
ലണ്ടന്‍: രാജകുടുംബവും രാജകീയ ജീവിതവും എങ്ങനെയായിരിക്കുമെന്ന് സങ്കല്പിക്കാത്തവര് കുറവായിരിക്കും. അക്ഷമരായിരിക്കുന്നവര്ക്കായി ഒരു സുവര്‍ണാവസരം ആണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ വിന്‍ഡ്സര്‍ കോട്ടയിലെ പൂന്തോട്ടം പൊതുജനങ്ങള്‍ക്ക് കാണാന്‍ തുറന്നു കൊടുക്കുന്നു. നാല്പത് വര്‍ഷത്തിന് ശേഷമാണ് കൊട്ടാരത്തിന്റെ ഭാഗത്ത് നിന്നും ഇങ്ങനൊരു നടപടി ഉണ്ടാവുന്നത്.ഇതിനു മുന്നോടിയായി കോട്ടയുടേയും പൂന്തോട്ടത്തിന്റെയും ചിത്രങ്ങള്‍ രാജകുടുംബം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വാരാന്ത്യങ്ങളിലാണ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നത്.
കോട്ടയുടെ വളരെ പ്രധാനപ്പെട്ട ഒരുഭാഗമായ ഈസ്റ്റ് ടെറസ് പൂന്തോട്ടമാണ് പൊതു ജനങ്ങള്‍ക്കായി തുറന്നുനല്‍കുന്നത്. ഇംഗ്ലീഷ് കൗണ്ടിയായ ബെര്‍ക്ക്ഷെയറിലെ ഈ കോട്ടയിലാണ് എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ് രാജകുമാരനും ലോക്ക് ഡൗണ്‍ സമയം ചിലവഴിച്ചത്. ഇപ്പോള്‍ ഇരുവരും ബാല്‍മോറല്‍ കോട്ടയിലോണുള്ളത്. ബാല്‍മോറല്‍ കോട്ടയിലേക്ക് മാറുന്നതിന് മുമ്പായാണ് രാജ്ഞി ഇങ്ങനൊരു തീരുമാനം എടുത്തത്. 3500-ഓളം റോസാ പുഷ്പങ്ങളും തോട്ടത്തിന് നടുവിലെ ജലധാരയുമാണ് പൂന്തോട്ടത്തിലെ ആകര്‍ഷണ ഘടകങ്ങള്‍. 1824-ലാണ് കൊട്ടാരത്തില്‍ പൂന്തോട്ട നിര്‍മാണം ആരംഭിക്കുന്നത്. രണ്ട് വര്‍ഷത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 1826-ലാണ് പൂന്തോട്ടം കിങ് ജോര്‍ജ് നാലാമന് തോട്ടം കമ്മീഷന് ചെയ്യുന്നത്. കാലങ്ങള്‍ക്ക് ശേഷം 34 ഓറഞ്ച് മരങ്ങള്‍ കൂടി തോട്ടത്തില്‍ നട്ടുപിടിപ്പിച്ചു. ഫ്രാന്‍സ് ഭരണാധികാരിയായിരുന്ന ചാള്‍സ് പത്താമന്‍ രാജാവ് ജോര്‍ജ് നാലാമന് നല്കിയതായിരുന്നു ഈ ഓറഞ്ച് മരങ്ങള്‍. ഹംപ്റ്റണ് കോര്‍ട്ടിലെ പ്രൈവി ഗാര്‍ഡെന്‍സില്‍ നിന്നും വാങ്ങിയ ശില്പങ്ങളാണ് പൂന്തോട്ടത്തിന്റെ മാറ്റ് കൂട്ടുന്നവ. 1603-ല്‍ ഫ്രഞ്ച് ശില്പിയായ ഹൂബര്‍ട്ട് ലി സ്യൂവെര് ചാള്‍സ് ഒന്നാമനുവേണ്ടി നിര്‍മിച്ച നാല് ഓട്ടുപ്രതിമകളും പകിട്ട് മങ്ങാതെ പൂന്തോട്ടത്തിലുണ്ട്. 1971-ല്‍ ഫിലിപ് രാജകുമാരന് പൂന്തോട്ടം പുനര്രൂപകല്പന ചെയ്തിരുന്നു. അദ്ദേഹമാണ് തോട്ടത്തിന് നടുവിലെ വെങ്കലത്തിലുള്ള താമരയുടെ ആകൃതിയിലുള്ള ജലധാരയ്ക്ക് രൂപം നല്‍കിയത്.