
തിരുവനന്തപുരം: മലയാള സിനിമയില്‍ ഇനി പാടില്ല എന്ന് ഗായകന് വിജയ് യേശുദാസ് പറഞ്ഞെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരുന്നു. സ്വതന്ത്ര സംഗീത സൃഷ്ടികള്‍ക്കായി കൂടുതല്‍ പ്രവര്‍ത്തിക്കുമെന്നും മലയാള സിനിമയില്‍ പാടുന്നത് കുറയ്ക്കുമെന്നും വിജയ് ഒരു അഭിമുഖത്തില്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായിരുന്നു വാര്‍ത്തകളിലേറെയും. ഈ വിഷയത്തില്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ തെറ്റായ തലക്കെട്ടുകളുടെ പ്രേരണയിലാണ് നെഗറ്റീവ് അഭിപ്രായങ്ങള്‍ ഉയര്‍ന്നതെന്ന് പറയുകയാണ് വിജയ്.’ആ അഭിമുഖം പൂര്‍ണ്ണമായി വായിക്കുകയാണെങ്കില്‍ ഞാന്‍ ഒരു വലിയ പ്രശ്നത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഊതിവീര്‍പ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഓണ്‍ലൈനില്‍ ഇത്രയധികം വിരോധമുണ്ടാക്കിയത്. എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഒരു ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അതിനെ അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്, അവര്‍ക്കൊപ്പം ഞാന്‍ ഇനിയും പ്രവര്‍ത്തിക്കും. സിനിമയില്‍ നിന്നും പിന്നണി ഗാനരംഗത്തു നിന്നും എന്റെ സാന്നിധ്യം കുറയ്ക്കുമെന്ന് ഞാന്‍ പറഞ്ഞു. അത് മാത്രമല്ല സംഗീതം. മലയാളത്തിലെ സ്വതന്ത്ര സംഗീത മേഖലയില്‍ ഞാന്‍ സജീവമാകും’, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു.താന്‍ അനുഭവിക്കുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധിപ്പേരുണ്ടെന്നും വിജയ് പറഞ്ഞു. കഴിവ് തെളിയിച്ച സംഗീത രംഗത്തെ പലരും നിലനില്‍പ്പിനായി പോരാടുകയാണ്. അര്‍ഹരായവര്‍ക്ക് ശ്രദ്ധയും അംഗീകാരവും നിഷേധിക്കുന്ന ഒരു സിസ്റ്റത്തിന്റെ ഭാഗമാകാന്‍ എനിക്ക് താത്പര്യമില്ല – വിജയ് പറഞ്ഞു.