദ്ദേഹം തന്റെ രോഗികളുടെ അടുത്തേക്ക് ഇറങ്ങും.കോവിഡ് കാലത്തും ഡോക്ടറുടെ ദിനചര്യകള്‍ക്കും ശീലങ്ങള്‍ക്കും മാറ്റമുണ്ടായിട്ടില്ല. സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നതുള്പ്പടെയുള്ള നല്ല ജീവിതശൈലിയുള്ളതിനാല് അദ്ദേഹം ആരോഗ്യവാനാണ്. ഇതുവരെയും പ്രമേഹം, അമിത രക്തസമ്മര്‍ദം തുടങ്ങിയ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. ഫീസ് ചോദിച്ചുവാങ്ങുന്ന ശീലമൊന്നും ഡോക്ടര്‍ക്കില്ല. ആരെങ്കിലും ഫീസ് നല്കിയാല് വാങ്ങുമെന്ന് മാത്രം. മുന്‍പ് ഗ്രാമങ്ങളില്‍ തന്നെ ഒന്നും രണ്ടും ദിവസം താമസിച്ച് ചികിത്സ നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രായമായതിനാല്‍ രാവിലെ എത്തി വൈകുന്നേരം തിരിച്ചുപോവുകയാണ് ചെയ്യുന്നതെന്ന് ഡോക്ടര്‍ പറയുന്നു.