SPORTSTop News

ഐപിഎല്ലില്‍ മലയാളി വസന്തം

വസന്ത് കുമാര്‍

അങ്ങനെ കാത്തുകാത്തിരുന്ന ഐപിഎല്‍ ഇങ്ങെത്തി. ഫുട്ബോള്‍ പോലെ ഇറങ്ങി കളിക്കാന്‍ അവസരം ഏറെയില്ലാത്ത ക്രിക്കറ്റില്‍ കരയ്ക്കിരുന്ന് കളി കാണലാണ് മലയാളിയുടെ പതിവ്. എന്നാല്‍, ഇക്കുറി ഐപിഎല്ലിന്റെ തുടക്കം മുതല്‍ തന്നെ ആ ധാരണ തിരുത്തപ്പെടുകയാണ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി ഐപിഎല്ലില്‍ അവിസ്മരണീയ അരങ്ങേറ്റം കുറിച്ചിരിക്കുന്നു ദേവദത്ത് പടിക്കല്‍. ഇടങ്കയ്യന്‍ ഓപ്പണര്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കം ടീമിന്റെ വിജയവും ഉറപ്പാക്കി. കര്‍ണാടകയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന മലപ്പുറംകാരനു ശേഷം കേരളത്തിന്റെ സ്വന്തം സഞ്ജു വി. സാസണിന്റെ ഊഴമായിരുന്നു. ശക്തരായ ചെന്നൈക്കെതിരേ താരതമ്യേന ദുര്‍ബലരെന്നു കരുതപ്പെടുന്ന രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലേക്കു നയിച്ച ഇന്നിങ്സാണ് സഞ്ജു കാഴ്ചവച്ചത്. ഒമ്പത് സിക്സറും ഒരു ഫോറും അടങ്ങിയ ആ ബാറ്റിങ് വെടിക്കെട്ട് സഞ്ജുവിന്റെ ഹിറ്റിങ് മികവിനു മാത്രമല്ല ബാറ്റിങ് ക്ലാസിനും ഉദാഹരണമായിരുന്നു. കഴിഞ്ഞ സീസണില്‍ പ്ലേഓഫിലും ഫൈനലിലും അടക്കം നാലു വട്ടം മുംബൈയോടു തോറ്റതിനു ചെന്നൈ പ്രതികാരം ചെയ്യുന്നതു കണ്ടുകൊണ്ടായിരുന്നു ഇക്കുറി ഐപിഎല്ലിന്റെ ഉദ്ഘാടനം മത്സരം പൂര്‍ത്തിയായത്. ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ നിന്നു തഴയപ്പെട്ടതിനെത്തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും പിന്നീട് തിരിച്ചുവരുകയും ചെയ്ത അമ്പാടി റായുഡുവിന്റെ മനോഹരമായ ഇന്നിങ്സിനും ആ മത്സരം സാക്ഷ്യം വഹിച്ചു. കാണികളെ ഗ്യാലറിയില്‍ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങള്‍ നടക്കുന്നതെങ്കിലും ഉദ്ഘാടന മത്സരത്തിന് ടിവി സെറ്റുകളിലൂടെ 20 കോടി ആളുകള്‍ ദൃക്സാക്ഷികളായി എന്നാണ് കണക്ക്. പിന്നീട് ബാംഗ്ലൂരിനു വേണ്ടി എബ്രഹാം ഡിവില്ലിയേഴ്സിന്റെയും ഡല്‍ഹ്കിക്കു വേണ്ടി മാര്‍ക്കസ് സ്റ്റോയ്നിസിന്റെയും മിന്നല്‍ അര്‍ധ സെഞ്ചുറികള്‍. എന്നാല്‍, ടീം ടോട്ടല്‍ ആദ്യമായി ഇരുനൂറ് കടക്കുന്നതു കാണാന്‍ രാജസ്ഥാന്‍ – ചെന്നൈ മത്സരം വരെ കാക്കേണ്ടി വന്നു. ഇരു ടീമുകളും മത്സരത്തില്‍ ഇരുനൂറ് പിന്നിടുകയും ചെയ്തു. മഹേന്ദ്ര സിങ് ധോണിയുടെ ഫിനിഷ് മികവ് കാണാന്‍ കാത്തിരുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ മാത്രം അവസരം കിട്ടിയ ഒരു ഇന്നിങ്സും അന്നു കണ്ടു.

സഞ്ജു സാംസണ്‍

പക്ഷേ, സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ പലതും മുങ്ങിപ്പോകുകയായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ബിഗ് ഗ്ലൗസ് അണിയാന്‍ ധോണിയുടെ പിന്‍ഗാമിയായി സഞ്ജുവാണ് വരേണ്ടത് എന്ന അഭിപ്രായത്തിനു ശക്തി പകരാനും പ്രാപ്തമായ ഇന്നിങ്സായിരുന്നു അത്. സുനില്‍ ഗവാസ്‌കറെയും ഗൗതം ഗംഭീറിനെയും കെവിന്‍ പീറ്റേഴ്സനെയും പോലുള്ള മുന്‍ താരങ്ങളുടെ പ്രശംസയ്ക്കു സഞ്ജു പാത്രമാകുന്നതാണ് പിന്നീട് കണ്ടത്. പ്രകടനങ്ങളില്‍ സ്ഥിരത കൂടി ഉറപ്പു വരുത്താന്‍ കഴിഞ്ഞാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗത്വം അകലെയല്ല എന്നു വേണം കരുതാന്‍. ഐപിഎല്ലില്‍ മലയാളി താരങ്ങള്‍ മാത്രമല്ല, ഒരു മലയാളി അംപയറും ഇതിനിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചു. ടൈയില്‍ അവസാനിക്കുകയും സൂപ്പര്‍ ഓവറില്‍ ്ഡല്‍ഹി ക്യാപ്പിറ്റല്‍സ് കിങ്സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയും ചെയ്ത മത്സരം നിയന്ത്രിച്ച നിതിന്‍ മേനോനാണത്. ഐസിസി എലൈറ്റ് പാനലിലേക്ക് ഈയിടെ തെരഞ്ഞെടുക്കപ്പെട്ട നിതില്‍ മധ്യപ്രദേശില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ്. എന്നാല്‍, ഇത്തവണ വാര്‍ത്തകളില്‍ നിറഞ്ഞത് കളിയുടെ നിര്‍ണായക സമയത്ത് കിങ്സ് ഇലവനു നിഷേധിക്കപ്പെട്ട ഒരു റണ്ണിലൂടെയാണ്. ആ ഒരു റണ്ണുണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്ന ആരോപണവുമായി കിങ്സ് ഇലവന്‍ ടീം അധികൃതരാണ് രംഗത്തെത്തിയത്. ക്രിക്കറ്റില്‍ നിന്നു നേരേ ടെന്നിസിലേക്കു പോയാല്‍ ഇറ്റാലിയന്‍ ഓപ്പണില്‍ നിന്നാണ് പ്രധാന വാര്‍ത്ത. യുഎസ് ഓപ്പണിനിടെ രോഷ പ്രകടനത്തിന് അയോഗ്യനാക്കപ്പെട്ട നോവാക് ദ്യോക്കോവിച്ച് അവിടെ ചാംപ്യനായി. അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്സ്മാനെയാണ് ലോക ഒന്നാം നമ്പര്‍ താരം ഫൈനലില്‍ തുടര്‍ച്ചയായ സെറ്റുകളില്‍ പരാജയപ്പെടുത്തിയത്. മേജര്‍ കിരീടങ്ങളുടെ എണ്ണത്തില്‍ ഇപ്പോള്‍ 58 എണ്ണവുമായി മുന്നിലാണ് ദ്യോക്കോ. 55 മേജര്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ റാഫേല്‍ നദാലാണ് രണ്ടാം സ്ഥാനത്ത്. റോജര്‍ ഫെഡറര്‍ 54ല്‍ നില്‍ക്കുന്നു. ലോക റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം നമ്പര്‍ കൈയടക്കി വച്ച രണ്ടാമത്തെയാള്‍ എന്ന നേട്ടവും ഇതിനിടെ ദ്യോക്കോവിച്ച് മറികടന്നു. 286 ആഴ്ച ഒന്നാം സ്ഥാനത്ത് തുടര്‍ന്ന പീറ്റ് സാംപ്രസിനെയാണ് സെര്‍ബിയക്കാരന്‍ മറികടന്നിരിക്കുന്നത്. 310 ആഴ്ച ഒന്നാം സ്ഥാനം കുത്തയാക്കി വച്ച സാക്ഷാല്‍ റോജര്‍ ഫെഡററുടെ പേരിലാണ് ഈയിനത്തിലെ ലോക റെക്കോഡ്.

നോവാക് ദ്യോക്കോവിച്ച് , സിമോണ

ഇറ്റാലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ സിമോണ ഹാലെപ്പാണ് ചാംപ്യന്‍. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് സിമോണ സ്വന്തമാക്കുകയും രണ്ടാം സെറ്റില്‍ ലീഡ് ചെയ്യുകയും ചെയ്യുമ്പോള്‍ പ്ലിസ്‌കോവ പരുക്കേറ്റു പിന്‍മാറുകയായിരുന്നു. ഇതിനിടെ, പുരുഷ വിഭാഗത്തില്‍ നല്‍കിയതിനെക്കാള്‍ കുറവാണ് വനിതാ വിഭാഗത്തില്‍ നല്‍കിയ സമ്മാനത്തുക എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ കോവിഡിനെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ യുഎസ് ഓപ്പണില്‍ നിന്നും ഫ്രഞ്ച് ഓപ്പണില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നു പ്രഖ്യാപിച്ച മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്ലി ബാര്‍ട്ടി ഇതിനിടെ ബ്രിസ്ബെയ്നിലെ ബ്രൂക്ക് വാട്ടര്‍ ഗോള്‍ഫ് ക്ലബ് കിരീടം സ്വന്തമാക്കി. നേരത്തെ ബിഗ് ബാഷ് ലീഗിലൂടെ ക്രിക്കറ്റിലും കരുത്ത് തെളിയിച്ചിട്ടുള്ള ആഷ്ലി വനിതാ കായികലോകത്തെ യഥാര്‍ത്ഥ ഓള്‍റൗണ്ടര്‍ എന്ന വിശേഷണം സ്വന്തമാക്കി വച്ചിരിക്കുകയാണിപ്പോള്‍. ഇക്കുറി കോവിഡ് കാരണം വൈകിയാണ് പൂര്‍ത്തിയായതെങ്കിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണ്‍ സമയത്തു തന്നെ ആരംഭിച്ചു ആദ്യ മത്സരത്തില്‍ വോള്‍വര്‍ഹാംപ്ടണെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരേ മൂന്നു ഗോളിനു തകര്‍ക്കുകയും ചെയ്തു.

കെവിന്‍ ഡിബ്രൂയിന്‍

ഒരു ഗോളടിക്കുകയും രണ്ടു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ബെല്‍ജിയന്‍ പ്ലേമേക്കര്‍ കെവിന്‍ ഡിബ്രൂയിന്‍ ആയിരുന്നു മത്സരത്തിലെ ഹീറോ. ഇറ്റാലിയന്‍ സീരി എയിലും പുതിയ സീസണിനു തുടക്കമായിട്ടുണ്ട്. അവിടെ ആദ്യ മത്സരത്തില്‍ ബൊളോഞ്ഞെയെ എസി മിലാന്‍ മറികടന്നപ്പോള്‍ രണ്ടു ഗോളുമായി കളം നിറഞ്ഞത് സ്വീഡിഷ് സ്ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്. വയസായി ജനിച്ച് പിന്നീട് പ്രായം കുറഞ്ഞു കൊണ്ടിരിക്കുന്ന ബഞ്ചമിന്‍ ബട്ടന്‍ എന്ന സിനിമാ കഥാപാത്രത്തോടാണ് മത്സര ശേഷം ഇബ്ര സ്വയം ഉപമിച്ചത്. മുപ്പത്തൊമ്പതാം വയസിലാണ് അദ്ദേഹം ഫസ്റ്റ് ഡിവിഷന്‍ ഫുട്ബോളില്‍ ഈ കളി കളിക്കുന്നത്. മറ്റൊരു മത്സരത്തില്‍ യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളിന് സാംപ്ദോറിയയെ കീഴടക്കുമ്പോള്‍ പരിശീലകനെന്ന നിലയില്‍ ആന്ദ്രെ പിര്‍ലോയുടെ രാജകീയ അരങ്ങേറ്റം കൂടിയായി അത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

തുടര്‍ച്ചയായ പത്തൊമ്പതാം സീസണിലും ഗോള്‍ എന്ന നേട്ടം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കുന്നതും ഈ മത്സരത്തില്‍ കണ്ടു. അതേസമയം, സ്പാനിഷ് ലീഗില്‍ തങ്ങളുടെ ആദ്യ മത്സരം റയല്‍ മാഡ്രിഡ് സമനിലയില്‍ അവസാനിപ്പിച്ചു. റയല്‍ സോസിദാദുമായുള്ള മത്സരത്തില്‍ ഗോളി തിബോ കോര്‍ട്ടോയുടെ മികവാണ് റയലിനെ തോല്‍ക്കാതെ രക്ഷിച്ചതെന്നും പറയാം. കഴിഞ്ഞ സീസണിലെ അവസാന പതിനൊന്നു മത്സരങ്ങളില്‍ പത്തും ജയിച്ച ടീമാണ് റയല്‍ മാഡ്രിഡ്. മാഡ്രിഡിന്റെ നിതാന്ത വൈരികളായ ബാഴ്സലോണയിലാകട്ടെ ഇപ്പോഴും ടീം ഘടനയെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചിട്ടില്ല. ഉറുഗ്വെയന്‍ സൂപ്പര്‍ താരം ലൂയി സുവാരസ് ടീം വിടുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഒരു വര്‍ഷം ബാക്കിയുള്ള കരാര്‍ അവസാനിപ്പിച്ച സുവാരസ് അത്ലറ്റിക്കോ മാഡ്രിഡുമായി ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്. 2014ലാണ് ലിവര്‍പൂളില്‍ നിന്ന് സുവാരസ് ബാഴ്സയിലെത്തുന്നത്. ലയണല്‍ മെസ്സിയുടെ വിശ്വസ്തനായ ആക്രമണ പങ്കാളി എന്ന നിലയില്‍ 283 മത്സരങ്ങളില്‍ 198 ഗോളും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close