
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തുടരുന്നു എന്നും, ആരോഗ്യ നില തൃപ്തികരം എന്നും മകന് ചരണ്‍. ‘എന്റെ അച്ഛന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു കൊണ്ടുള്ള നിങ്ങളുടെ കരുതലിന് നന്ദി. അദ്ദേഹം ഐ സി യുവില്‍ വെന്റിലേഷനില്‍ ആണ്. സ്ഥിതി സ്റ്റേബിള്‍ ആണ്. കിംവദന്തികള്‍ വിശ്വസിക്കരുത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഒരിക്കല്‍ കൂടി നന്ദി,’ ചരണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒരാഴ്ചയായി ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയറില്‍ ചികിത്സയില്‍ കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ സ്ഥിതി വഷളായതായും ആശുപത്രി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
”ഓഗസ്റ്റ് അഞ്ചിന് കോവിഡ് ബാധിച്ച് എംജിഎം ഹെല്‍ത്ത് കെയറില്‍ പ്രവേശിപ്പിച്ച് ഗായകന് എസ്പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിലാണ്. ഓഗസ്റ്റ് 13 രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. നിലഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്,” പ്രസ്താവനയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് പല ഊഹാപോഹങ്ങളും ഇന്നലെ മുതല്‍ പ്രചരിച്ചു തുടങ്ങി. അതിനു വിരാമമിട്ടു കൊണ്ട് ഇന്നലെ രാത്രിയോടെ എസ് പി ബി യുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ട് രംഗത്ത് വന്നു. എസ് പി ബി സുരക്ഷിതമായ കൈകളിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പൂര്‍വസ്ഥിതിയിലായി മടങ്ങി വരുമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. നേരിയ പുരോഗതിയുണ്ടായതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദി പറയുന്നതായി എസ്പിബിയുടെ മകന് എസ്പി ചരണ്‍ ട്വീറ്റ് ചെയ്തു. പ്രിയ ഗായകന്റെ അസുഖം പെട്ടെന്ന് മാറുന്നതിനായി ചലച്ചിത്ര പ്രവര്‍ത്തകരും ഗായകരും ആരാധകരും അടക്കമുള്ളവര്‍ ആശംസകളറിയിച്ചു. സംഗീത സംവിധായകരായ ഇളയരാജ, എആര്‍ റഹ്മാന്, ഗായകന് കെജെ യേശുദാസ്, ചിത്ര തുടങ്ങിയവരടക്കം നിരവധി പേര് എസ്പിബിയുടെ പെട്ടെന്നുള്ള രോഗമുക്തിക്കായി ആശംസിച്ചു. അസുഖത്തെ തോല്‍പ്പിച്ച് എത്രയും വേഗം എഴുന്നേറ്റു ജീവിതത്തിലേക്ക് മടങ്ങി വരൂ എന്ന് എസ്പിബിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ ഇളയരാജ പറഞ്ഞു.