ഐഫോൺ വാങ്ങാനാളില്ലെങ്കിലും ആപ്പിളിന് റെക്കോർഡ് വരുമാനം

2019ൽ ആപ്പിളിന് ശുഭകരമായ വര്‍ഷാവസാനമാണ് കിട്ടിയിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടിയിലെ ഏറ്റവും നല്ല പ്രകടനമാണ് ആപ്പിള്‍ കമ്പനി വിറ്റുവരവിലൂടെ 2019ല്‍ നേടിയിരിക്കുന്നത്. ഈ വാര്‍ത്ത വന്നതോടെ കമ്പനിയുടെ ഓഹരികള്‍ 1.6 ശതമാനം ഉയരുകയും ചെയ്തു. ഡിസംബര്‍ ആദ്യം മുതല്‍ 7 ശതമാനാണ് ആപ്പിളിന്റെ ഓഹരി വില ഉയര്‍ന്നത്. സ്ട്രീമിങ് വിഡിയോയുടെയും ഗെയ്മിങ്ങിന്റയും വെയറബിൾസിന്റെയും ബലത്തിലാണ് കമ്പനി മികച്ച പ്രകടനം നടത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. എന്നാൽ ഐഫോണുകളെ വിപണി വേണ്ടത്ര സ്വീകരിച്ചിട്ടില്ല. ചൈന ഉൾപ്പടെയുള്ള മിക്ക രാജ്യങ്ങളിലും ഐഫോൺ വിൽപ്പന താഴോട്ടാണ്.
ഐഫോണ്‍ 11 പ്രോ മോഡലുകളില്‍ കണ്ട ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം 2020 മാര്‍ച്ചില്‍ ഇറക്കാന്‍ പോകുന്ന ഐപാഡ് പ്രോ മോഡലുകളിലേക്ക് പറിച്ചു നട്ടേക്കുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. 2018ല്‍ പുറത്തിറക്കിയ 12.9-ഇഞ്ച്, 11-ഇഞ്ച് മോഡലുകളുടെ രീതി തന്നെയായിരിക്കാംഅനുവര്ത്തിക്കുക. എല്‍സിഡി സ്ക്രീന്‍ തന്നെയായിരിക്കാം ഉപയോഗിക്കുക. എ13 എക്സ് ബയോണിക് പ്രോസസറും 4ജിബി റാമുമായിരിക്കും പ്രധാന ഹാര്ഡ്വെയര് കരുത്ത്. എന്നാല്‍, അടുത്ത വര്‍ഷം എപ്പോഴെങ്കിലും മിനി-എല്‍ഇഡി പാനലുള്ള ഒരു ഐപാഡ് പ്രോ മോഡലും കമ്പനി ഇറക്കിയേക്കുമെന്ന് പറയുന്നു.

ആപ്പിളിന്റെ ഐഫോണുകള്ക്കടക്കം സ്ക്രീന്‍ നിര്‍മിച്ചു നല്‍കിയിരുന്ന ‘ജപ്പാന് ഡിസ്പ്ലേ’ കടത്തിലാണ്. ഇതിനാല്‍ കമ്പനി തന്നെ ആപ്പിളിനും ഷാര്പിനുമായി 820 ദശലക്ഷം ഡോളറിന് വില്‍ക്കാനുള്ള ശ്രമത്തിലാണ് ജപ്പാന് ഡിസ്പ്ലേ എന്ന് നിക്കെയ് ബിസിനസ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഇടപാട് തങ്ങള്‍ ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് ഷാര്‍പ് പ്രതികരിച്ചത്. എന്നാല്‍ ആപ്പിള്‍ ഇതേപ്പറ്റി ഒന്നും പറഞ്ഞില്ല.