എന്‍ജിനീയറിങ് കോളജുകള്‍ക്ക് സ്ഥിരാംഗീകാരത്തിന് നീക്കം

തിരുവനന്തപുരം:കേരളത്തിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജുകളടക്കമുള്ള സാങ്കേതിക പഠനകേന്ദ്രങ്ങള്‍ക്ക് സ്ഥിരം അംഗീകാരം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് എന്‍ജിനീയറിങ് കോളജുകള്‍ക്കും സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സ്ഥിരാംഗീകാരം നല്കാന് എ.പി.ജെ.അബ്ദുല്‍ക്കലാം സാങ്കേതിക സര്‍വകലാശാല തത്വത്തില്‍ തീരുമാനമെടുത്തു. ചട്ടങ്ങളുടെ അഭാവം മൂലമാണ് സര്‍വകലാശാല സ്ഥാപിതമായി ആറു വര്‍ഷത്തിനുശേഷവും സ്ഥിരാംഗീകാരം നല്കാന് സാധിക്കാതെ വന്നത്.
സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ദീര്‍ഘകാലാവശ്യമാണ് ഇതോടെ സഫലമാവുന്നത്. യൂജിസി ഗ്രാന്‍ഡ് അടക്കമുള്ള കേന്ദ്രസഹായം ലഭിക്കണമെങ്കില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍വകലാശാല അംഗീകാരം അത്യന്താപേക്ഷിതമാണ്. സര്‍വകലാശാല സ്റ്റാറ്റിയൂട്ടില്‍ സ്ഥിരാംഗീകാരം നല്കാന് വ്യവസ്ഥയില്ലാത്തതിനാല്‍ ഓരോ വര്‍ഷവും പരിശോധന നടത്തി അംഗീകാരം നല്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതു മാറുന്നതോടെ സ്വകാര്യമേഖലയിലടക്കം നിലവാരം പുലര്‍ത്തുന്ന കോളജുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏറെ സഹായമാവും.