എല്ലാവര്ക്കും സൗജന്യ റേഷന്‍; നിരീക്ഷണത്തിലുള്ളവര്‍ക്ക് കിറ്റ് വീട്ടിലെത്തിക്കും

തിരുവനന്തപുരം : എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്കാന് മന്ത്രിസഭ തീരുമാനം. പലവ്യഞ്ജനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി വീതം നല്‍കും. ബി.പി.എല്‍ വിഭാഗത്തിന് നല്കികൊണ്ടിരിക്കുന്ന 35 കിലോ അരി തുടരും. മുന്‍ഗണന, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 15 കീലോ അരി വീതം ലഭിക്കും. രാജ്യം ലോക്ക്ഡൌണിലേക്ക് പോവുകയും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് എല്ലാവര്ക്കും ഭക്ഷ്യധാന്യം എത്തിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. സംസ്ഥാനത്തെ എല്ലാ ബിവറേജ് ഔട്ട് ലെറ്റുകളും 21 ദിവസത്തേക്ക് പൂട്ടാന്‍ രാവിലെ സര്‍ക്കാര്‍ തീരുമാനിച്ചു.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ ഇനത്തില്‍ 1069 കോടി രൂപയും, വെല്‍ഫയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. സഹകരണ ബാങ്ക് മുഖേന പെന്ഷന് ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്ഷന് എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് രണ്ടു മാസത്തെ ക്ഷേമ പെന്ഷന് വേഗത്തില്‍ വിതരണം ചെയ്യുന്നത്. ബാക്കിയുള്ള തുക വിഷുവിന് മുമ്പ് വീട്ടിലെത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. 45 ലക്ഷത്തോളം പേര്‍ക്കാണ് പെന്ഷന് തുക ലഭിക്കുക.