
ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൂര്‍വികരുടെ സ്വത്തിന്റെ അവകാശം നിര്‍ണയിക്കുന്നത് ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരമാണ്. ഇതിനായി ഹിന്ദു വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ ക്രോഡീകരിച്ച് കേന്ദ്രസര്‍ക്കാര്‍ 1956ലാണഅ ഹിന്ദു പിന്തുടര്ച്ചാവകാശ നിയമം തയ്യാറാക്കിയത്. 1956 ജൂണ്‍ 18നാണ് നിയമം നിലവില്‍ വന്നത്. മാതാപിതാക്കളില്‍ രണ്ടു പേരും ഹിന്ദുക്കളാണെങ്കില്‍ അവര്‍ നിയമാനുസൃതം വിവാഹം ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അയാളെ ഹിന്ദുവായാണ് കണക്കാക്കുന്നത്. ഹിന്ദുവായി മതം മാറിയ ആളും മറ്റൊരു മതത്തില്‍ ചേര്‍ന്ന ശേഷം വീണ്ടും ഹിന്ദുമതത്തിലേയ്ക്ക് തിരിച്ചു വന്നവരം ഹിന്ദുവാണെന്നാണ് നിയമത്തില്‍ പറയുന്നത്. ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരം പെണ്മക്കള്ക്കും സ്വത്തില്‍ തുല്യമായ അവകാശമുണ്ടെന്നാണ് 2020 ഓഗസ്റ്റ് 11ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 2005ലെ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു കൊണ്ടാണ് വിധി. ജീവിതാവസാനം വരെ പെണ്മക്കള് തുല്യാവകാശമുള്ള മക്കളാണെന്ന് കോടതി വിധിയില്‍ പറയുന്നു. 2005ലെ ഭേദഗതി നിലവില്‍ വരുമ്പോള്‍ അച്ഛന് ജീവിച്ചിരുന്നോ എന്നത് ബാധകമല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
ഹിന്ദു പിന്തുടര്ച്ചാവകാശ നിയമത്തിലെ 2005ലെ ഭേദഗതിയാണ് നിയമത്തെ സ്ത്രീകള്‍ക്ക് കൂടുതല്‍ അനുകൂലമാക്കിയത്. 2005ലെ ഭേദഗതി അനുസരിച്ച് മാതാപിതാക്കളുടെ സ്വത്തില്‍ പെണ്മക്കള്ക്കും തുല്യമായ അവകാശമുണ്ട്. 2005ലെ ഭേദഗതി നിലവില്‍ വരുന്നതിനു മുന്‍പ് പെണ്മക്കള്ക്ക് പൂര്‍വിക സ്വത്തില്‍ പരിമിതമായ അവകാശം മാത്രമാണ് ഉണ്ടായിരുന്നത്. 1956ലെ നിയമപ്രകാരം പൂര്‍വികസ്വത്തിന്റെ അവകാശത്തില്‍ ഭൂരിഭാഗവും ആണ്‍മക്കള്‍ക്കായിരുന്നു. 2005ലെ ഭേദഗതിയ്ക്ക് മുന്‍പ് വിവാഹിതയായ മകള്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ ഭേദഗതിയ്ക്കു ശേഷം ഈ അവസ്ഥ മാറി. പിതാവ് സ്വയം ആര്‍ജിച്ച സ്വത്തില്‍ അവകാശമുന്നയിക്കാന്‍ കഴിയില്ല. പിതാവിന് സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കു വേണമെങ്കിലും ഇത് കൈമാറാന്‍ സാധിക്കും. ആണ്മക്കള്ക്കും പെണ്മക്കള്ക്കും തുല്യമായി വീതിക്കാനാണ് പിതാവിന്റെ തീരുമാനമെങ്കില്‍ സ്വത്തില്‍ തുല്യഅവകാശം ലഭിക്കും. എന്നാല്‍ വില്പത്രം എഴുതുന്നതിനു മുന്‍പ് പിതാവ് മരണപ്പെട്ടാല്‍ ആണ്മക്കള്ക്കും പെണ്മക്കള്ക്കും സ്വത്തില്‍ തുല്യ അവകാശമുണ്ടായിരിക്കും.