പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള എന്‍ഡിഎയുടെ സീറ്റ് ധാരണ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചതായാണ് വിവരം. എന്നാല്‍ ഈ തീരുമാനം എന്‍ഡിഎയില്‍ പൊട്ടിത്തെറി ഉണ്ടാക്കുമെന്ന് ഉറപ്പാണ്. എല്‍ജെപി ഈ ധാരണ അംഗീകരിക്കില്ലെന്ന് വ്യക്തമാണ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ഭീഷണിമുഴക്കിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി അകല്‍ച്ചയിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്നയിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഭീഷണിമുഴക്കിയിരുന്നു.
ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകള്‍ ജെഡിയുവിന് 122 സീറ്റുകളും ബിജെപിക്ക് 121 സീറ്റും ലഭിക്കും. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും. കോവിഡ് സാഹചര്യങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.