INDIA

എന്താണ് വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സ്

ന്യൂഡല്‍ഹി: കാലങ്ങളായി ഇന്ത്യയിലെ കര്‍ഷകര്‍ മാര്‍ക്കറ്റില്‍ ശക്തരല്ല. ഏറെയും ചെറുകിട-ഇടത്തരം കര്‍ഷകര്‍ ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയിലെ കര്‍ഷകര്‍ക്ക് ഒപ്പംനിന്ന് മത്സരിക്കാനുള്ള വേദിയല്ല നമ്മുടെ മാര്‍ക്കറ്റ് സംവിധാനങ്ങള്‍ എന്നു തിരിച്ചറിഞ്ഞതിന്റെ ഫലമായിട്ടാണ് രാജ്യത്ത് അഗ്രികള്‍ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ആക്ട് (എ.പി.എം.സി ആക്ട്) നിലവില്‍ വന്നത്.ഈ നിയമത്തിന്റെ ബലത്തിലാണ് ചെറിയ കച്ചവടക്കാരുമായി, ഇടനിലക്കാരുമായി കര്‍ഷകര്‍ ഇതുവരെ പിടിച്ചുനിന്നത്. അവിടെതന്നെ കര്‍ഷകര്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാലിപ്പോള്‍ ഈ നിയമംതന്നെ വേണ്ടെന്നുവെച്ച് കര്‍ഷകരെ ‘സ്വതന്ത്രരാക്കി’ വിടുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ രാജ്യത്തിനകത്ത് എവിടെ വേണമെങ്കിലും കൊണ്ടുപോയി വില്‍ക്കാം എന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറയുന്നത്.എന്നാല്‍, സത്യമെന്താണ് നേരത്തെയും കര്‍ഷകര്‍ക്ക് ഈ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. എ.പി.എം.സി നിയമം അത് തടഞ്ഞിരുന്നില്ല. മാത്രവുമല്ല, ഈ നിയമമനുസരിച്ച് രൂപവത്കരിച്ച നിയന്ത്രിത മാര്‍ക്കറ്റുകളില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആകെ 35 ശതമാനം മാത്രമേ കച്ചവടം ചെയ്തിരുന്നുള്ളൂ. ബാക്കിയെല്ലാം കര്‍ഷകര്‍ സ്വതന്ത്രമായിതന്നെ വില്‍ക്കുകയാണ്. നിയന്ത്രിത മാര്‍ക്കറ്റില്‍ ഇടനിലക്കാരുമായി വിലപേശാന്‍ കര്‍ഷകന് കഴിഞ്ഞിരുന്നു. ഇവിടെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം നിയന്ത്രിത മാര്‍ക്കറ്റുകളേ വേണ്ടെന്നു വെച്ചാല്‍ ചെറുകിട-ഇടത്തരം കര്‍ഷകരുടെ അവസ്ഥ എന്താകും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറച്ചെങ്കിലും കര്‍ഷകര്‍ക്ക് സമീപിക്കാവുന്നത് സംസ്ഥാന സര്‍ക്കാറുകളെയാണ്.അവര്‍ക്ക് ഇത്തരം നിയന്ത്രിതമാര്‍ക്കറ്റുകളില്‍ ഇടപെടാനും കര്‍ഷകരെ സഹായിക്കാനും കഴിഞ്ഞിരുന്നു. എ.പി.എം.സി ആക്ട് വേണ്ടെന്നുവെക്കുന്നതോടെ സംസ്ഥാന സര്‍ക്കാറുകള്‍ക്കുള്ള നിയന്ത്രണം ഇല്ലാതാവുകയും കര്‍ഷകര്‍ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര സര്‍ക്കാറിനെ നോക്കിയിരിക്കേണ്ട അവസ്ഥ വരികയും ചെയ്യും. ഇത് എത്രത്തോളം അപ്രായോഗികമാണെന്ന് പറയേണ്ടതില്ലല്ലോ. ബിഹാറില്‍ ഇതു സംഭവിച്ചുകഴിഞ്ഞു. എ.പി.എം.സി ആക്ട് അവിടെ വേണ്ടെന്നുവെച്ച ശേഷം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളുടെ മേല്‍ ഒരു വിലനിയന്ത്രണവും ഇല്ലാതായിരിക്കുകയാണ്.

ഇതോടൊപ്പംതന്നെ Essential Commodities Act (Amendment) Bill 2020 കൂടി ചേര്‍ത്തുവെക്കുമ്പോഴാണ് കൃത്യമായ ചിത്രം പുറത്തുവരുക. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്കും കര്‍ഷകസുരക്ഷക്കും വേണ്ടി കൊണ്ടുവന്ന ഈ നിയമം നമുക്കെത്രമാത്രം ഉപകരിച്ചുവെന്നത് തിരിച്ചറിയേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന സമയത്ത് ചുരുങ്ങിയ വിലക്ക് അതുവാങ്ങി സംഭരിച്ച് മാര്‍ക്കറ്റില്‍ ക്ഷാമം സൃഷ്ടിക്കാന്‍ കച്ചവടക്കാര്‍ക്ക് കഴിയാത്തത് ഈ നിയമം നിലവിലുള്ളതുകൊണ്ടാണ്.എന്നാല്‍, പുതിയ ബില്‍ എല്ലാ ഭക്ഷ്യവസ്തുക്കളെയും നിയമത്തിന്റെ പരിധിയില്‍നിന്ന് എടുത്തുമാറ്റാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ‘അസാധാരണമായ സാഹചര്യങ്ങളിലൊഴിച്ച്’ ബാക്കി എല്ലാ സമയത്തും. നേരത്തെയുള്ള നിയമമനുസരിച്ച് അഗ്രിബിസിനസ് കമ്പനികള്‍ക്കും കച്ചവടക്കാര്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചുവെക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. കര്‍ഷകര്‍ക്കും കര്‍ഷക ഉല്‍പാദനകമ്പനികള്‍ക്കും നിയന്ത്രണം ഉണ്ടായിരുന്നില്ല. പുതിയ നിര്‍ദേശം സ്വീകരിക്കപ്പെട്ടാല്‍ വന്‍കിട കമ്പനികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം ലഭിക്കും. കര്‍ഷകസംഘടനകളും പല വിദഗ്ധരുംതന്നെ അതിനാല്‍ ഈ ബില്ലിനെ ‘Food Hoarding (Freedom for Corporates) Bill എന്നാണ് വിളിക്കുന്നത്. അദാനി-വില്‍മാര്‍, റിലയന്‍സ് തുടങ്ങിയ കമ്പനികള്‍ക്ക് എത്ര ഭക്ഷ്യോല്‍പന്നങ്ങളും ശേഖരിച്ചുവെക്കാന്‍ ഈ നിയമമാറ്റത്തിലൂടെ കഴിയും.അവര്‍ക്ക് അത് ചെയ്യാനുള്ള സംഭരണശാലകള്‍ നിര്‍മിക്കാനും മാര്‍ക്കറ്റിനെ മൊത്തത്തില്‍ നിയന്ത്രിക്കാനും സാധിക്കും. കര്‍ഷകര്‍ക്ക് ഇവരുമായി തര്‍ക്കിച്ച് വില നിയന്ത്രിക്കാനൊന്നും സാധിക്കുകയില്ല. വിലനിയന്ത്രണത്തിനുള്ള ഒരു നിര്‍ദേശവും ഈ ബില്ലിലില്ല. കര്‍ഷകരെ സ്വതന്ത്രമാക്കുന്നു എന്നൊരു പുകമറ സൃഷ്ടിച്ചുകൊണ്ട് വാസ്തവത്തില്‍ കര്‍ഷകരെ നിരായുധരാക്കുകയാണ് ഈ ബില്ലുകള്‍ ഇതേപടി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ സംഭവിക്കുക. കര്‍ഷക സംഘടനകള്‍ പറയുന്നത് ഇങ്ങനെയൊരു ബില്‍/ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അടിസ്ഥാന താങ്ങുവില (Minimum Support Price) എന്നത് കര്‍ഷകന്റെ അവകാശമായി പ്രഖ്യാപിക്കണമെന്നാണ്. ബി.ജെ.പി അനുകൂല കര്‍ഷക സംഘടനകള്‍പോലും ഈ ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്.

മറ്റൊരു ഭയപ്പെടുത്തുന്ന കാര്യം ഈ വന്‍കിട കമ്പനികള്‍ക്ക് പയര്‍വര്‍ഗങ്ങള്‍, എണ്ണകള്‍ എന്നിവ വില കുറച്ച് കൂടുതല്‍ അളവില്‍ ഇറക്കുമതി ചെയ്ത് സൂക്ഷിക്കാനും ആഭ്യന്തര മാര്‍ക്കറ്റിനെ സ്വാധീനിക്കാനും കഴിയും എന്നതാണ്.ഇതെല്ലാം രാജ്യത്തെ കര്‍ഷകരുടെ വരുമാനത്തെയും നിലനില്‍പ്പിനെയും ബാധിക്കാനിടയുണ്ട്. വികസിത രാജ്യങ്ങളില്‍ നടപ്പാക്കിയ ഇത്തരം വികല നയങ്ങള്‍ അവിടുത്തെ കര്‍ഷകരെയാണോ കുത്തക കമ്പനികളെയാണോ സഹായിച്ചതെന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും.ആ രാജ്യങ്ങളിലെ കര്‍ഷകരെ സാമ്പത്തികമായി ഇപ്പോഴും അവിടുത്തെ സര്‍ക്കാറുകള്‍ക്ക് സഹായിക്കേണ്ടി വരുന്നു എന്നത് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. 70 ശതമാനത്തോളം ചെറുകിട കര്‍ഷകരുടെ ദാരിദ്ര്യം മാറ്റാന്‍ ഇതുവരെയും കഴിയാത്ത സര്‍ക്കാറുകള്‍ക്ക് എങ്ങനെയാണ് ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനാവുക ആയിരവും രണ്ടായിരവും നക്കാപ്പിച്ച കൊടുത്ത് എത്രകാലം കര്‍ഷകരുടെ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയുംമൂന്നാമതൊരു ഓര്‍ഡിനന്‍സ്/ബില്‍ മുന്നോട്ടുവെച്ചിട്ടുള്ളത് കോണ്‍ട്രാക്ട് ഫാമിങ്ങിനെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ്. ഇന്ത്യയില്‍ ഇപ്പോള്‍തന്നെ നിയമവിധേയമല്ലാതെതന്നെ കോണ്‍ട്രാക്ട് ഫാമിങ് നടക്കുന്നുണ്ട്. അതാണ് ഇരുകൂട്ടര്‍ക്കും സൗകര്യമെന്ന് സ്വകാര്യമായി ഇതില്‍ ഏര്‍പ്പെട്ടിട്ടുള്ള കമ്പനികള്‍ പറയുന്നു. അതിനൊരു കാരണം ഇവിടുത്തെ ചെറുകിട കൃഷിയിടങ്ങളും കര്‍ഷകരും നിലനില്‍ക്കുന്ന സാഹചര്യംതന്നെയാണ്.എല്ലാ കര്‍ഷക സംഘടനകളും ഇതിനെതിരാണ്. കാരണം വന്‍കിട കമ്പനികളുമായി മല്‍പിടുത്തത്തിലേര്‍പ്പെട്ട് ജയിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം. മറ്റു പല രാജ്യങ്ങളിലെയും അനുഭവം നമ്മുടെ മുന്നിലുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ നേരത്തെതന്നെ കോണ്‍ട്രാക്ട് ഫാമിങ്ങിനെതിരാണ്.കഴിഞ്ഞ മൂന്നു ദശകങ്ങളായി നടപ്പാക്കിയ ആഗോളവത്കരണ അജണ്ടകള്‍ കര്‍ഷകന്റെ ജീവിതത്തെ ഏറെ അനിശ്ചിതാവസ്ഥയിലാക്കിയിട്ടുണ്ട്. നാലു ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത രാജ്യമാണ് ഇന്ത്യ. ലക്ഷക്കണക്കിന് കര്‍ഷകര്‍ കുടിയേറ്റ തൊഴിലാളികളായി മാറിയത് കാര്‍ഷിക മേഖലയുടെ ശോച്യാവസ്ഥയാണ് കാണിക്കുന്നത്.മോദി സര്‍ക്കാര്‍ കുറച്ചുകാലമായി പറയുന്ന ഒരു കാര്യമാണ് കര്‍ഷകന്റെ വരുമാനം ഇരട്ടിപ്പിക്കും എന്ന്. എന്നാല്‍, ഒരു ഭാവനയുമില്ലാത്ത നയമാറ്റങ്ങളിലൂടെ, കര്‍ഷകരുമായും സംസ്ഥാനങ്ങളുമായും ചര്‍ച്ച ചെയ്യാതെ വന്‍കിട കമ്പനികളെ സഹായിക്കുന്ന ഓര്‍ഡിനന്‍സുകളാണ് ഈ കൊറോണ പരിഭ്രാന്തിക്കിടയിലും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇത് ഏറെ നിര്‍ഭാഗ്യകരമാണ്.പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും മറ്റു സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ ഒരു മാസത്തിലേറെയായി സമരത്തിലാണ്. കൊറോണ ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജനങ്ങളും സംസ്ഥാന സര്‍ക്കാറുകളും ബുദ്ധിമുട്ടുന്ന സമയത്തുതന്നെ രാജ്യത്തിന്റെ ഭാവിയെ, കര്‍ഷകരുടെ ജീവിതത്തെ, നമ്മുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന ഈ മൂന്ന് ഓര്‍ഡിനന്‍സുകള്‍ ഇത്ര തിരക്കിട്ട് പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്നതുതന്നെ അങ്ങേയറ്റം മോശമെന്നേ പറയാനാകൂ.കാര്‍ഷിക മേഖലയുടെ പ്രാധാന്യം പൂര്‍വാധികം തിരിച്ചറിഞ്ഞ കുറച്ചു മാസങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കേരളം പോലുള്ള ചെറിയൊരു സംസ്ഥാനം പോലും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഏറെ ചിന്തിക്കുന്നു. കര്‍ഷകരെ എങ്ങനെ നിലനിര്‍ത്താമെന്നും യുവാക്കള്‍ക്കും കാര്‍ഷിക മേഖലയില്‍ തൊഴില്‍ കൊടുക്കാമെന്നും ആലോചിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close