INDIANEWS

എസ് പി ബാലസുബ്രഹ്‌മണ്യം കോവിഡ് മുക്തനായെന്ന വാര്‍ത്ത വ്യാജം

ചെന്നെ:ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം കോവിഡ് മുക്തനായെന്ന വാര്‍ത്ത നിഷേധിച്ച് മകനും ഗായകനുമായ എസ് പി ചരണ്‍. ഇന്നു രാവിലെയാണ് എസ്പിബിയുടെ കോവിഡ് ഫലം നെഗറ്റീവ് ആയി എന്ന തരത്തില്‍ ചരണിന്റെ പേരില്‍ വാര്‍ത്താക്കുറിപ്പ് പ്രചരിച്ചത്. എന്നാല്‍ അത് വാജ്യ വാര്‍ത്തയാണെന്ന് അദ്ദേഹം തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പറഞ്ഞു. ഈ മാസം അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ച് എസ് പി ബാലസുബ്രഹ്‌മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറഞ്ഞ തോതില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗായകന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് 13ന് എസ്പിബിയുടെ ആരോഗ്യനില വഷളാവുകയും അതിതീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയുമായിരുന്നു.

എസ്പിബിയുടെ ആരോഗ്യ നില സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്പി ചരണ്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. ആശുപത്രി അധികൃതരുമായി വിശദമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് അക്കാര്യം മാധ്യമങ്ങളെ അറിയിക്കുന്നതെന്നും അച്ഛന്റെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ ഏറ്റവുമാദ്യം അറിയുന്നത് താന്‍ ആയിരിക്കുമെന്നും ചരണ്‍ വ്യക്തമാക്കി. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
എസ്പി ചരണ്‍ പറഞ്ഞതിങ്ങനെ,
‘കോവിഡ് നെഗറ്റീവോ പോസിറ്റീവോ ആകട്ടെ… അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല എന്നതാണ് സത്യം. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിലാണ്. എങ്കിലും സ്റ്റേബിളാണ്. ശ്വാസകോശത്തെ ബാധിച്ച അണുബാധയില്‍ നിന്ന് വേഗത്തില്‍ മുക്തി നേടാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ദയവു ചെയ്ത് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്. അപ്പയുടെ ആരോഗ്യവിവരങ്ങള്‍ യഥാസമയം ഞാന്‍ പങ്കുവയ്ക്കുന്നതാണ്,’ ചരണ്‍ അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close