
തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ ഫോണ്‍ താന്‍ വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞു. അവമതിപ്പുണ്ടാക്കിയ പ്രസ്താവന നടത്തിയ കോടിയേരി മാപ്പു പറയണം. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോടു പറഞ്ഞു.സംസ്ഥാനത്ത് കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്നും രോഗികളുടെ എണ്ണം കൂടുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സമരം മൂലമാണ് കോവിഡ് വ്യാപിച്ചതെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു. സമരം നിര്‍ത്തിവച്ചിട്ടും രോഗവ്യാപനം വര്‍ധിക്കുകയാണ്. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.ഉദ്ഘാടന മഹാമഹവും പുരസ്കാരം വാങ്ങലും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇപ്പോഴുള്ളത് ശാസ്ത്രീയമായി അഴിമതി നടത്തുന്ന സര്‍ക്കാരാണെന്നും ചെന്നിത്തല പരിഹസിച്ചു. വെഞ്ഞാറമൂട് കൊലപാതകം രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണെന്നും കുറ്റവാളികള്‍ ആരായാലും അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.