KERALANEWSTrending

എളുപ്പവഴി മരണത്തിലേക്കുള്ള വഴിയായി;ആഭരണം കൈക്കലാക്കിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ടു: അൻവറിന്റെ മൊഴി

മലപ്പുറം: ജോലി സ്ഥലത്തേക്ക് ബസ് കയറാന്‍ സ്ഥിരമായി പോകാറുള്ള എളുപ്പവഴി മരണത്തിലേക്കുള്ള വഴിയായി മാറുകയായിരുന്നു കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശിനി സുബീറ ഫര്‍ഹത്തിന്. സ്ഥിരമായി പോകുന്ന വഴിയില്‍ കാത്തുനിന്ന അന്‍വര്‍, സുബീറയെ കയറിപ്പിടിക്കുകയും പിടിവലിക്കൊടുവില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു വെന്നും പോലീസ്. അടുത്ത കാലത്തായി സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന അന്‍വര്‍ മോഷണത്തിനു വേണ്ടിയാണു കൊലപാതകം നടത്തിയതെന്ന് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി 150 മീറ്ററോളം അകലെ കൊണ്ടു പോയാണു കുഴിച്ചിട്ടതെന്നും പ്രതി നേരത്തെ വെളിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.


താന്‍ ഒറ്റയ്ക്കാണു കൃത്യം ചെയ്‌തെന്നാണ് ഇയാള്‍ പോലീസിനു നല്‍കിയ മൊഴി. എങ്ങനെയാണു കൊല നടത്തിയതെന്നും ആഭരണങ്ങള്‍ എന്തു ചെയ്‌തെന്നും കണ്ടെത്തുന്നതിനായി അന്‍വറിനെ വീണ്ടും തെളിവെടുപ്പിനു കൊണ്ടു പോകുമെന്നും പോലീസ് അറിയിച്ചു. സുബീറയുടെ വീട് നില്‍ക്കുന്ന ചോറ്റൂരില്‍നിന്ന് കഞ്ഞിപ്പുര ബൈപാസ് വഴി വേണം ബസ് സ്റ്റോപ്പിലെത്താന്‍. എന്നാല്‍ ഇതു ദൂരക്കൂടുതലുള്ളതിനാല്‍ ചുള്ളിച്ചോല വഴിയുള്ള നാട്ടുപാതയെ ആണു സ്ഥിരമായി ആശ്രയിക്കാറുള്ളത്. വീട്ടില്‍നിന്നിറങ്ങിയ ശേഷം തൊട്ടടുത്ത സിസിടിവിയില്‍നിന്നുള്ള ദൃശ്യം നേരത്തെ പോലീസിനു ലഭിച്ചിരുന്നു. എന്നാല്‍ 100 മീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടിലെ സിസിടിവിയില്‍ ഇവരെ കണ്ടെത്താനുമായില്ല. അതുകൊണ്ട് ഈ വീടുകള്‍ക്കിടയില്‍ വച്ചാണു കാണാതായതെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. വിജനമായ സ്ഥലമാണ് ഇവിടം. തുടര്‍ന്നു ഫോണിലെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്.

തിരൂര്‍ ഡി.വൈ എസ് പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ നേരത്തെ തന്നെയുണ്ട്. പെണ്‍കുട്ടിയ്ക്കായി തിരച്ചില്‍ നടത്താനും അന്‍വര്‍ മുന്നിട്ടിറങ്ങിയിരുന്നു. ചിലയിടത്ത് മണ്ണുമാറ്റാനുള്ള പോലീസിന്റെ ശ്രമം പ്രതി തടഞ്ഞതാണ് പിടിവീഴാന്‍ കാരണം.കഞ്ഞിപ്പുര ചോറ്റൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പ്രദേശത്ത് നിന്നും 40 ദിവസം മുമ്പ് കാണാതായ 21കാരിയുടേതാണെന്ന് സ്ഥിരീകരിച്ചു. കിഴക്കപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിനെയാണ് മാര്‍ച്ച് 10 മുതല്‍ കാണാതായത്. ചൊവ്വാഴ്ച വൈകുന്നരമാണ് കാണാതായ സുബീറ ഫര്‍ഹത്തിന്റെ വീടിന് 300 മീറ്ററോളം അകലെയായി കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സുബീറ ഫര്‍ഹതിനെ മാര്‍ച്ച് 10 മുതലാണ് കാണാതായത്. വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കിലെ സഹായിയായ സുബീറ ഫര്‍ഹത്ത് കാണാതായ ദിവസം രാവിലെ വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്കിറങ്ങിയ ദൃശ്യങ്ങള്‍ തൊട്ടപ്പുറത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.ജോലിക്കെത്താതില്‍ ക്ലിനിക്കിലെ ഡോക്ടര്‍ വീട്ടുകാരെ വിവരമറിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കാണാതായതിന് ശേഷം സുബീറയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായത് അന്വേഷണത്തെ കാര്യമായി ബാധിച്ചു. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close