INSIGHT

എന്തുകൊണ്ടാണ് ഒരു മഴയ് ക്ക്‌ ‌ വെള്ളം പൊങ്ങുന്നത്?

അഡ്വ.ഹരീഷ് വാസുദേവന്റെ വിശദീകരണം വൈറല്‍

കൊച്ചി: നൂറ്റാണ്ടുകളായി കേരളത്തിന് രണ്ട് മഴക്കാലം വ്യക്തമായി കിട്ടുന്നതും താഴ്ന്ന പ്രദേശങ്ങളും കടല്‍നിരപ്പിലും താഴ്ന്നുള്ള കുട്ടനാടും കൊച്ചിയും പോലുള്ള പ്രദേശങ്ങളും വെള്ളത്തിലാവുന്നതും മലമ്പ്രദേശങ്ങളും മലയോരദേശങ്ങളും ഉരുള്‍പൊട്ടല്‍ പോലുള്ള ഭീഷണികളും നേരിടുന്നതും പതിവാണ്. എന്നാല്‍ 2018 മുതല്‍ക്കാണ് കേരളമൊട്ടാകെ ഭ്രാന്തെടുത്ത മട്ടില്‍ പുഴകള്‍ കരകവിയുന്നതും നിന്ന നില്‍പ്പില്‍ അനിയന്ത്രിതമായ പ്രളയം ഉണ്ടാവുന്നതും ആവര്‍ത്തിച്ചു തുടങ്ങിയത്. എന്താണിതിനു കാരണമെന്നത് ഏതു ശരാശരി മലയാളിയുടെയും സംശയമാണ്. പ്രത്യേകിച്ചും പ്രളയത്തിന് നേരിട്ട് വിധേയരാവാത്ത പ്രദേശങ്ങളിലൂള്ളവര്‍ക്ക്. മലയാളിയുടെ ഉള്ളില്‍ രൂപമെടുത്തു വരുന്ന ഈ പ്രളയഭീതിയ്ക്കു പിന്നിലെ ശാസ്ത്രീയ കാരണങ്ങളെപ്പറ്റിയുള്ള യുക്തിപൂര്‍വമായ വിശദീകരണവുമായി വന്നിരിക്കുകയാണ് പരിസ്ഥിതി ആക്ടിവിസ്റ്റുകൂടിയായ അഡ്വ. ഹരീഷ് വാസുദേവന്‍. അദ്ദേഹമെഴുതുന്നു: പുഴയില്‍ മണല്‍ ഉള്ളത് കൊണ്ടാണ് ഒരു മഴയ്ക്ക് വെള്ളം പൊങ്ങുന്നത് എന്നത് ശുദ്ധനുണയും അസംബന്ധവും ആണ്. ഒരു തെളിവും വേണ്ടാതെ ആര്‍ക്കും എന്തും പറയാം എന്നായിരിക്കുന്നല്ലോ. പുഴകളില്‍ ആകെ അടിഞ്ഞ മണലിന് കണക്കുണ്ട്. ഇപ്പോഴും ഒരു പുഴയിലും 1970 ലോ 80 ലോ ഉണ്ടായിരുന്ന മണലിന്റെ പകുതി പോലുമില്ല. മണല്‍മൂലം ഏത് പുഴയിലാണ് എത്ര ഏരിയയാണ് കുറഞ്ഞത്? അഴിമുഖം അടഞ്ഞതല്ല ഞാന്‍ പറയുന്നത്. നമ്മുടെ വീടിന്റെ പരിസരങ്ങളില്‍, പ്രത്യേകിച്ചു നഗരങ്ങളില്‍, വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണമെന്താകും? സാമാന്യബുദ്ധി വച്ചു മാത്രം നോക്കിയാല്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, രണ്ടുമൂന്ന് വര്‍ഷമായി വന്ന മഴയുടെ മാറ്റം. മണിക്കൂറുകള്‍ക്കുള്ളില്‍ ക്രമാതീതമായ മഴ. പത്തു ദിവസം കിട്ടേണ്ട മഴ ഒറ്റ ദിവസം പെയ്യുക. ജലത്തിന്റെ അളവിലെ വ്യത്യാസം താങ്ങാന്‍ പറ്റാതെ വെള്ളപ്പൊക്കം ഉണ്ടാകാം. രണ്ട്, 1990 ലോ 2000 ലോ മഴ പെയ്താല്‍ വെള്ളം ഭൂമിയില്‍ ഇറങ്ങാനുണ്ടായിരുന്ന സ്ഥലത്തിന്റെ എത്ര ശതമാനം ഇപ്പോള്‍ നമുക്ക് ചുറ്റും ഉണ്ട്? എത്ര ചതുരശ്രകിലോമീറ്റര്‍ സ്ഥലമാണ് കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് built up area ആയി മാറിയത്? വീട് വെയ്ക്കാനോ, റോഡ് പണിയാനോ അങ്ങനെ ഏത് ആവശ്യത്തിനായോ നാം മണ്ണിനെ built up area ആയി മാറ്റുമ്പോള്‍, തലേ വര്‍ഷം മഴയ്ക്ക് അവിടെ മണ്ണിലിറങ്ങിയ ജലം കൂടി ഒലിച്ചു റോഡിലോ തോട്ടിലോ വരുന്നു. Run off കൂടിയിരിക്കുന്നു. 70mm മഴ പെയ്താല്‍ 1500 ച.അടിയുള്ള ഓരോ വീടും എത്രായിരം ലിറ്റര്‍ ജലം അധികമായി പുറന്തള്ളും എന്നു കണക്ക് കൂട്ടിയാല്‍ മതി. നാം ‘വികസിപ്പിക്കുന്ന’ ഓരോ ചതുരശ്രഅടി ഭൂമിയിലും കിനിഞ്ഞിറങ്ങേണ്ട മഴവെള്ളം, ദിവസങ്ങള്‍ കൊണ്ട് പയ്യപ്പയ്യെ ഒഴുകി പുഴയില്‍ എത്തേണ്ട മഴവെള്ളം, ഒറ്റയടിക്ക് എത്തുന്നു. മണ്ണിന്റെ ജൈവാംശം കുറഞ്ഞപ്പോള്‍ ജലാഗിരണ കഴിവ് (Water holding capacity) കുറഞ്ഞു. തല്‍ഫലമായും വെള്ളപ്പൊക്കം ഉണ്ടാകുന്നു. EIA 2020 യുടെ ചര്‍ച്ച നടക്കുകയാണല്ലോ. സുസ്ഥിരവികസനമാണ് വേണ്ടതെന്നും. ഓരോ ച.അടിയും വികസിപ്പിക്കുമ്പോള്‍, അവിടെ തലേവര്‍ഷം മണ്ണിലിറങ്ങിയ വെള്ളം മണ്ണില്‍ ഇറക്കാനോ, ചുരുങ്ങിയപക്ഷം ശേഖരിക്കാനോ, ഒഴുകിയിറങ്ങി വെള്ളപ്പൊക്കം ഉണ്ടാക്കാതിരിക്കാനോ ഉള്ള സംവിധാനം ഉണ്ടാക്കലാണ് പരിസ്ഥിതി ആഘാതപഠനം, പരിസ്ഥിതി മാനേജ്മെന്റ് പ്ലാന്‍ എന്നിവയിലൂടെയൊക്കെ ആത്യന്തികമായി നിയമം ഉദ്ദേശിക്കുന്നത്. വെള്ളപ്പൊക്കം പോലെ തന്നെയാണ് വരള്‍ച്ചയും. ഭൂമിയില്‍ നമ്മള്‍ ഇറക്കുന്ന വെള്ളമേ വേനലില്‍ നമ്മെ സഹായിക്കൂ. മഴയത്ത് ഒഴുകിപ്പോയ വെള്ളം വേനലില്‍ വരള്‍ച്ച ഉണ്ടാക്കും.

Show More

Related Articles

Back to top button
Close