
മാഡ്രിഡ്:സീസണിലെ ആദ്യ എല്‍ക്ലാസികോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സലോണയെ റയല്‍ തകര്‍ത്തത്. ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റോടെ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഒന്നാമതെത്തി.
ബാഴ്സയുടെ തട്ടകമായ ന്യൂ കാമ്പിലെ ഒഴിഞ്ഞ ഗാലറിക്ക് മുന്നില്‍ ഒട്ടും ആവേശം ചോരാതെയാണ് ഇരു ടീമുകളും പന്ത് തട്ടിയത്. അഞ്ചാം മിനുട്ടില്‍ തന്നെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ഫെഡ്രികോ വാല്വെര്ദെ റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍ റയലിന്റെ ആഘോഷം അധികം നീണ്ടില്ല. ഒട്ടും വൈകാതെ തന്നെ എട്ടാം മിനുറ്റില്‍ കൗമാര താരം അന്‍സു ഫാത്തിയുടെ മറുപടി ഗോള്‍. ജോഡി ആല്‍ബയുടെ മികച്ച ക്രോസ് ഫാത്തി പോസ്റ്റിലേക്ക് തിരിച്ചിടുകയായിരുന്നു.
സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം ലീഡ് നേടാന്‍ ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചു. 54ാം മിനുറ്റില്‍ കുടീഞ്ഞ്യോക്ക് ലഭിച്ച മികച്ച അവസരം പാഴാക്കി. 63ാം മിനുറ്റില്‍ പെനാള്‍ട്ടിയിലൂടെ നായകന് സെര്‍ജിയോ റാമോസ് റയിലിന് ലീഡ് നല്കി. ലീഡുയര്‍ത്താന്‍ റയലിന് വീണ്ടും മികച്ച അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഗോള്‍വലക്ക് കീഴില്‍ നെറ്റോ പലപ്പോഴും ബാഴ്സയുടെ രക്ഷകനായി. ഗ്രീസ്മാന്, ഡെംപലെ ഉള്‍പ്പെടെയുള്ളവരെ പകരക്കാരായി ഇറക്കി സമനില പിടിക്കാന്‍ ഡേവിഡ് കൂമാന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതിനിടിയില്‍ ലീഡ് ഉയര്‍ത്താന്‍ വീണ്ടും റയലിന്റെ ശ്രമം.
ഗോള്‍കീപ്പര്‍ നെറ്റോയുടെ പിഴവ് മുതലാക്കി തൊണ്ണൂറാം മിനുറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ മനോഹര നീക്കത്തിലൂടെ റയലിന്റെ മൂന്നാം ഗോള്‍ പിറന്നു. ജയത്തോടെ 13 പോയന്റോടെ റയല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. 7 പോയന്റ് മാത്രമുള്ള ബാഴ്സ പത്താമതാണ്.സിദാന് പരിശീലകനായ ശേഷം ന്യൂകാന്പില്‍ ആറ് മത്സരങ്ങളിലും റയല്‍ തോല്‍വി അറിഞ്ഞില്ലെന്ന പ്രത്യേകതയും കഴിഞ്ഞ മത്സരത്തിനുണ്ട്. മൂന്ന് ജയവും മൂന്ന് സമനിലയുമാണ് സിദാന്റെ സമ്പാദ്യം.