Covid UpdatesKERALA

എന്താണ് ഹോട്‌സ്‌പോട്ടുകള്‍?

കേരളത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ കഴിഞ്ഞ കുറച്ചു ദിവസമായി സ്ഥിരമായി കേള്‍ക്കുന്ന ഒരു വാക്കാണ് ‘ഹോട്‌സ്‌പോട്ടുകള്‍’.
‘കേരളത്തിലെ ഹോട്ട്സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി’, ‘കേരളത്തില്‍ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കൂടി, കുറഞ്ഞു’ എന്നൊക്കെ കേള്‍ക്കാറില്ലേ?
എന്താണ് ഹോട്ട്‌സ്‌പോട്ട്? ഒരു ഹോട്ട്സ്പോട്ടില്‍ എന്തുചെയ്യാന്‍ കഴിയും, ചെയ്യാന്‍ കഴിയില്ല? ഹോട്ട്‌പോട്ടുകള്‍ എവിടെയൊക്കെ എന്ന് നമ്മള്‍ എങ്ങനെ അറിയും? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലളിതമായി പറഞ്ഞു പോവാന്‍ ശ്രമിക്കുകയാണ് ഇവിടെ. ഇത് സ്ഥിരമായി നിലനില്‍ക്കുന്ന നിര്‍വചനമായി കരുതരുത്. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ചു ഇതിന്റെ നിര്‍വചനങ്ങളും നിര്‍ദേശങ്ങളും മാറിക്കൊണ്ടേയിരിക്കും. വൈറസ് വ്യാപനത്തെ അടിസ്ഥാനമാക്കി ഹോട്ട്‌സ്‌പോട്ട് ഏരിയ ദിനംപ്രതി പുനര്‍ക്രമീകരിക്കുകയും ചെയ്യും.

എന്താണ് ഹോട്ട്‌സ്‌പോട്ട്?

നിലവില്‍ കൊറോണ വൈറസ് അണുബാധയുടെ വ്യാപനത്തിന് ഏറ്റവും കൂടുതല്‍ സാധ്യത ഉള്ളതായി കണ്ടെത്തുന്ന പ്രദേശങ്ങളാണ് ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിക്കപ്പെടുന്നത്. ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഒരു സങ്കേതമാണ് ഈ ‘ഹോട്ട്‌സ്‌പോട്ട്’ ആയി പ്രഖ്യാപിക്കല്‍.
ദേശീയ തലത്തില്‍ പിന്തുടരുന്ന നിര്‍വചനമനുസരിച്ച് ഒരു മാസത്തില്‍ ആറോ അതിലധികമോ ആളുകള്‍ പോസിറ്റീവ് ആയി സ്ഥിതീകരിക്കപ്പെട്ട ഒരു പ്രദേശമാണ് കൊറോണ വൈറസ് ഹോട്ട്സ്‌പോട്ട്. എന്നാല്‍ കേരളത്തില്‍ മറ്റു കുറച്ചു വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഹോട്ട്‌സ്‌പോട്ട് കൈകാര്യം ചെയ്യുന്നത്. കേരളം ലോക്കഡൗണില്‍ നിന്നും ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ഈ ഹോട്ട്‌സ്‌പോട്ടുകളുടെ നിര്‍വചനം.
ഒരു തദ്ദേശസ്ഥാപനപ്രദേശത്തു നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണവും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ പ്രൈമറി കോണ്ടാക്റ്റുകളുടെയും, അവരുടെ സെക്കണ്ടറി കോണ്ടാക്റ്റുകളുടെയും എണ്ണം കണക്കാക്കിയുള്ള ഒരു സംഖ്യയാണ് ഹോട്ട്‌സ്‌പോട്ട് നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇതിനെ സംബന്ധിച്ചുള്ള മാര്‍ഗരേഖ തയ്യാറാക്കിയത്.
പോസിറ്റീവ് കേസുകളും, പ്രൈമറി കോണ്ടാക്റ്റുകളും, സെക്കണ്ടറി കോണ്ടാക്റ്റുകളും സ്ഥിതീകരിച്ച എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഒരു പട്ടിക തയ്യാറാക്കുന്നതാണ് ഇതിന്റെ ആദ്യ പടി. അടുത്തതായി ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെയും പോസിറ്റീവ് കേസുകള്‍, പ്രൈമറി കോണ്ടാക്റ്റുകള്‍, സെക്കണ്ടറി കോണ്ടാക്റ്റുകള്‍ എന്നിവയുടെ എണ്ണം പട്ടികപ്പെടുത്തുന്നു. ഇവിടെ ആദ്യം വിശകലനം ചെയ്യാനെടുത്തത് 2020 ഏപ്രില്‍ 16 ലെ വിവരങ്ങളാണ്. ഈ വിവരങ്ങള്‍ പരിശോധിച്ച സമിതി പോസിറ്റീവ് കേസുകള്‍ക്ക് 50%, പ്രൈമറി കോണ്ടാക്റ്റുകള്‍ക്ക് 35%, സെക്കണ്ടറി കോണ്ടാക്റ്റുകള്‍ക്ക് 15% എന്നിങ്ങനെ വെയ്‌റ്റേജ് നല്‍കി. ഇത്തരത്തില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള അവസ്ഥയ്ക്കനുസരിച്ചു കോവിഡ് വ്യാപന സാധ്യതക്കുള്ള വെയ്‌റ്റേജ് നമ്പര്‍ കണ്ടെത്തുകയും, ഒരു നിശ്ചിത അനുപാതത്തിന് മുകളില്‍ വെയ്‌റ്റേജ് നമ്പര്‍ വന്ന തദ്ദേശസ്വയംഭരണപ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി നിജപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. കേരളത്തില്‍ 88 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് ഇങ്ങനെ അന്ന് ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയില്‍ ഇടം നേടിയത്.
സാധാരണഗതിയില്‍ തദ്ദേശ സ്വയംഭരണസ്ഥാപന പ്രദേശം ഒന്നടങ്കം ഹോട്ട് സ്‌പോട്ട് ആയി മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ നഗര സഭകളുടെ വിസ്തൃതിയും ജനബാഹുല്യവും കണക്കിലെടുത്ത് , നഗരങ്ങള്‍ ഹോട്ട് സ്‌പോട്ടുകളായി മാറുന്ന അവസരത്തില്‍ വാര്‍ഡുകളെ ഉപവിഭാഗങ്ങളായി തിരിച്ച് ജില്ലാ ഭരണകൂടം വേണ്ട ക്രമീകരണങ്ങള്‍ നടത്തും. രോഗബാധയെ നിര്‍ണ്ണയിക്കുന്ന പുതിയഘടകങ്ങള്‍ കണ്ടെത്തുന്ന പക്ഷം അവയെ കൂടി ഭാവിയില്‍ ഹോട്ട് സ്‌പോട്ട് കണ്ടെത്തുന്നതിനായി ഉപയോഗിക്കും

ഒരു ഹോട്ട്സ്‌പോട്ടില്‍ അനുവദിക്കാത്തത് എന്ത്?

അടിയന്തിരമായ മെഡിക്കല്‍ എമര്‍ജന്‍സികള്‍ ഒഴികെ ഹോട്ട്സ്‌പോട്ട് പ്രദേശത്ത് നിന്നും പുറത്തേക്കോ അകത്തേക്കോ പോവാന്‍ ആളുകള്‍ക്ക് വിലക്കുണ്ട്. പ്രഭാതസവാരി, സായാഹ്നസവാരി എന്നിവക്കായി പുറത്തിറങ്ങുന്നതിനും ഹോട്ട്‌സ്‌പോട്ടുകളില്‍ വിലക്കുണ്ട്. പലചരക്ക്, മരുന്ന് എന്നിവയ്ക്കായി പോലും ആരെയും പുറത്തുകടക്കാന്‍ അനുവദിക്കില്ല. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വീടുതോറും വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ ഉറപ്പാക്കും. ഒരു മാധ്യമപ്രവര്‍ത്തകന് രോഗബാധ സ്ഥിതീകരിച്ച സാഹചര്യത്തില്‍ ഹോട്ട്സ്പോട്ട് ഏരിയകളില്‍ മീഡിയക്കും പ്രവേശനം ഉണ്ടായിരിക്കില്ല. അവശ്യവസ്തുക്കളുടെ കൈമാറ്റത്തിനായി ഒരു എന്‍ട്രി/എക്‌സിറ്റ് പോയിന്റ് ഒഴികെ, ഹോട്ട്‌സ്‌പോട്ടുകളുടെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും സീല്‍ ചെയ്യുന്നതാണ്. അതായത് ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കിയുള്ള റോഡുകളെല്ലാം അടയ്ക്കും.

ഹോട്ട്സ്പോട്ട് ഏരിയയില്‍ എന്താണ് അനുവദിച്ചിരിക്കുന്നത്?

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വീടുതോറുമുള്ള നിരീക്ഷണം ഉറപ്പാക്കും. പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ച് വീട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കും. മെഡിക്കല്‍ എമര്‍ജന്‍സികള്‍ ഉണ്ടാവുന്ന സാഹചര്യങ്ങളില്‍, പ്രത്യേക അനുമതിയുള്ള ആംബുലന്‍സുകളുടെ സേവനം ഹോട്ട്സ്‌പോട്ട് പ്രദേശത്തേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഹോട്ട്സ്‌പോട്ട് പ്രദേശങ്ങള്‍ വ്യക്തമായ സുരക്ഷാക്രമീകരണങ്ങളോട് കൂടി സര്‍ക്കാര്‍ ശുചീകരിക്കും.

ഒരു പ്രദേശം ഹോട്ട്സ്പോട്ട് ഏരിയ അല്ലാതാവുന്നത് എപ്പോള്‍?

ഈയൊരു പകര്‍ച്ചാവ്യാധിയുടെ കാര്യത്തില്‍ നാം അതീവജാഗ്രത പുലര്‍ത്തണ്ടതുണ്ട്. അതുകൊണ്ട് തന്നെ വൈറസ് വ്യാപനത്തെ അടിസ്ഥാനമാക്കി ഹോട്ട്സ്‌പോട്ടുകള്‍ ദിനംപ്രതി പുനര്‍നിര്‍ണ്ണയിക്കപ്പെടും. പുതുതായി ഏതെങ്കിലും ഹോട്ട്‌സ്‌പോട്ട് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ പ്രതിദിന ബുള്ളറ്റിന്‍ വഴി അത് പൊതുജനങ്ങളെ അറിയിക്കുന്നതാണ്. ഹോട്ട്‌സ്‌പോട്ട് ആയ ഒരു പ്രദേശത്ത് നിന്നുള്ള വിവരങ്ങള്‍ ഒരാഴ്ചക്കാലം തുടര്‍ച്ചയായി വിശകലനം ചെയ്തതിനു ശേഷം മാത്രമേ ആ പ്രദേശത്തെ ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയുള്ളൂ.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഹോട്ട്‌സ്‌പോട്ട് ലിസ്റ്റിലുള്ള പ്രദേശങ്ങളെ എങ്ങനെ അറിയാന്‍ പറ്റും?

Directorate of Health Services പുറത്തിറക്കുന്ന ഡെയിലി ബുള്ളറ്റിന്‍ നോക്കിയാല്‍ ഹോട്ട്‌സ്‌പോട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ കഴിയും.

https://dhs.kerala.gov.in/category/daily-bulletin/

പക്ഷെ ഇത് ഔദ്യോഗിക ആവശ്യത്തിന് വേണ്ടി പുറത്തിറക്കുന്ന രേഖകള്‍ മാത്രമാണ്.

അനൗദ്യോഗികമാണെങ്കിലും, കേരളത്തിന്റെ ഒരു ഇന്ററാക്ടീവ് ഹോട്ട്‌സ്‌പോട്ട് മാപ്പ് https://covid19kerala.info/ സൈറ്റില്‍ തയ്യാറാക്കിയിള്ളതായി കണ്ടു. ഒരു ഉദ്യോഗസ്ഥനോ സന്നദ്ധപ്രവര്‍ത്തകനോ ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കാന്‍ ഇത്തരത്തിലുള്ള ഗ്രാഫുകളും ഇന്ററാക്ടീവ് മാപ്പുകളും വളരെയധികം സഹായം ചെയ്യും. ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി എല്ലാദിവസവും ഇത് കൃത്യമായി പരിപാലിക്കപ്പെടണമെന്നു മാത്രം.
ഹോട്ട്‌സ്‌പോട്ട് ആയി കണ്ടെത്തുന്ന പ്രദേശങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതും, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതും നമുക്കിന്ന് അനിവാര്യമായ കാര്യമാണ്. നമ്മളെല്ലാം ഒറ്റക്കെട്ടായി പരിശ്രമിച്ചാല്‍ കോവിഡിനെ ഇതുവരെ തടഞ്ഞു നിര്‍ത്തിയപോലെ തന്നെ അതിനെ പൂര്‍ണമായി അതിജീവിക്കുന്നതിലും നമുക്ക് ലോകത്തിനു മാതൃകയാകാന്‍ സാധിക്കും.

Tags
Show More

Related Articles

Back to top button
Close