KERALANEWS

എന്‍ ഐ എ പ്രതിരോധത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധത്തിന് തെളിവില്ല


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധത്തെ കുറിച്ച് തെളിവ് ചോദിച്ച് എന്‍ഐഎ കോടതി. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിനു തീവ്രവാദ ബന്ധമുണ്ടെന്ന് അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഐഎ കോടതി ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കോടതിയില്‍ ഇന്നു വാദം നടക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണസംഘം നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും.സ്വര്‍ണക്കടത്ത് കേസില്‍ നാല് മാസത്തോളമായി അന്വേഷണം നടക്കുന്നു. എഫ്‌ഐആറില്‍ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഈ കുറ്റത്തിനുള്ള തെളിവിലേക്ക് എത്താന്‍ അന്വേഷണസംഘത്തിനു ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തില്‍ നിന്നു ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നതിലാണ് കോടതി തെളിവ് ആവശ്യപ്പെടുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചു എന്ന കുറ്റാരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് എന്‍ഐഎയോട് ഇന്നലെ കോടതി ചോദിച്ചിരുന്നു. എന്‍ഐഎ ഹാജരാക്കിയ കേസ് ഡയറി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യം ഇന്ന് വിശദീകരിക്കാമെന്ന് എന്‍ഐഎക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കോടതി നടപടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.അതേസമയം, സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍മാരായ ഫൈസല്‍ ഫരീദിനേയും റബിന്‍സ് ഹമീദിനേയും അറസ്റ്റ് ചെയ്തിരുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി യുഎഇ സന്ദര്‍ശിച്ച സംഘത്തെ ഇക്കാര്യം അറിയിച്ചുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇല്ലാതാക്കാന്‍ സ്വര്‍ണക്കടത്ത് കാരണമായെന്ന് യുഎഇ വ്യക്തമാക്കിയതായും എന്‍ഐഎ ബോധിപ്പിച്ചു.കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജരേഖ ചമച്ച് സ്വര്‍ണം കടത്തിയതില്‍ സൂത്രധാരന്‍മാര്‍ക്കും പണം മുടക്കിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കുമെതിരെ നടപടിയുണ്ടാവുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ടെന്നും എന്‍ഐഎ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close