ഐപിഎല്ലില്‍ വിവാദകാലം

വസന്ത് കുമാര്‍
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു മങ്കാദിങ്. അന്നു കിങ്സ് ഇലവന് പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന ആര്. അശ്വിന് രാജസ്ഥാന് റോയല്‍സിന്റെ ജോസ് ബട്ലറെ പുറത്താക്കിയ രീതിയാണ് ചര്‍ച്ചാവിഷയമായത്. ബൗളര്‍ ഡെലിവറി പൂര്‍ത്തിയാക്കും മുന്‍പേ നോണ്‍ സ്ട്രൈക്കിങ് എന്‍ഡിലെ ബാറ്റ്സ്മാന് ക്രീസ് വിടുകയും ബൗളര്‍ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കുകയും ചെയ്യുന്ന രീതിയാണിത്. പൂര്‍ണമായും ക്രിക്കറ്റ് നിയമങ്ങള്‍ക്കു വിധേയം. പക്ഷേ, ഈ പുറത്താക്കല്‍ ധാര്‍മികമല്ലെന്നാണ് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു വാദം. ഇക്കുറി ഐപിഎല്‍ തുടങ്ങും മുന്‍പു തന്നെ മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിങ് ഇതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ചിരുന്നു. പോണ്ടിങ് പരിശീലിപ്പിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിലാണ് അശ്വിന് ഈ സീസണില്‍ കളിക്കുന്നത്. മങ്കാദിങ് താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നായിരുന്നു പോണ്ടിങ്ങിന്റെ പ്രഖ്യാപനം. അന്ന് അതിനോടു വ്യക്തമായി പ്രതികരിക്കാതെ, പിന്നീട് വിശദീകരിക്കാമെന്ന മട്ടില്‍ ട്വീറ്റ് ചെയ്ത അശ്വിന് ഗ്രൗണ്ടില്‍ തന്നെ വിശദീകരണം നല്‍കിയതോടെയാണ് മങ്കാദിങ് വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. താന്‍ പന്തെറിയും മുന്‍പേ ക്രീസ് വിട്ട ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഓപ്പണര്‍ ആറോണ്‍ ഫിഞ്ചിനെ അശ്വിന് താക്കീത് നല്കി വെറുതേ വിട്ടു. ഈ വര്‍ഷം ഇത് ആദ്യത്തെയും അവസാനത്തെയും താക്കീത് ആയിരിക്കുമെന്നും ഇനി ആരെയങ്കിലും പുറത്താക്കിയാല്‍ തന്നെ കുറ്റപ്പെടുത്തരുതെന്നും മത്സരശേഷം അശ്വിന്റെ ട്വീറ്റും വന്നു. അശ്വിനെ എതിര്‍ത്തും അനുകൂലിച്ചും ക്രിക്കറ്റ് പ്രേമികളും മുന്‍ ക്രിക്കറ്റര്‍മാരും കളം നിറയാന്‍ പിന്നെ വൈകിയില്ല. ബൗളര്‍ ഗൂഗ്ളി എറിയുന്നതിനു മുന്‍പോ, ബാറ്റ്സ്മാന് സിക്സറടിക്കുന്നതിനു മുന്‍പോ മുന്നറിയിപ്പ് നല്‍കാറില്ല, പിന്നെന്തിന് ക്രീസ് വിട്ട ബാറ്റ്സ്മാനെ പുറത്താക്കാതെ മുന്നറിയിപ്പ് നല്‍കണമെന്ന ചോദ്യമാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍ ഉന്നയിച്ചത്. ഐസ്ലന്ഡ് ക്രിക്കറ്റ് ഒരു പടി കൂടി കടന്ന്, മങ്കാദിങ് ശരിയല്ലെങ്കില്‍ വിക്കറ്റ് കീപ്പറുടെ സ്റ്റമ്പിങ്ങും ശരിയല്ലെന്ന പരിഹാസമാണ് ഉന്നയിച്ചത്. കൂടെ എം.എസ്. ധോണി സ്റ്റമ്പ് ചെയ്യുന്ന ഒരു ചിത്രവും നല്കി. ഏതായാലും ക്രിക്കറ്റിന്റെ നിയമ പുസ്തകങ്ങളില്‍ നിന്ന് ഈ രീതിയിലുള്ള പുറത്താക്കല്‍ ഒഴിവാക്കണമെന്ന് ആരും പറയുന്നില്ല. നിയമവിധേയമായി തുടരുകയും ധാര്‍മികമായി എതിര്‍ക്കപ്പെടുകയും ചെയ്യുന്ന കാലത്തോളം മങ്കാദിങ് വിവാദം അവസാനിക്കാനും പോകുന്നില്ല.

ഐപിഎല്ലില്‍ കളിക്കാത്ത രണ്ടു പേര് ഉള്‍പ്പെട്ട മറ്റൊരു വിവാദത്തില്‍ ധോനിയാണ് പരോക്ഷമായി കേന്ദ്ര കഥാപാത്രമായിരിക്കുന്നത്. പ്രായം ചിലര്‍ക്കു വെറും അക്കവും ചിലര്‍ക്കു മാത്രം ടീമിനു പുറത്തേക്കുള്ള വഴിയുമാണെന്ന ഇര്ഫാന് പഠാന്റെ ട്വീറ്റാണ് ഇതിനു തുടക്കം കുറിച്ചത്. ഐപിഎല്ലില്‍ ഫോമില്ലാതെ വിഷമിക്കുന്ന ധോനിയെയാണ് പഠാന് ഉദ്ദേശിച്ചതെന്നായി വ്യാഖ്യാനം. പഠാനോട് ഒരു ശതമാനം യോജിക്കുന്നു എന്നു പറഞ്ഞ് ഹര്ഭജന് സിങ് ഇതു റീട്വീറ്റ് ചെയ്തതോടെ ഈ വ്യാഖ്യാനം ഒന്നുകൂടി ഉറച്ചു. ഐപിഎല്‍ തുടങ്ങും മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്സ് ടീമില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു ഹര്ഭജന്. വിവാദങ്ങള്‍ക്കും വ്യാഖ്യാനങ്ങള്ക്കുമൊന്നും പഠാന് വിശദീകരണം നല്‍കിയില്ല. പകരം, മറ്റൊരു ട്വീറ്റ് പോസ്റ്റ് ചെയ്തു: രണ്ടു വരി വായിച്ചപ്പോള്‍ തല കറങ്ങിയെങ്കില്‍ പുസ്തകം മുഴുവന്‍ വായിച്ചാല്‍ ബോധം കെട്ടു പോകുമല്ലോ എന്ന്. ധോനിക്കു മാത്രമല്ല, വെറ്ററന്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്കൊന്നും ഇപ്പോള്‍ അത്ര നല്ല സമയമല്ല ഐപിഎല്ലില്‍. കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ നയിക്കുന്ന ദിനേശ് കാര്‍ത്തിക് ബാറ്റിങ്ങിന്റെ പേരും ക്യാപ്റ്റന്‍സിയുടെ പേരിലും ഏറെ പഴി കേട്ടു. ഇവരുടെ സമകാലികനായ പാര്‍ഥിവ് പട്ടേല്‍ ആകട്ടെ, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ഫസ്റ്റ് ഇലവനില്‍ പോലും ഇടം കിട്ടാതെ നില്ക്കുന്നു. ദേവദത്ത് പടിക്കലിന്റെ മിന്നുന്ന ഫോമാണ് ഓപ്പണറായിരുന്ന പാര്‍ഥിവിനെ പുറത്തുനിര്‍ത്തിയിരിക്കുന്നത്. പവര്‍ പ്ലേ ഓവറുകള്‍ക്കു പുറത്ത് മികച്ച പ്രകടനങ്ങള്‍ പാര്‍ഥിവിന് ഐപിഎല്ലില്‍ അവകാശപ്പെടാനുമില്ല. പിന്നെയൊരു വെറ്ററന്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹയാണ്. ബാറ്റിങ്ങിനു വേഗം പോരെന്ന കണ്ടെത്തല്‍ കാരണം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ടീമില്‍ സാഹയ്ക്കും ഇടം ഉറപ്പിക്കാന്‍ സാധിക്കുന്നില്ല. അതേസമയം, വിദേശ കീപ്പര്‍മാരായ എ.ബി. ഡിവില്ലിയേഴ്സ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ലര്, ക്വിന്റണ്‍ ഡികോക്ക് തുടങ്ങിയവര്‍ പീക്ക് ഫോമിലേക്ക് ഉയരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട് തന്നെ ഉയരുന്ന മറ്റൊരു വാദ പ്രതിവാദം രാജസ്ഥാന് റോയല്‍സിന്റെ കേരള താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ടുള്ളതാണ്. ആദ്യ രണ്ടു മത്സരങ്ങളിലെ സ്കിസര്‍ മഴകളിലൂടെ ധോണിയുടെ പിന്‍ഗാമി എന്നു വരെ വാഴ്ത്തപ്പെട്ട സഞ്ജു അടുത്ത മൂന്നു മത്സരങ്ങളില്‍ ഒറ്റയക്കത്തില്‍ പുറത്തായതോടെയാണ് ചര്‍ച്ചകളുടെ വഴി തിരിഞ്ഞത്. പുള്‍ ഷോട്ടുകള്‍ കളിക്കാനുള്ള സാങ്കേതിക മികവില്ലായ്മ മുതല്‍ അമിതമായ ആക്രമണോത്സുകത വരെ സഞ്ജുവില്‍ ആരോപിക്കപ്പെട്ടു. ഷോര്‍ട്ട് പിച്ച് പന്തുകളില്‍ സഞ്ജു പുറത്തായ രീതികളാണ് ബാറ്റിങ് ടെക്നിക് വിമര്‍ശന വിധേയമാകാന്‍ കാരണം. ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെതിരേ നിരന്തരം നിഷ്പ്രഭനാകുന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എന്ന നിലയില്‍ സഞ്ജു തന്റെ ബാറ്റിലൂടെ ഉന്നയിക്കുന്ന അവകാശവാദം ഋഷഭ് പന്തിനെയും ഇഷാന് കിഷനെയും പിന്തുണയ്ക്കുന്നവരെ സ്വാഭാവികമായും അലോസരപ്പെടുത്തും. ഋഷഭ് പതിവിലേറെ പക്വമായ ഇന്നിങ്സുകളിലൂടെ സ്ഥിരത പ്രകടിപ്പിക്കുമ്പോള്‍, വന്യമായ കരുത്തും വിജയതൃഷ്ണയുമായാണ് ഇഷാന് മികവ് കാണിക്കുന്നത്. റണ്‍വേട്ടക്കാരുടെ മുന്‍നിരയിലുള്ള കെ.എല്‍. രാഹുലും പഞ്ചാബിനു വേണ്ടി കീപ്പിങ് ഗ്ലൗസ് അണിയുന്നു. മത്സരം ശക്തമായ സാഹചര്യത്തില്‍ സ്ഥിരത പുലര്‍ത്താതെ സഞ്ജുവിന് വിമര്‍ശനങ്ങളെ മറികടക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. 37 റണ്‍സില്‍ നില്ക്കുന്ന സഞ്ജുവിന്റെ ഫസ്റ്റ് ക്ലാസ് ബാറ്റിങ് ശരാശരിയാണ് സഞ്ജ് മഞ്ജ്രേക്കര് ഉയര്‍ത്തിക്കാട്ടിയ ഒരു പ്രധാന പോരായ്മ. ഈ സ്ഥാനത്ത് മായങ്ക് അഗര്‍വാളിന്റെ ശരാശരി അമ്പതിനു മുകളിലും ശുഭ്മാന്‍ ഗില്ലിന്റേത് എഴുപതിനു മുകളിലുമാണെന്ന് ഓര്‍ക്കണം. ഷാര്ജയിലേതു പോലുള്ള ചെറിയ ഗ്രൗണ്ടുകളില്‍ മാത്രമേ സഞ്ജുവിനു തിളങ്ങാനാകൂ എന്നും, ദുബായിലെയും അബുദാബിയിലെയും പോലുള്ള വലിയ ഗ്രൗണ്ടുകളില്‍ ബൗണ്ടറി ക്ലിയര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുമെന്നുമുള്ള വിമര്‍ശനങ്ങള്‍ ആരാധകരല്ല, സഞ്ജു തന്നെയാണ് ബാറ്റിലെ സ്ഥിരത കൊണ്ട് ഖണ്ഡിക്കേണ്ടത്. ക്രിക്കറ്റില്‍ മാത്രമല്ല, അന്താരാഷ്ട്ര ഫുട്ബോളിലും യുവ പ്രതിഭകളുടെ ഉദയകാലമാണ്. അതില്‍ മുന്നില്‍ ഇപ്പോള്‍ ബാഴ്സലോണയുടെ കൗമാര താരം അന്‍സു ഫാറ്റി തന്നെ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോളടിച്ച ഫാറ്റിയുടെ മികവില്‍ ബാഴ്സ രണ്ടാമത്തെ തുടര്‍ വിജയവും സ്വന്തമാക്കി. സെല്‍റ്റ വിഗോയെ എതിരില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയ മത്സരം ബാഴ്സ പൂര്‍ത്തിയാക്കിയത് പത്തു പേരുമായി. അത്ലറ്റിക്കോ മാഡ്രിഡിലേക്കു മാറിയ ലൂയി സുവാരസിന്റെ റോളാണ് ഫാറ്റി അനായാസം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, സ്പാനിഷ് ലീഗിലെ തൊട്ടടുത്ത മത്സരത്തില്‍ ബാഴ്സ കഷ്ടിച്ച് പരാജയത്തില്‍ നിന്നു രക്ഷപെടുകയും ചെയ്തു. സെവിയ്യയുമായുള്ള മത്സരം 1-1 സമനിലയില്‍ അവസാനിച്ചപ്പോള്‍ രക്ഷകനായത് ടീമില്‍ തിരിച്ചെത്തിയ ബ്രസീലിയന്‍ താരം ഫിലിപ്പെ കുടീഞ്ഞോ. ലയണല്‍ മെസിയുടെ പാസില്‍ നിന്നായിരുന്നു കുടീഞ്ഞോയുടെ ഗോള്‍. കേളീ തന്ത്രങ്ങളില്‍ മാത്രമല്ല കച്ചവട തന്ത്രങ്ങളിലും യൂറോപ്യന്‍ ടീമുകള്‍ മത്സരിച്ച ദിവസങ്ങളാണ് കടന്നു പോയത്. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിനോടനുബന്ധിച്ച് താരങ്ങളെ കൈമാറാനും സ്വന്തമാക്കാനും കടുത്ത മത്സരങ്ങള്‍ തന്നെ നടന്നു. സ്പെയ്നിലെ അത്ലിറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഘാനയുടെ മിഡ്ഫീല്‍ഡര്‍ തോമസ് പാര്‍ട്ടിയെ ആഴ്സനല്‍ സ്വന്തമാക്കിയത് നാലരക്കോടി പൗണ്ട് നല്‍കിയാണ്. അതായത് 432 കോടി രൂപ! ഉറുഗ്വെയുടെ വെറ്ററന്‍ സൂപ്പര്‍താരം എഡിന്‍സണ്‍ കവാനിയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും സ്വന്തമാക്കി. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീയായിരുന്നു കവാനി. ഒരു വര്‍ഷത്തേക്കാണ് യുനൈറ്റഡ് കരാര്‍ നല്‍കിയിരിക്കുന്നത്. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ മാസം പതിനാറ് വരെ കളിക്കാരുടെ കൈമാറ്റം അനുവദിച്ചിട്ടുണ്ട്. 2113 കോടി രൂപ മുടക്കിയ ചെല്‍സിയാണ് ഇക്കുറി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവും കൂടുതല്‍ പണം വീശിയെറിഞ്ഞത്. മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്സലോണയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.