തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഡി ജി പിയ്ക്ക് പരാതി നല്‍കി. വിവാദ ഇടപാടിലെ ഐ ഫോണില്‍ തന്റെ സിംകാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സാങ്കേതികമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
സ്വന്തം ഫോണ്‍ നമ്ബര്‍ സഹിതമാണ് വിനോദിനി ബാലകൃഷ്ണന്‍ പരാതി നല്‍കിയിരിക്കുന്നത്. തന്റെ പേരില്‍ ഒരു സിം മാത്രമേയുള്ളൂ എന്നും, ആ നമ്ബറാണോ ഐ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഉപയോഗിക്കുന്ന ഫോണ്‍ പണം കൊടുത്തു വാങ്ങിയതാണെന്നും, ഇതിന്റെ ബില്ലും കൈവശമുണ്ടെന്നും, വാര്‍ത്തകളില്‍ പറയുന്ന കോഡിലുള്ള ഫോണ്‍ വീട്ടില്‍ ആരുടേയും കൈവശമില്ലെന്നും വിനോദിനി വ്യക്തമാക്കുന്നു. മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത തന്റെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.
കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാന്‍ ഒരുക്കമാണെന്നും, നോട്ടീസ് ലഭിക്കാത്തതിനാലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതെന്നും വിനോദിനി പറയുന്നു. തുടരന്വേഷണത്തിനായി പരാതി സൈബര്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണക്കരാര്‍ ലഭിച്ചതിന്റെ പ്രത്യുപകാരമായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ചു ഐഫോണുകളിലൊന്നില്‍ വിനോദിനിയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ചിരുന്നെന്നായിരുന്നു അന്വേഷണ സംഘം ആരോപിച്ചത്.