BIZTop News

എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന ലളിതമാക്കി; കടബാധ്യത നിക്ഷേപകര്‍ക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയിലെ മാനദണ്ഡങ്ങള്‍ ലളിതമാക്കി കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയെ പൂര്‍ണമായും വിറ്റൊഴിയുന്നതിന്റെ ഭാഗമായുള്ള നീക്കമാണിത്. പുതിയ മാനദണ്ഡപ്രകാരം ഡിസംബര്‍ 15 വരെ ബിഡ് സമര്‍പ്പിക്കാം. ജനുവരി 27- ന് വില്‍പ്പനയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് നടപടി.

കോവിഡ് ഉണ്ടാക്കിയ ആഘാതവും വ്യോമയാന മേഖലയിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് വിവിധ സാധ്യതകള്‍ തേടുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.ഓഹരി മൂല്യത്തിന് പകരം ഹ്രസ്വകാല ദീര്‍ഘകാല കടബാദ്ധ്യത ഉള്‍പ്പെടെ എയര്‍ ഇന്ത്യയുടെ എന്റര്‍പ്രൈസ് മൂല്യം (സംരംഭക മൂല്യം) അടിസ്ഥാനമായുള്ള താത്പര്യപത്രമാണ് ക്ഷണിക്കുന്നതെന്ന് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. അതായത്, എയര്‍ ഇന്ത്യയുടെ കടബാദ്ധ്യതയില്‍ എത്ര ഏറ്റെടുക്കുമെന്നും മൊത്തം എത്ര തുക ഏറ്റെടുക്കാനായി നല്‍കുമെന്നും നിക്ഷേപകര്‍ വ്യക്തമാക്കണം.

നിക്ഷേപകര്‍ മൊത്തം കടബാദ്ധ്യത ഏറ്റെടുക്കണമെന്ന നിബന്ധന ഒഴിവാക്കി. ഓഹരി വിറ്റൊഴിയലിലൂടെ ലഭിക്കുന്ന 85 ശതമാനം തുക കടം വീട്ടാനുപയോഗിക്കും. ബാക്കി സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റും.എയര്‍ ഇന്ത്യയുടെ 62,000 കോടി രൂപയുടെ കടബാദ്ധ്യത, ഓഹരി വില്പനയ്ക്ക് മുന്നോടിയായി 23,286.50 കോടി രൂപയായി സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്.ലേലങ്ങളൊന്നും നടക്കാതിരുന്ന 2017 ല്‍ എയര്‍ ഇന്ത്യയുടെ ആദ്യ ഓഹരി വിറ്റഴിക്കല്‍ ശ്രമത്തിനിടെ വ്യവസായ പങ്കാളികള്‍ ഉന്നയിച്ച പ്രധാന ആശങ്കകളിലൊന്നാണ് സുപ്രധാനമായ കടം. ഇതേ തുടര്‍ന്ന് രണ്ടാമത്തെ ശ്രമത്തില്‍ സര്‍ക്കാര്‍ തുക കുറച്ചു.ലേലം പിടിച്ചെടുത്ത നിക്ഷേപകന്‍ ഓഹരി കൈമാറ്റത്തിന് മുമ്പായി ബിഡ് തുകയുടെ 15 ശതമാനമെങ്കിലും സര്‍ക്കാരില്‍ നിക്ഷേപിക്കണം എന്നതാണ് മറ്റൊരു മാറ്റം.ബിഡ് സമര്‍പ്പിച്ചവരില്‍നിന്നുള്ള ചുരുക്കപ്പട്ടിക ഡിസംബര്‍ 28 -ന് പ്രഖ്യാപിക്കും.

നേരത്തേ നിശ്ചയിച്ച രീതിയില്‍ കമ്പനിയുടെ കടബാധ്യതയില്‍ ഒരു ഭാഗം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് ദീപം വ്യക്തമാക്കി.2020-21 ലെ കേന്ദ്ര ബജറ്റില്‍ 2.1 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെയും ഐഡിബിഐ ബാങ്കിലെയും ഓഹരി വില്‍പ്പനയിലൂടെ 90,000 കോടി രൂപയും ബിപിസിഎല്‍, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യ എന്നിവയുള്‍പ്പെടെ 1.2 ലക്ഷം കോടി രൂപയും സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close