Breaking NewsMoviesTrending

‘എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക’: ആശുപത്രിയിലേക്ക് യാത്ര തിരിക്കവേ സഞ്ജയ് ദത്ത്

മുംബൈ: ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചലച്ചിത്ര രംഗത്തുനിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ച ബോളിവുഡ് താരം സഞ്ജയ് ദത്ത് ചികിത്സയ്ക്കായി മുംബൈ കോകില ബെന്‍ ആശുപത്രിയിലേക്ക് മാറി. വീട്ടില്‍ നിന്ന് പത്‌നി മാന്യതക്കും മക്കള്‍ക്കുമൊപ്പം ദത്ത് ആശുപത്രിയിലേക്ക് തിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.ചികിത്സയുടെ ആവശ്യത്തിനായി അല്‍പകാലം അഭിനയത്തില്‍നിന്നും മറ്റ് ജോലികളില്‍നിന്നും മാറിനില്‍ക്കുകയാണെന്ന് സഞ്ജയ് ദത്ത് നേരത്തേ പറഞ്ഞിരുന്നു.തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആശുപത്രിയിലേക്ക് തിരിക്കുന്ന സമയത്ത് സഞ്ജയ് ദത്ത് പറഞ്ഞു. നേരത്തേയും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ താരത്തിന് നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തിരുന്നു.താന്‍ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മാറിനില്‍ക്കുകയാണെന്നും അത് സംബന്ധിച്ച് അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തരുതെന്നും ഓഗസ്റ്റ് 12ന് ഒരു ട്വീറ്റില്‍ സഞ്ജയ് ദത്ത് പറഞ്ഞിരുന്നു.

‘സുഹൃത്തുക്കളെ. ചികിത്സയ്ക്കായി ഞാന്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്, വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് ഞാന്‍ എന്റെ അഭ്യുദയകാംക്ഷികളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തോടും ആശംസകളോടും കൂടി ഞാന്‍ ഉടന്‍ മടങ്ങിവരും,” എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത്.
ഓഗസ്റ്റ് എട്ടിന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പീന്നീട് ഓഗസ്റ്റ് 10 ന് ഡിസ്ചാര്‍ജ് ചെയ്തു. നെഞ്ചില്‍ അസ്വസ്ഥതയും ശ്വസിക്കാന്‍ പ്രശ്‌നവും അനുഭവപ്പെടുന്നെന്ന് പറഞ്ഞാണ് അദ്ദേഹം ആശുപത്രിയെ സമീപിച്ചത്. തുടര്‍ന്ന് 61 കാരനായ നടനെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ തനിക്ക് നെഗറ്റീവ് ഫലം ലഭിച്ചതായി ദത്ത് ഒരു ട്വീറ്റില്‍ അറിയിച്ചിരുന്നു. ”ഞാന്‍ നന്നായി ഇരിക്കുന്നുവെന്ന് എല്ലാവര്‍ക്കും ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ നിലവില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്, എന്റെ കോവിഡ്-19 റിപ്പോര്‍ട്ട് നെഗറ്റീവ് ആണ്. ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്റ്റാഫിന്റെയും സഹായത്തോടെയും പരിചരണത്തോടെയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എനിക്ക് വീട്ടിലെത്താം. നിങ്ങളുടെ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി, ‘ എന്നായിരുന്നു ട്വീറ്റ്.

Tags
Show More

Related Articles

Back to top button
Close