എന്‍എച്ച്എസ് ഹീറോ അനുജ് കുമാറിന് വിട നല്കാന് ഫയര്‍ഫോഴ്സും ഇംഗ്ലിഷ് സമൂഹവും

ലണ്ടന്‍: കോവിഡിനെതിരെ ധീരമായി പോരാടി ബോസ്റ്റണില്‍ മരണപ്പെട്ട കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ നഴ്സ് അനൂജ് കുമാറിനു (ബിജു- 44) മലയാളികള്‍ക്കൊപ്പം ഇംഗ്ലീഷ് സമൂഹവും ചേര്‍ന്ന് വിട നല്കി. കോവിഡ് വ്യാപന പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുമ്പോള്‍ കര്‍മ്മ രംഗത്ത് മാതൃകാപരമായ സേവനങ്ങള്‍ നടത്തി സ്വജീവിതം ബലിയര്‍പ്പിക്കുകയായിരുന്നു അനൂജ്. അനുജിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് പ്രമുഖ ഹിന്ദു സാംസ്കാരിക നേതാവും സംഘടനാ കാര്യദര്‍ശിയും വേദ വേദാന്താചാര്യനുമായ ഡോക്ടര്‍ രാം വൈദ്യരായിരുന്നു. കൃത്യ സമയത്തുതന്നെ വീട്ടിലെ ചടങ്ങുകള്‍ ആരംഭിച്ചു. പന്ത്രണ്ട് മണിയോടെ വീട്ടിലെ കര്‍മ്മങ്ങള്‍ക്ക് സമാപനം കുറിച്ച് പിന്നീടുള്ള ചടങ്ങുകള്‍ക്കും അനുസ്മരണത്തിനുമായി ബോസ്റ്റണ്‍ ക്രിമറ്റോറിയത്തിലേക്ക് കൊണ്ടുപോയി. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ അവസാനമായി യാത്രയാക്കാന്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഉറ്റവരും കൂട്ടുകാരും സഹപ്രവര്‍ത്തകരും എത്തി. തന്റെ ജീവന് ബലികൊടുത്ത് മറ്റു രോഗികളെ ശുശ്രുഷിച്ച ഹീറോയായ അനൂജിനെ യാത്രയാക്കാന്‍ ഇംഗ്ലീഷുകാരും വീടിനു പുറത്തെത്തി. പതിനഞ്ച് മിനിറ്റ് യാത്ര തുടര്‍ന്നപ്പോള്‍ എത്തിച്ചേര്‍ന്നത് ഫയര്‍ ഫോഴ്സ് സ്റ്റേഷന്റെ മുന്പില്. ശവമഞ്ചം പേറുന്ന ഫ്യൂണറല്‍ ഡിറക്റ്റേഴ്സിന്റെ കാറ് നിന്നപ്പോള്‍ സ്റ്റേഷനിലെ എല്ലാ അംഗങ്ങളും പുറത്തെത്തി സല്യൂട്ട് ചെയ്ത് ആദരിച്ചു.
ഏകദേശം നാല്പത് മിനിറ്റോളം എടുത്താണ് ബോസ്റ്റണ്‍ ക്രിമറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നത്. ശവസംസ്ക്കാര ചടങ്ങുകള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ക്രിമറ്റോറിയത്തിലെ ചടങ്ങുകള്‍ ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി എല്ലാവരും മടങ്ങിയപ്പോള്‍ തീരാ വേദനയുമായി അനൂജിന്റെ ഭാര്യ സന്ധ്യയും രണ്ട് കുട്ടികളും. അനുസ്മരണ യോഗത്തില്‍ അനൂജിന്റെ കരുതലിനെയും സ്നേഹത്തെയും ബന്ധുക്കളും കൂട്ടുകാരും സഹപ്രവര്‍ത്തകരും എല്ലാവരുമായി പങ്കുവച്ചു . അനൂജ് കുമാറിന്റെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം അദ്ദേഹത്തോടുള്ള ആദര സൂചകമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളം ഹിന്ദു ഹെറിറ്റേജിന്റെയും ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ഹിന്ദു കള്‍ച്ചറല്‍ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചൊവ്വാഴ്ച പ്രത്യേക പ്രാര്‍ത്ഥനയും സ്മരണാഞ്ജലിയുമായി യുകെ സമൂഹം സൂം വീഡിയോ കോണ്‍ഫെറന്‍സ് വഴി ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേര് പങ്കെടുത്തിരുന്നു.
ഏപ്രില്‍ 27നാണ് കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ നഴ്സ് അനുജ് കുമാര്‍ മരിച്ചത്.കുറച്ചു ദിവസങ്ങളായി കോവിഡിനോട് പൊരുതിയ അനൂജ് ഏപ്രില്‍ 27ന് രാത്രി ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ച് മരിക്കുകയായിരുന്നു. ഭാര്യ സന്ധ്യയും മകന് ആകുലും അനൂജിനെ അവസാനമായി കണ്ടിരുന്നു. തൊടുപുഴ കോലാനി സ്വദേശിനിയാണ് സന്ധ്യ. രണ്ടു മക്കളാണ് ഇവര്‍ക്ക്, ആകുല്‍ (14), ഗോകുല്‍ (3). കുടുംബം കോവിഡ് മുക്തരായി ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിസ്ചാര്‍ജ് ആയത്. പരേതനായ പവിത്രന്റെ മകനാണ് അനൂജ്, അമ്മ ജഗദമ്മ, സഹോദരി അജിത. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വീട്ടിലെത്തി മടങ്ങിയിരുന്നു.