എന്താണ് പ്ലാസ്മ? എന്താണ് പ്ലാസ്മ ചികിത്സ ?

‘പ്ലാസ്മ ചികിത്സ നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗലക്ഷണങ്ങള്‍ കുറഞ്ഞു…പരീക്ഷണാര്‍ത്ഥം ആരംഭിച്ച ഈ ചികിത്സാരീതി വിജയകരമാണെന്നു കണ്ടതോടെ സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളിലെല്ലാം പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടന്ന് മന്ത്രി കെ.കെ ശൈലജ’
കോവിഡിനുള്ള പരിഹാരമാകുമോ ഈ ചികിത്സാരീതി? എന്താണീ പ്ലാസ്മ ചികിത്സ? ഇത്തരം ചോദ്യങ്ങളാവും ഇതു കേള്‍ക്കുന്ന ഏതൊരാള്‍ക്കും തോന്നുക. ഇത്തരത്തിലുള്ള പല സംശയങ്ങള്‍ക്കുമുള്ള മറുപടിക്കായി അന്വേഷിക്കുകയാണ് ഇന്ന് ജനങ്ങള്‍.
എന്താണ് പ്ലാസ്മ?
രക്തത്തിലെ ഏകദേശം 55 ശതമാനത്തോളം പ്ലാസ്മയാണ്. ഇളംമഞ്ഞ നിറത്തില്‍ കാണുന്ന ഇവയില്‍ പ്രധാനമായും ശരീരത്തിനാവശ്യമായ ജലവും ലവണങ്ങളും എന്‍സൈമുകളുമാണ് ഉള്ളത്. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും രക്തത്തെ ശരീരത്തിന്റെ എല്ലാഭാഗത്തുമെത്തിക്കാനും ഇവ സഹായിക്കുന്നു.
എന്താണ് പ്ലാസ്മ ചികിത്സ?
കോവിഡില്‍ നിന്ന് കരകയറിയ ആളുകള്‍കളുടെ രക്തത്തില്‍ ആന്റിബോഡികളുണ്ട് . അതായത് അണുബാധകളെ ചെറുക്കാന്‍ ശരീരം ഉപയോഗിക്കുന്ന ചില പ്രോട്ടീനുകള്‍ . ഇത്തരം പ്രോട്ടീനുകള്‍ ഉള്ള രക്തത്തെ കണ്‍വാലസെന്റ് പ്ലാസ്മ എന്ന് വിളിക്കുന്നു. രക്തത്തിലെ ദ്രാവക ഭാഗമായ പ്ലാസ്മയില്‍ ഇത്തരത്തിലുള്ള ആന്റിബോഡികള്‍ കാണപ്പെടുന്നു.
കഠിനമായ രോഗമുള്ളവര്ക്കിത് നല്കുന്നതു വഴി വൈറസിനെതിരെ പോരാടാനുള്ള കഴിവ് അവരില്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കടുത്ത രോഗികളാകാത്തവരെ കൂടുതല്‍ രോഗികളാകാതിരിക്കാനും രോഗത്തിന്റെ സങ്കീര്‍ണതകള്‍ അവര്‍ അനുഭവിക്കാതിരിക്കാനും ഇത് സഹായിച്ചേക്കാം.
ഹൃദ്രോഗം , പ്രമേഹം അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ക്ക് കോവിഡ് രോഗബാധയുണ്ടായാല്‍ ഭീകരമാണ്. അത്തരം രോഗികളിലും കണ്‍വാലസെന്റ് പ്ലാസ്മ ചികിത്സ ഉപകാരപ്രദമാണ്. സമ്പര്‍ക്കത്തിലൂടെ രോഗനുണ്ടാകാതിരിക്കാനും ഇത് സഹായിക്കും.
പ്രവര്‍ത്തനം ഇങ്ങനെ
ഐ സി എം ആര് , സ്റ്റേറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് കേരളത്തില്‍ ചികിത്സ നടത്തുക എന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ ശരീരത്തിലെ ആന്റിബോഡി ശേഖരിക്കുകയാണ് ആദ്യഘട്ടം. അതിനായി അത്തരം ആളുകളില്‍ നിന്ന് രക്തം ശേഖരിക്കുക ആദ്യം വേണ്ടത്. രക്തത്തിലെ പ്ലാസ്മ മാത്രമേ ഇവിടെ ആവശ്യമുള്ളൂ. അതുകൊണ്ടുതന്നെ അത് രക്തത്തില്‍ നിന്ന് വേര്‍തിരിക്കുകയാണ് അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ടത്. അതിനായി ഫ്രിസിനിയസ് കോംറ്റെക് എന്ന മെഷീനിലൂടെ കടത്തി വിടേണ്ടതുണ്ട്. രക്തദാതാവില്‍ നിന്നുള്ള രക്തം കുറഞ്ഞ അളവില്‍ തുടര്‍ച്ചയായി മെഷീനിലൂടെ കടത്തി വിടുമ്പോള്‍ സെന്ട്രിഫ്യൂഗേഷന് എന്ന വേര്‍തിരിയ്ക്കല്‍ പ്രക്രിയയിലൂടെ പ്ലാസ്മ ലഭിക്കുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പ്ലാസ്മ ഒരു വര്‍ഷം വരെ സൂക്ഷിക്കാവുന്നതാണ്. പ്ലാസ്മ രക്തം പോലെ തന്നെ ചേരുന്നത് മാത്രമെ നല്‍കാനും സ്വീകരിക്കാനും കഴിയൂ. അതുകൊണ്ടുതന്നെ എല്ലാം എല്ലാവര്ക്കും സ്വീകരിക്കാനാകില്ല. മാത്രമല്ല രക്തദാനത്തിലുള്ള പോലെ തന്നെ ദാതാവിന് അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് സ്വീകര്‍ത്താവിലും എത്താന്‍ സാധ്യതയുണ്ട്. ഏറെ ശ്രദ്ധയോ ചെയ്യേണ്ട ഒരു ചികിത്സാ രീതി തന്നെയാണിത്. ഇതിനുമുന്‍പും പല രോഗങ്ങള്‍ക്കും ഈ ചികിത്സ പ്രയോഗിച്ചിരുന്നു. ഇപ്പോള്‍ പല രോഗികളിലും ഫലം കണ്ടതുകൊണ്ടുതന്നെ ഒരു പരിധി വരെ കോവിഡിനിതൊരു പരിഹാരമാകുമെന്നു തന്നെ വിശ്വസിക്കാം.