Breaking NewsINDIANEWSTop News

ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതോടെ ബിജെപിക്ക് വൻ തിരിച്ചടി; ലക്ഷദ്വീപിൽ പാർട്ടി വിട്ടത് 12 നേതാക്കൾ; അമിത് ഷായെ കണ്ടിട്ടും ദ്വീപിലെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെന്നും പരാതി; നേതാക്കളുടെ വെളിപ്പെടുത്തലുകളും ബിജെപിക്ക് തലവേദനയാകും

കൊച്ചി: ലക്ഷദ്വീപ് ബീജെപിയിൽ കൂട്ടരാജി. സംവിധായിക ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹമീദ് ഉൾപ്പെടെ 12 നേതാക്കൾ രാജിവെച്ചത്. പാർട്ടിവിട്ട എല്ലാവരും ഐഷ താമസിക്കുന്ന ചെത്ത്‌ലത്ത് ദ്വീപ് നിവാസികളാണ്. ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അബ്ദുല്‍ ഹമീദ്. നിലവിലെ വൈസ് പ്രസിഡന്റ് ഉമ്മുകുല്‍സു, ഖാദി ബോര്‍ഡ് അംഗം കൂടിയായ സൈഫുല്ല ഹാജി ജാബിര്‍ സാലിഹത്ത്, അബ്ദുള്‍ സമദ്, അന്‍ഷാദ്, അബ്ദുഷുക്കൂര്‍, നൗഷാദ്, ചെറിയകോയ, ബാത്തിഷാ, മുഹമ്മദ് യാസീന്‍ ആര്‍.എം., മുനീര്‍ മൈദാന്‍ തുടങ്ങിയവരാണ് രാജിക്കത്ത് നല്‍കിയത്.

ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്. നേരത്തെയും ലക്ഷദ്വീപ് ബി.ജെ.പിയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌ക്കാരങ്ങളില്‍ പ്രതിഷേധിച്ച് കൂട്ടരാജി ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസമാണ് ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

ഐഷയ്‌ക്കെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ കവരത്തി പോലീസിന് പരാതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് രാജിക്കത്തില്‍ പറയുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ക്കെതിരെയാണ് ഐഷ സുല്‍ത്താന പ്രതിഷേധിച്ചത്. അതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാവില്ല. അമിത് ഷായെ ബിജെപി പ്രവര്‍ത്തകര്‍ കണ്ടുവെങ്കിലും ദ്വീപിലെ സ്ഥിതിഗതികള്‍ക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്നും രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആന്ത്രോത്ത് ദ്വീപില്‍നിന്ന് രണ്ടുപേരും അഗത്തിലില്‍നിന്ന് ഒരാളും രാജിവച്ചിട്ടുണ്ട്.

തന്റെ ശബ്ദം ഇനിയാണ് ഉയരാൻ പോകുന്നതെന്ന് കേസെടുത്തതിന് പിന്നാലെ ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു. “തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല ഞാന്‍ നാടിന് വേണ്ടി ശബ്ദം ഉയര്‍ത്തിയത്, എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോകുന്നത്”. ഐഷ ഫെയ്സ്ബുക്കിൽ കുറിച്ചു. “എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം. പക്ഷെ സത്യമേ ജയിക്കൂ. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ് സ്വദേശിയാണ്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റിക്കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കും. നാളെ ഒറ്റപ്പെടാൻ പോകുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുകാര്‍ ആയിരിക്കും,” ഐഷ കുറിച്ചു. “നാട്ടുകാരോടായി പറയുന്നു, കടൽ നിങ്ങളെയും നിങ്ങൾ കടലിനെയും സംരക്ഷിക്കുന്നവരാണ്.ഒറ്റുകാരിൽ ഉള്ളതും നമ്മളിൽ ഇല്ലാത്തതും ഒന്നാണ്, ഭയം,” ഐഷ കൂട്ടിച്ചേര്‍ത്തു.

‘ഒരു വര്‍ഷത്തോളമായി പൂജ്യം കൊവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫൂല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്. ഹോസ്പിറ്റല്‍ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്ടര്‍ പ്രഫൂല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പന്‍ ആയി കമ്പൈര്‍ ചെയ്തു. അല്ലാതെ രാജ്യത്തെയോ ഗവണ്‍മെന്റ്നെയോ അല്ലാ’. എന്നും ഐഷ പറഞ്ഞു.

ബയോ വെപ്പണ്‍ പ്രയോഗത്തില്‍ ഐഷ സുല്‍ത്താനക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണം ഗൂഢാലോചനയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. . വിഷയത്തില്‍ ലക്ഷദ്വീപിലെ ബിജെപി നേതാക്കളും എപി അബ്ദുള്ളക്കുട്ടിയും നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. അള്ളാഹു നല്‍കിയ അവസരമാണിതെന്നും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നുമാണ് ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ അബ്ദുള്ളക്കുട്ടിയോട് പറയുന്നത്. ഇതിന് അനുകൂലമായ മറുപടിയാണ് അബ്ദുള്ളക്കുട്ടി നല്‍കുന്നത്. ദ്വീപിലെ നേതാക്കളോട് പ്രതിഷേധങ്ങള്‍ക്ക് ദിവസവും സമയം നിശ്ചയിക്കൂ. കൂടുതല്‍ വീഡിയോകള്‍ ലഭിച്ചാല്‍ അയക്കണമെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ മറുപടി സന്ദേശം.

ദ്വീപിലെ നേതാക്കള്‍ പറഞ്ഞത്: ”അള്ളാഹു നമുക്ക് തന്നെ സന്ദര്‍ഭമാണിത്. ലക്ഷദ്വീപിന്റെ തനത് സംസ്‌കാരം എന്നൊക്കെ പറഞ്ഞാണ് നമ്മുടെ മേല്‍ കുതിര കയറുന്നത്. എന്താണ് സംസ്‌കാരമെന്നും ആരാണ് അയിഷ സുല്‍ത്താന എന്നും തെളിയിച്ചു കൊടുക്കണം. അതുകൊണ്ട് വിഷയം നമ്മള്‍ വേണ്ട ഗൗരവത്തില്‍ തന്നെ എടുക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. വീടുകളില്‍ പ്ല കാര്‍ഡും പിടിച്ച് പ്രതിഷേധിക്കണമെന്നാണ് എന്റെയൊരു അഭിപ്രായം. പാര്‍ട്ടി നിലപാട് എന്താണ്. പെട്ടെന്ന് അറിയിക്കണം.”

അബ്ദുള്ളക്കുട്ടിയുടെ മറുപടി: ”നേതാക്കള്‍ ആലോചിച്ച് ഒരു ദിവസം നിശ്ചയിക്കൂ. നാളെ തന്നെ ആയിക്കോട്ടെ. സമയം, നിങ്ങള്‍ നിശ്ചിക്കൂ. വീഡിയോകള്‍ കൂടുതല്‍ കിട്ടുമോന്ന് നോക്കണം. നല്ല വാര്‍ത്താ പ്രാധാന്യം കിട്ടും.”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close