KERALANEWSTrending

എനിക്ക് നടക്കണം സഹായം തേടി എസ്എംഎ ബാധിച്ച മൂന്നാം ക്ലാസുകാരൻ; മകനെ കാക്കാൻ വീടൊരുക്കാൻ സഹായം തേടി അമ്മ

കൊച്ചി: എട്ട് വയസ്സുകാരന്‍ അനന്തന്‍ പുറംലോകം ഒന്ന് കാണണമെങ്കില്‍ അമ്മ നെഞ്ചോട് ചേര്‍ത്ത് വാരിയെടുത്ത് നടക്കണം. മരുന്നും ചികിത്സയും മാത്രമല്ല സുരക്ഷിതമായ കിടപ്പാടം പോലുമില്ലാത്തവരുമുണ്ട് സംസ്ഥാനത്തെ എസ്എംഎ ബാധിതരായ കുട്ടികള്‍ക്കിടയില്‍. കൊച്ചിയിലെ പുറമ്പോക്ക് കോളനിയില്‍ എട്ട് വയസ്സുകാരന്‍ അനന്തനുമായി ജീവിതത്തോട് പോരടിക്കുകയാണ് അമ്മ ലതികയും അച്ഛന്‍ അനില്‍ കുമാറും. കമിഴ്ന്ന് നീന്തിയ കുഞ്ഞ് നടക്കാത്തതെന്തെന്ന സംശയത്തിലാണ് ഡോക്ടറെ ചെന്ന് കണ്ടത്.

ഒന്നരവയസ്സില്‍ മകന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗമെന്ന് അറിഞ്ഞു. ഫിസിയോ തെറാപ്പി മാത്രമാണ് രോഗത്തിന് പരിഹാരമെന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ടതിന്റെ മരവിപ്പ് ഇന്ന് ലതികക്കില്ല. മകന് ആരോഗ്യവാനായി നടക്കാന്‍ മരുന്നുണ്ട്. എന്നാല്‍ കൊച്ചി പി ആന്‍ഡി കോളനിയിലെ ഈ ഒറ്റമുറി വീട്ടിലെ പ്രതീക്ഷകള്‍ക്ക് ആത്മധൈര്യം മാത്രമാണ് ഇന്ധനം. സാമ്പത്തിക ബാധ്യത കാരണം മകന്റെ ഫിസിയോതെറാപ്പി മുടങ്ങുമോ എന്ന ആശങ്കയിലാണ് ഈ കുടുംബം.

മരുന്ന് എത്തും വരെ മകനെ കണ്ണിമ ചിമ്മാതെ കാക്കണം. പ്രതിരോധ ശേഷിയെ പരീക്ഷിക്കുന്ന ഒരു ചെറിയ പനിക്ക് പോലും അവസരം ഒരുക്കാതെ. എന്നാല്‍ ഏത് മഴയത്തും മുങ്ങുന്ന പി ആന്‍ഡി കോളനിയില്‍ ആ ആഗ്രഹമൊരു ആര്‍ഭാടമാണ്. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന അനന്തന് വാനോളമാണ് സ്വപ്നങ്ങള്‍. സ്വപ്നങ്ങളിലേക്ക് നടന്നെത്താന്‍ അനന്തനും, അമ്മ ലതികയും ചെയ്യുന്ന ഈ അദ്ധ്വാനത്തിന് സര്‍ക്കാരിന്റെയും, പൊതുസമൂഹത്തിന്റെയും പിന്തുണ കൂടിയേ തീരൂ…

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close